കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തനിക്കെതിരായ കന്യാസ്ത്രീയുടെ ആരോപണങ്ങൾ നിഷേധിച്ചു. ഇന്നലെ രാത്രി എട്ട് മണി മുതൽ പുലർച്ചെ അഞ്ച് മണിവരെ ബിഷപ്പിനെ വൈക്കം ഡിവൈ.എസ്.പി കെ. സുബാഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു.
പീഡനം നടന്നെന്ന് പറയുന്ന ദിവസം താൻ കോട്ടയം കുറുവിലങ്ങാട്ടെ മഠത്തിൽ എത്തിയിട്ടില്ലെന്ന് ബിഷപ്പ് മൊഴി നൽകി. ഏത് അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയനാകാനും താൻ തയ്യറാണെന്നും ബിഷപ്പ് അന്വേഷണ സംഘത്തോട് പറഞ്ഞു.
അതേസമയം, ബിഷപ്പിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്. ബിഷപ്പിനെതിരായ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തെളിവ് ശേഖരണം പൂർത്തിയായാൽ മാത്രമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ. ബിഷപ്പ് അന്വേഷണത്തോട് സഹകരിച്ചെന്നും ഡിവൈ.എസ്.പി സുഭാഷ് പറഞ്ഞു. ആവശ്യമെങ്കിൽ വീണ്ടും ബിഷപ്പിനെ ചോദ്യം ചെയ്യും.
ബിഷപ്പിന്റെ മൊബൈൽ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഫോറൻസിക് പരിശോധന നടത്തും. ജലന്ധറിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ ശേഷമായിരിക്കു ഫോറൻസിക് പരിശോധന. ഇന്നോ നാളെയോ അന്വേഷണ സംഘം മടങ്ങുമെന്നാണ് അറിയുന്നത്.
ഇന്നലെ വൈകിട്ട് മൂന്നിന് പൊലീസ് എത്തിയതും ചണ്ഡിഗഡിലേക്ക് പോയ ബിഷപ്പ് രാത്രി ഏഴിനാണ് തിരിച്ചെത്തിയത്. പൊലീസ് സംഘം അത്രയും നേരം ബിഷപ്പ് ഹൗസിൽ കാത്തിരിക്കുകയായിരുന്നു. ബിഷപ്പിനെ ചോദ്യംചെയ്യാതെ തിരിച്ചുപോകില്ലെന്ന് കേരള സംഘം നിലപാടെടുത്തപ്പോൾ പഞ്ചാബ് പൊലീസ് കൂട്ടിക്കൊണ്ടു വരികയായിരുന്നു.
