തൻറെ നെഞ്ചിൽകയറി നിന്ന് പൊക്കം കൂട്ടുന്നവർക്ക് മുന്നിൽ രാവണമാസാചരണത്തിന്റെ ഇരുപതാം വാർഷികവും തൻറെ വീടിനുമുന്നിൽ എൻ എസ് എസ് വനിതാ സംഘം ദൈവത്തെ സംരക്ഷിക്കാൻ നടത്തിയ കിടപ്പ് സമരത്തിൻറെ വാർഷികാഘോഷണങ്ങളും നടന്നു വരുന്നതിനിടയിൽ കുരുപൊട്ടിയ രാമൻറെ മക്കൾ സോഷ്യൽ മീഡിയയിൽ കൊലവെറിയും പൂരപ്പാട്ടുമായി രംഗത്ത്.
ആറ്റുകാൽ പൊങ്കാലക്കും ചക്കുകുളത്ത് കാവിലെ പൊങ്കാലക്കുമെതിരെ പരാതി നൽകിയ ആലപ്പുഴയിലെ ചെന്നായ നീതിക്കാരിൽ ഒരാളായ ആദ്യകാല യുക്തിവാദിയും റിട്ടയേർഡ് അദ്ധ്യാപകനുമായ ആർട്ടിസ്റ്റ് സുമനനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും സവർണ്ണ ക്ഷേത്രങ്ങളിലെ കാര്യം മിണ്ടാതെ ആലപ്പുഴയിലെ പിന്നോക്ക ജനവിഭാഗത്തിൻറെ ഒരു അരാധനാലയത്തിന്റെ പേരും പറഞ്ഞാണ് സൈബർ ആക്രമണം. സാർ ഈ അടുത്തകാലത്തൊന്നും ഈ ക്ഷേത്രത്തിനെതിരെ പോസ്റ്റ് ഇട്ടിട്ടുമില്ല സാറിൻറെ ഫെയ്സ് ബുക്ക് അക്കൗണ്ട് നേരത്തേ മാസ് റിപ്പോർട്ടിങ്ങിനെ തുടർന്ന് പൂട്ടിയിരുന്നു. അദ്ദേഹം പണ്ടെപ്പോഴോ ഇട്ട ഒരു പോസ്റ്റിൻറെ സ്ക്രീൻ ഷോട്ട് സഹിതമാണ് സൈബർ ക്വട്ടേഷൻ.
ആലപ്പുഴ ജില്ലയിൽ കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ചിക്കര ഇരുത്ത് ചടങ്ങിന് എതിരെ പോസ്റ്റ് ഇട്ടെന്നാണ് ഇപ്പോൾ കുത്തിപ്പൊക്കുന്ന ആരോപണം. SNDP യോഗത്തിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഈ ക്ഷേത്രത്തിന്റെ ദേവസ്വം പ്രസിഡന്റ്.
രാവണ മാസാചരണവും ശൂദ്രേച്ചി പെണ്ണുങ്ങൾ സാറിൻറെ വീടിന് മുന്നിൽ ദൈവത്തെ രക്ഷിച്ചെടുക്കാൻ നടത്തിയ സത്യാഗ്രഹ സമരത്തിൻറെ വാർഷികാഘോഷവുമാണ് വാസ്തവത്തിൽ സംഘികളെ കുരുപൊട്ടിച്ചത്. അത് പറഞ്ഞാൽ ആലപ്പുഴയിൽ മൈലേജ് കിട്ടില്ല എന്നുള്ളതിനാലാണ് ഇപ്പോൾ കാണിച്ചുകുളങ്ങരയിലെ ചിക്കരയും കുത്തിപ്പൊക്കി വരുന്നത്. എന്നുകരുതി ചിക്കര മഹത്തായ ഒരു കലാരൂപമാണെന്നല്ല പറഞ്ഞുവരുന്നത്.

കണ്ണീർ വാതകമോ ജലപീരങ്കിയോ പ്രയോഗിക്കാതെ പായും തലയിണയുമായി ഗെയ്റ്റിനുമുന്നിൽ കൂട്ട നിരാഹാര സത്യാഗ്രഹമിരുന്ന സംരഭടിമാരെ ഓടിച്ചതിനെ കുറിച്ച് സാർ പറയുന്നത് ഇങ്ങനെ ” സമരം അങ്ങനെ പുരോഗമിച്ചുകൊണ്ടിരുന്നപ്പോൾ നല്ല വെളുത്ത് ചുമന്ന ഭംഗിയുള്ള പെണ്ണുങ്ങൾ വെറുതെ എന്തിനാണിങ്ങനെ പായും തലയിണയുമായി എൻറെ വീടിൻറെ ഗെയ്റ്റിന് മുന്നിൽ വന്നു പട്ടിണി കിടക്കുന്നത്.വലിയ വീടാണ് വീട്ടിൽ ഒരുപാടു സ്ഥലവുമുണ്ട് പെൺപിള്ളേരെ രണ്ടുപേരെയും കെട്ടിച്ചും വിട്ടു. നമുക്ക് അകത്തുപോയി കിടക്കാം എന്നുപറഞ്ഞു. എൻറെ സന്ധിസംഭാഷണം വിജയിക്കാതിരുന്നതിനാൽ വീട്ടിൽ രണ്ടു വലിയ പട്ടികളുണ്ട്. ഞാൻ അവയെ അഴിച്ചുവിട്ടു അവർ രണ്ടുപേരുംകൂടി കുരച്ചു ബഹളമുണ്ടാക്കി സമരഭടിമാരെ ഓടിച്ചു. അന്ന് രാത്രിയാണ് എൻറെ വീടിന് നേരെ കല്ലേറുണ്ടായത്.
