മുപ്പത്തഞ്ചുവര്‍ഷം ഒറ്റ ലക്കം പോലും മുടങ്ങാതെയിറങ്ങിയ യുക്തിവിചാരം മാസികയുടെ പത്രാധിപരാണ് എ.വി. ജോസ്.ദൈവവും പിശാചും സ്വര്‍ഗവും നരകവും ആത്മാവും പുനര്‍ജന്മവും ജാതിയും മതവും മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്ന കാലത്തോളം യുക്തിചിന്തയ്ക്ക് പഴക്കംതട്ടില്ലെന്ന് ഉറച്ചുവിശ്വസിച്ച ജോസേട്ടനുമായി 2016 ൽ ഡോ.സി.വിശ്വനാഥൻ നടത്തിയ അഭിമുഖം.
‘യുക്തിവിചാര’ത്തിന്റെ അവസാനലക്കം 2012 ഡിസംബറില്‍ ആയിരുന്നു പുറത്തിറങ്ങിയത്. ആരോഗ്യം അനുവദിച്ചാല്‍ ‘യുക്തിവിചാര’ത്തിന്റെ പഴയ ലക്കങ്ങള്‍ കൊണ്ടുനടന്ന് വില്‍ക്കണമെന്ന ആഗ്രഹമേ ഇനിയുള്ളൂ എന്നുപറഞ്ഞ അദ്ദേഹം 2016 ൽ നമ്മെ വിട്ടുപിരിഞ്ഞു
ദിനംപ്രതി പുതിയ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്ന ഇക്കാലത്ത് നിസ്സാരകാരണത്താല്‍ തന്റെ മാസികയ്ക്ക് ഒരവസാനം നല്‍കേണ്ടിവന്ന പത്രാധിപര്‍. നാലായിരം രൂപയുടെ നഷ്ടംസഹിച്ച് 2012 ഡിസംബറില്‍ യുക്തിവിചാരത്തിന്റെ അവസാന ലക്കവും വായനക്കാരിലെത്തിക്കാന്‍ കഴിഞ്ഞെന്ന ആശ്വാസവും അന്ധവിശ്വാസങ്ങളെക്കുറിച് ജനങ്ങളെ ബോധവത്കരിക്കാന്‍ കഴിഞ്ഞെന്ന കൃതാര്‍ത്ഥതയും മാത്രം സമ്പാദ്യമായുള്ള പത്രാധിപര്‍. ”അറിവ് പകരുന്നവര്‍ക്ക് ദയവായി തടസ്സം നില്‍ക്കരുത് ” എന്നത് അദ്ദേഹത്തിന് സര്‍ക്കാരിനോടുള്ള ഏക അപേക്ഷയായിരുന്നു.ന്യൂസ് പേപ്പര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് മാസികയുടെ പ്രസിദ്ധീകരണം അവസാനിപ്പിക്കേണ്ടിവന്നത്.
പവനന്‍, കോവൂര്‍, എം. പ്രഭ, എം.സി. ജോസഫ്, എം.കെ. കൃഷ്ണന്‍, ഇടമറുക് ജോണ്‍, പി.കെ.എ. റഹീം, ലീലാ മേനോന്‍ തുടങ്ങിയവര്‍ മുതല്‍ എം.ജി.എസ്. വരെയുള്ളവര്‍ സൗജന്യമായി ലേഖനങ്ങള്‍ എഴുതി നല്‍കിയ മാസികയാണ് യുക്തിവിചാരം. വി.ടി. ഭട്ടതിരിപ്പാട്, ഫാ. വടക്കന്‍, സി. അച്യുതമേനോന്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള തുടങ്ങിയവരായിരുന്നു മാര്‍ഗദര്‍ശികള്‍. മാസം 6000 രൂപയിലേറെ ചെലവും 2000 രൂപയോളം നഷ്ടവും വരും. പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന ജോസ് പിന്നീട് റൈസ് മില്ല് നടത്തിയാണ് ഇതിനായി പണം കണ്ടെത്തിയത്.
തൃശ്ശൂര്‍ സി.എം.എസ്. സ്‌കൂളില്‍ കേരള യുക്തിവാദി സംഘം 1977 ജനവരി 30ന് യുക്തിവാദി ആചാര്യന്‍ എം.സി. ജോസഫ് പവനന് ആദ്യപ്രതി നല്‍കിയാണ് മാസിക പ്രകാശനം ചെയ്തത്. യുക്തിവാദികളില്‍ നിന്നു പോലും പൂര്‍ണ്ണമായ അര്‍ത്ഥത്തിലുള്ള സഹകരണം യുക്തിവിചാരത്തിന് തുടക്കത്തില്‍ ഉണ്ടായില്ല.
മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകനായ ആര്‍. കൃഷ്ണന്‍കുട്ടി നായരായിരുന്നു ആദ്യ പത്രാധിപര്‍. എ.വി. ജോസ് പ്രിന്ററും പബ്ലിഷറും. മുപ്പത്തഞ്ചുവര്‍ഷവും ജോസ് ആ സ്ഥാനത്ത് തുടര്‍ന്നു. കുറ്റിപ്പുഴ ചന്ദ്രന്‍, ഡോ. പി.കെ. സുകുമാരന്‍ എന്നിവര്‍ക്കുശേഷം പത്രാധിപര്‍ സ്ഥാനവും ജോസ് വഹിച്ചുതുടങ്ങി. പത്രാധിപന്മാര്‍ക്കും എഴുത്തുകാര്‍ക്കും പ്രതിഫലം നല്‍കാത്ത, പ്രതിഫലം പ്രതീക്ഷിക്കാത്ത എഴുത്തുകാര്‍ മാത്രമുള്ള പ്രസിദ്ധീകരണമായിരുന്നു ഇത്. ജോസിന്റെ തളര്‍ച്ച ബാധിക്കാത്ത ആദര്‍ശനിഷ്ഠയും പ്രതിബദ്ധതയുമില്ലായിരുന്നെങ്കില്‍ ഈ പ്രസിദ്ധീകരണം പല പ്രതിസന്ധിഘട്ടങ്ങളും അതിജീവിക്കുമായിരുന്നില്ല. സ്വന്തം സമയവും ചിന്തയും ആരോഗ്യവും അദ്ദേഹം പൂര്‍ണമായും മാസികയ്ക്കായി സമര്‍പ്പിക്കുകയായിരുന്നു.

കല്‍ക്കത്ത കേന്ദ്രമാക്കിയുള്ള ഭാരതീയ വിജ്ഞാന്‍ യുക്തിവാദിസമിതിയുടെ 1992ലെ മികച്ച യുക്തിവാദ പ്രസിദ്ധീകരണത്തിനുള്ള അവാര്‍ഡ് യുക്തിവിചാരത്തിന് ലഭിച്ചു. ചലച്ചിത്രസംവിധായകന്‍ മൃണാള്‍സെന്നില്‍ നിന്നാണ് ജോസ് അവാര്‍ഡ് സ്വീകരിച്ചത്. 1996ലെ വി.ടി. ജന്‍മശതാബ്ദി പുരസ്‌കാരം ഇ.എം.എസ്., എം.ആര്‍.ബി., പ്രേംജി, പി. നേത്രന്‍ ഭട്ടതിരിപ്പാട് , ഐ.സി.പി. നമ്പൂതിരി എന്നിവര്‍ക്കൊപ്പമാണ് ജോസ് ഏറ്റുവാങ്ങിയത്. എം.ബി.കെ. സ്മാരക ഫൗണ്ടേഷന്‍ പ്രഥമ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായി. 2011ല്‍ തൃശ്ശൂരിലെ വായനക്കാരുടെ കൂട്ടായ്മ നല്‍കിയ മികച്ച പ്രസിദ്ധീകരണത്തിനുള്ള പുരസ്‌കാരവും യുക്തിവിചാരത്തിനായിരുന്നു.
2005ന് ശേഷം വന്ന ചട്ടങ്ങളും നിയമങ്ങളുമാണ് തപാല്‍വകുപ്പിന്റെ ആനുകൂല്യത്തിന് തടസ്സമായത്. അങ്ങനെ പ്രതിസന്ധിയിലെത്തിയതോടെ 2011 നവംബറില്‍ മാസിക നിര്‍ത്തേണ്ടി വരുമെന്ന സൂചന അദ്ദേഹം വായനക്കാര്‍ക്ക് നല്‍കി. ആര്‍.എന്‍.ഐയുടെ ടൈറ്റില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി പുതിയ അപേക്ഷ നല്‍കി കാത്തിരുന്നു. സഹികെട്ട് ഒരാഴ്ച തുടര്‍ച്ചയായി ഡല്‍ഹിയിലെ പ്രസ് രജിസ്ട്രാര്‍ ഓഫീസിലേക്ക് കാര്‍ഡെഴുതി അയച്ചു. മറുപടി എത്തിയില്ല.
ഒടുവില്‍ ജീവിതാധ്വാനഫലമായ മാസികയ്ക്ക് പൂര്‍ണവിരാമമിടുകയല്ലാതെ നിവൃത്തിയില്ലാതായി. യുക്തിവിചാരം ഏറ്റെടുത്ത് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ടൈറ്റിലില്‍ പ്രസിദ്ധീകരണം തുടങ്ങുന്നതാകും നല്ലതെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഇതിന്റെ ചുമതല മറ്റാരെയും ഏല്‍പ്പിക്കാനും അദ്ദേഹം തുനിയുന്നില്ല.
യുക്തിവിചാരത്തിന്റെ ചരിത്രം മുഴുവന്‍ പറയുന്ന അവസാനലക്കത്തില്‍ മാസികയുമായി ബന്ധമുള്ള ഓരോരുത്തരെയും പേരെടുത്ത് ഓര്‍മിക്കുന്നുണ്ട് ജോസേട്ടൻ . ഓഫീസില്‍ അവശേഷിക്കുന്ന പഴയ ലക്കങ്ങള്‍ വേണ്ടവര്‍ ആവശ്യപ്പെട്ടാല്‍ ലഭ്യമായവ അയച്ചുകൊടുക്കാമെന്നും കുറിച്ചിരുന്നു.ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ജോസേട്ടൻറെ ജീവിതം സാമൂഹ്യ പ്രതിബദ്ധതയുള്ള ഓരോ മാധ്യമപ്രവർത്തകർക്കും ഒപ്പം ഞാനാണ് യുക്തിവാദം കേരളത്തിലുണ്ടാക്കിയതെന്നും ബാക്കിയുള്ളവരെല്ലാം ചെന്നായ നീതിക്കാരാണെന്നും വാദിക്കുന്നവർക്കും ഒരു മാതൃകയാണ്.