അഡ്വ. ജെസ്സിൻ ഐറിന
ബന്ധുവിന് ബാങ്ക് വായ്പ എടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ ഇടപ്പള്ളി മാനത്തുപാടം സ്വദേശി പ്രീതയും ഭര്‍ത്താവ് ഷാജിയും താമസിക്കുന്ന വീട് ജപ്തി ഭീഷണി നേരിടുന്ന കാര്യമാണ് കേരളം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നത്. വായ്പാ തുക തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ബാങ്ക്, പ്രീതയുടെ വീട് ഓണ്‍ലൈന്‍ ലേലത്തില്‍ വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഈ വീടും പുരയിടവും ലേലത്തില്‍ പിടിച്ച വ്യക്തിക്ക് വീട് പൂട്ടി താക്കോല്‍ ഏല്‍പ്പിക്കാന്‍ പോലീസിന്റെയും സര്‍ക്കാര്‍ പ്രതിനിധികളുടെയും സഹായത്തോടെ ബാങ്ക് അധികൃതര്‍ എത്തിയെങ്കിലും ആത്മഹത്യ ചെയ്യാനൊരുങ്ങി കുടുംബം നിന്നതോടെ തത്കാലം അവര്‍ ഇതില്‍ നിന്ന് പിന്‍വാങ്ങി. ഇവരുടെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ഉപയോഗിച്ച നിയമമാണ് സര്‍ഫാസി. അതിനിടെ സര്‍ഫാസി വിരുദ്ധ സമര പ്രവര്‍ത്തകരായ പി.ജെ മാനുവലിനെയും വി.സി ജെന്നിയെയും ജാമ്യമില്ലാ വകുപ്പില്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയത് ജാമ്യമില്ലാ വകുപ്പിൽ ജയിലിൽ അടക്കുന്നതും നാം കണ്ടു.

1. ആരുടെ താൽപര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അഡ്വ.പി .ജെ മാനുവൽ,വി .സി.ജെന്നി യടക്കമുള്ള സർഫാസി വിരുദ്ധ സമരസമിതി അംഗങ്ങൾ ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഗവൺമെന്റ് കേസ് എടുത്തത്?
2. എന്തുകൊണ്ട് പ്രീതാ ഷാജിയുടെ വസ്തുവിന്റെ മതിപ്പ് വിലയിൽ താഴെ കാണിച്ച് ടി ഭൂമി റിയലെസ്റ്ററ്റ് ലോബിക്ക് ചുളുവിലക്ക് ലേലം പിടിക്കാൻ കൂട്ടുനിന്ന രംഗനാഥക്കടക്കമുള്ള റിക്കവറി ഓഫീസർക്കും ബാങ്കിംഗ് വായപ തട്ടിപ്പ് ലോബിക്ക മെതിരെ കേസ് രജിസ്റ്റർ ചെയ്തു ഒരാളെ പോലുംഅറസ്റ്റ് ചെയ്യാത്തത്?
3. 2ലക്ഷം രൂപവായ്പയെടുക്കാന് ജാമ്യംനിന്നതിന്റെ പേരില്‍ 2കോടി 78ലക്ഷം രൂപ തിരിച്ചടക്കണമെന്ന ബാങ്കിന്റെ ഉത്തരവ് . അനുസരിക്കാന്‍ കഴിയാത്തതുമൂലം 2 .1/2കോടി വിലവരുന്ന 18.5 സെന്റ്സഥലവും ചെറിയവീടും കേവലം 38ലക്ഷം രൂപയ്ക്ക് ലേലം പിടിച്ച സംഭവത്തിൽ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ നടപടിക്ക് മേൽ സ്വതന്ത്രമായി അന്വേക്ഷണനടത്താതെ, ബാങ്കിംഗ് വായ്പ തട്ടിപ്പ് ചൂണ്ടി കാണിച്ച് സമാധാന പരമായി സമരം നടത്തിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വ്യാജ കേസ് രജിസ്റ്റർ ചെയ്തിരി ക്കുന്നത് എന്ത് കൊണ്ട്?
4 എന്താണ് സര്‍ഫാസി?
സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് എന്നതിന്റെ ചുരുക്കപ്പേരാണ് സർഫാസി (SARFAESI). 2002ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കൊണ്ടുവന്ന നിയമമാണിത്. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം കൊടുക്കുന്ന നിയമമാണിതെന്ന് ലളിതമായി വിശദീകരിക്കാം. തിരിച്ചടവ് മുടങ്ങിയാൽ പ്രസ്തുത അക്കൗണ്ട് നോൺ പെർഫോമിങ് അസറ്റ് ആയി പ്രഖ്യാപിക്കാനും തുടർന്ന് കടമെടുത്തയാൾ 60 ദിവസത്തിനുള്ളിൽ പൂർണമായും തിരിച്ചടവ് നടത്തണമെന്ന് നോട്ടീസ് അയയ്ക്കാനും ബാങ്കിന് കഴിയും. ഈ സമയത്തിനുള്ളിൽ സംഖ്യ പൂർണമായി തിരിച്ചടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ജപ്തി നടപടികൾ സ്വീകരിക്കാം. കടക്കാരനിൽ നിന്ന് സംഖ്യ ജപ്തി മുഖാന്തിരം ഈടാക്കാനായില്ലെങ്കിൽ ജാമ്യം നിന്നവരുടെ സ്ഥാവരജംഗമങ്ങൾ ജപ്തി ചെയ്യാനും ബാങ്കിന് അധികാരമുണ്ടായിരിക്കും.