ഈ വക കലാപരിപാടികളൊക്കെ സ്വന്തം വീടിനുമുന്നിൽ അരങ്ങേറുമ്പോൾ ഒരു മീഡിയ പ്രവർത്തകൻറെ ചോദ്യത്തോട് ‘എനിക്ക് സാറിൻറെ ഈ പ്രവർത്തനങ്ങളോടൊന്നും യോജിപ്പില്ല” എന്ന് ഹോമോസാപ്പിയൻ സാപ്പിയൻ അല്ലാത്ത ഒരു സാദാരണ വീട്ടമ്മയായ സാറിൻറെ ഭാര്യ പറഞ്ഞാൽ ഇത് തന്നെ അവസരം സാറിൻറെ നെഞ്ചത്തു കയറി നിന്ന് കുറച്ചുകൂടി പൊക്കംവെച്ച് മഹാനയിക്കളയാം എന്ന് വിചാരിക്കുന്നവരും അതിന് സാങ്കേതിക സഹായവും ഗതാഗതവും വിതരണവും സ്റ്റേജ് കെട്ടലും നടത്തിയവരും സംഘികളേക്കാൾ വൃത്തികേട്ടവരാണെന്ന് പറയേണ്ടതില്ലല്ലോ?
ആരൊക്കെ എങ്ങനെയൊക്കെ കുരച്ചാലും ഇരുപതുവർഷമായി നടന്നുവരുന്ന രാവണമാസാചരണവും അതോടൊപ്പം ശൂദ്രേച്ചി പെണ്ണുങ്ങളുടെ സത്യാഗ്രഹ വാർഷികാഘോഷങ്ങളും നടക്കുക തന്നെ ചെയ്യും.
‘ഞങ്ങൾ രാവണൻറെ ആൾക്കാരാണ്’ ഏത് മുത്തശ്ശിയാണ് രാമായണം വായിച്ചത്? കുടിയാന്മാരുടെ വിയർപ്പ് ആണ്ടോടാണ്ട് തിന്നാനുള്ള നെല്ല് പത്തായപ്പുരയിൽ നിറച്ച് മൂന്നു നേരം മൃഷ്ടാന്നം തിന്ന് കാച്ചെണ്ണ തേച്ച് രാമായണം വായിച്ചിരുന്നത് ഞങ്ങളുടെ ആരുടേയും മുത്തശ്ശിമാരല്ല…
ഞങ്ങളുടെ മുത്തശ്ശിമാർ കോരിച്ചൊരിയുന്ന കള്ളക്കർക്കിടകത്തിൽ, വേലയും കൂലിയുമില്ലാതെ, ചോർന്നൊലിക്കുന്ന കൂരയിൽ, ശീതനടിക്കുന്ന ചാണകം മെഴുകിയ തറയിൽ, ശുഷ്കിച്ച കണ്ണുകളിൽ നിന്ന് പൊറ്റനടർന്ന്, താളും തകരയും തിന്ന്, അത്താഴപ്പഷ്ണി കിടന്നിരുന്ന ഞങ്ങളുടെയൊന്നും മുത്തശ്ശിമാർ രാമായണം വായിച്ചിരുന്നില്ല. അവർക്ക് അക്ഷരമറിഞ്ഞിരുന്നില്ല..അറിയാൻ സമ്മതിച്ചിരുന്നില്ല. ദൈവത്തെ രക്ഷിക്കാനോ പുണ്യം നേടാനോ അല്ല അവർ പഷ്ണി കിടന്ന് ചത്തു പോകാതിരിക്കാനാണ് അന്നവർ പെടാപ്പാടു പെട്ടത്.
ഇന്ന് സമസ്ത ഹിന്ദുക്കളെക്കൊണ്ടും രാമായണം വായിപ്പിക്കാൻ മികച്ച ഓഫറുകൾ കൊടുക്കുന്ന സനാതന ഹിന്ദുക്കളേ, നിന്റെ ചരിത്രമല്ല ഞങ്ങളുടെ ചരിത്രം… അത് പൊള്ളുന്ന കനൽ ചൂളയാണ്.. നീയൊക്കെ തൊട്ടാൽ പൊള്ളും…
