Fri. Nov 20th, 2026

കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വൈദികൻ കുറ്റം സമ്മതിച്ചു. യുവതിയെ പീഡിപ്പിച്ചെന്ന് വൈദികൻ പൊലീസിന് മൊഴി നൽകി. കേസിൽ മൂന്നാം പ്രതിയാണ് അറസ്റ്റിലായ ഫാദർ ജോൺസൺ.വി.മാത്യു.

കോഴഞ്ചേരിയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് വൈദികനെ പിടികൂടിയത്. തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് കുറ്റം സമ്മതിച്ചത്. മുൻകൂർ ജാമ്യം തേടി കഴിഞ്ഞ ദിവസം ജോൺസൺ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിപറഞ്ഞിരുന്നില്ല.

ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധിപറയാൻ ഇരിക്കെയാണ് അറസ്റ്റ്. ഇദ്ദേഹത്തിനെതിരെ പീഡനം ചുമത്തിയിട്ടില്ലാത്തതിനാൽ ജാമ്യം കിട്ടിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് ജോൺസണെതിരെ നേരത്തെ ചുമത്തിയിരിക്കുന്നത്.

അതേസമയം, കേസിലെ നാലാം പ്രതി ജെയ്സ്. കെ. ജോർജ് ഡൽഹിലായതിനാൽ ക്രൈംബ്രാഞ്ച് സംഘം അവിടേക്ക് പുറപ്പെടാൻ ആലോചനയുണ്ട്. എന്നാൽ, ജെയ്സ് കെ.ജോർജ് ഇന്ന് കേരളത്തിലെത്തി കോടതിയിൽ കീഴടങ്ങിയേക്കുമെന്ന സൂചനയുമുണ്ട്. കീഴടങ്ങാൻ സാദ്ധ്യതയുള്ള കോടതികളുടെ പരിസരങ്ങൾ ക്രൈെം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.