സർഫാസി നിയമത്തെ ഒരു കരിനിയമമായി പൊതുജനം മനസ്സിലാക്കുന്നതിന് ന്യായങ്ങളുണ്ട്. ജപ്തി നടപടികളിൽ കോടതിയുടെ ഇടപെടൽ സാധ്യമല്ല എന്നതാണത്. ബാങ്കുകൾക്ക് ഈ ആസ്തികളിന്മേൽ ഏതു നടപടിക്കും കോടതിയുടെ അനുമതി ആവശ്യമില്ല. ആസ്തിയിന്മേൽ ആൾത്താമസമുണ്ടെങ്കിൽ അത് ഒഴിപ്പിക്കാനും ബാങ്കിന് നേരിട്ട് സാധിക്കും.കോർപ്പറേറ്റുവത്ക്കരണം കൂടുതൽ ശക്തമാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് വാജ്പേയി സര്‍ക്കാര്‍ ഈ കരിനിയമം നടപ്പിലാക്കിയത്.
ഈ നിയമത്തിന്റെ ഭരണഘടനാപരമായ സാധുത കോടതിയിൽ 2004ൽ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. മാർദിയ കെമിക്കൽസുമായി ഐസിഐസിഐ ബാങ്ക് നടത്തിയ വ്യവഹാരത്തിൽ ബാങ്കിന് അനുകൂലമായ വിധി വന്നു. ലോണിന്റെ 75 ശതമാനം തിരിച്ചടയ്ക്കാതെ കിടക്കുന്നതിനാൽ ജപ്തിനടപടികളുമായി മുമ്പോട്ടു പോകാമെന്നും സർഫാസി നിയമത്തിൽ ഭരണഘടനാ വിരുദ്ധമായി യാതൊന്നുമില്ലെന്നും കോടതി വിധിച്ചു.
നേരിട്ട് ചെയ്യാവുന്ന അക്രമങ്ങൾക്കു പുറമെ ബാങ്കുകൾക്ക് ദുരുപയോഗം ചെയ്യാൻ നിരവധി പഴുതുകളും സർഫാസി നിയമത്തിലുണ്ട്. ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുമുണ്ട്. ന്യൂ ജനറേഷൻ ബാങ്കുകളുടെയും വിപണിയിലെ കടുത്ത മത്സരത്തിൽ ന്യൂജനറേഷൻ ബാങ്കുകളുടെ രീതിയിലേക്ക് മാറിയ പൊതുമേഖലാ സ്ഥാപനങ്ങളും ദയാരഹിതമായി ഈ നിയമം നടപ്പാക്കി വരുന്നുണ്ട്. കുടുങ്ങുന്നവരിലധികവും സാമ്പത്തികമയും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ളവരാണ്. ദളിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും വ്യാപകമായി പീഡിപ്പിക്കപ്പെടുന്നുണ്ട് ഈ നിയമം മൂലം.
2002ൽ ബിജെപി സര്‍ക്കാർ ഈ കരിനിയമം കൊണ്ടുവരുന്നതിനു മുമ്പ് സിവിൽ കോടതികൾ വഴിയാണ് ജപ്തി നടപടികൾ നടപ്പായിരുന്നത്. ഇക്കാരണത്താൽ തന്നെ ന്യായാന്യായങ്ങൾ വിശദീകരിക്കാൻ ഇരുകൂട്ടർക്കും സാവകാശം കിട്ടിയിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിരുന്നില്ല. സിവിൽ കോടതികളിൽ കേസുകൾ തീർപ്പാകാന്‍ സമയമെടുക്കുന്നുവെന്ന കോർപ്പറേറ്റുകളുടെ വാദത്തെ അംഗീകരിച്ചാണ് അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്. ധനകാര്യ വിപണിയിലെ മാത്സര്യം കൂട്ടി സാമ്പത്തിക വളർച്ച ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
സർഫാസി നിയമം ഏറ്റവുമധികം പ്രയോഗിക്കപ്പെടുന്നത് ചെറുകിട, ഇടത്തരം ബിസിനസ്സ് സ്ഥാപനങ്ങൾക്കു മുകളിലാണ്. ഇത്തരം വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ഏറ്റവുമാദ്യം ഈ കരിനിയമം പ്രയോഗിക്കുന്നതാണ് ഇപ്പോൾ ബാങ്കുകളുടെ രീതി. ഈ കരിനിയമത്തിന്റെ പ്രയോഗം മൂലം ആത്മഹത്യകളടക്കമുള്ള നിരവധി കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയെ മുഖ്യധാരാ മാധ്യമങ്ങൾ കാര്യമായി പൊതുജനശ്രദ്ധയിൽ കൊണ്ടുവരാറില്ല. ബാങ്കുകളുമായി ‘നല്ല ബന്ധം’ സൂക്ഷിക്കാൻ ഏത് ബിസിനസ്സ് സ്ഥാപനമാണ് ആഗ്രഹിക്കാത്തത്! ഇതുകൂടാതെ,മുഖ്യധാരാ മാധ്യമങ്ങൾക്ക് ബാങ്കുകളിൽ നിന്നുള്ള പരസ്യവരുമാനവും വലിയൊരു പ്രശ്നമാണ്. നവമാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും മാത്രമാണ് അതുകൊണ്ടുതന്നെ സർഫാസി നിയമംസജീവമായ ഗൗരവമേറിയ ചർച്ചയ്ക്ക് വിധേയമാക്കുന്നുള്ളൂ.