Sun. Nov 22nd, 2026

ഒടുവില്‍ വിജയകുമാറും പടിയിറങ്ങി; എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിജയകുമാർ കളമൊഴിയുമ്പോള്‍ റിപ്പോര്‍ട്ടർ തകര്‍ച്ചയുടെ നിലയില്ലായത്തിലേക്ക്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ്. വിജയകുമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചു. നിരന്തരമായ വാഗ്ദാന ലംഘനങ്ങളിലും നികേഷ് കുമാര്‍ അടക്കമുള്ള ചാനല്‍ മാനേജ് മെന്റിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ചുമാണ് രാജി. ഇനി ഫ്ലവേഴ്‌സ് ചാനലിന്റെ 24 ന്യൂസ് ചാനലിന്റെ ഡസ്‌ക്കിന്റെ മേധാവിയായി പ്രവര്‍ത്തിക്കും.

നികേഷിന്റെ വിശ്വസ്തനായിരുന്നു വിജയകുമാര്‍. ഇന്ത്യാവിഷനില്‍ കൊച്ചി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചു. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ മികച്ച മാധ്യമ പ്രവര്‍ത്തകനായി പേരെടുത്തു. കോടതി റിപ്പോര്‍ട്ടുകളും നിരവധി എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകളും കൊണ്ട് ശ്രദ്ധേയനായി. ഇന്ത്യാവിഷന്റെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള ഇന്‍ഹൗസ് അവാര്‍ഡ്, ഫ്ളവേര്‌ഴ്‌സ് ടി വി ഏര്‍പ്പെടുത്തിയ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തി. ഇന്ത്യാവിഷനില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് നികേഷ് ചാനല്‍ വിട്ട് റിപ്പോര്‍ട്ടര്‍ ടി വി തുടങ്ങുന്നത്. നികേഷിനോടുള്ള ആത്മാര്‍ഥത കൊണ്ട് വിജയകുമാര്‍ ഇന്ത്യാവിഷനില്‍ നിന്നും രാജി വെച്ച് റിപ്പോര്‍ട്ടറില്‍ എത്തി. കൊച്ചി ബ്യൂറോയുടെ ചുമതല. ഭംഗിയായി വിജയകുമാര്‍ ആ ദൗത്യവും നിര്‍വഹിച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ റിപ്പോര്‍ട്ടര്‍ പ്രതിസന്ധിയിലായി. പ്രമുഖര്‍ പലരും ചാനല്‍ വിട്ടു. എന്നിട്ടും വിജയകുമാര്‍ നികേഷിനൊപ്പം നിന്നു, ശമ്പളം പോലുമില്ലാതെ.

ആയിടയ്ക്കാണ് മാതൃഭൂമി ന്യൂസ് ചാനല്‍ വരുന്നത്. ബിജു പങ്കജ് ഏഷ്യാനെറ്റ് കൊച്ചി ബ്യൂറോ ചീഫ് സ്ഥാനം വിട്ട് മാതൃഭൂമിയിലേക്ക് ചേക്കേറി. ഏഷ്യാനെറ്റ് ബിജു പങ്കജിന് പകരം കണ്ടെത്തിയത് വിജയനെ ആയിരുന്നു. വമ്പന്‍ ഓഫര്‍ നല്‍കി ഏഷ്യാനെറ്റ് വിജയകുമാറിനെ വിളിച്ചു. എന്നാല്‍ ഈ വിവരം നികേഷ് അറിഞ്ഞു. വിജയനെ വിടാതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു. ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗ് ആയിരുന്നു ഒരു വഴി. വിജയന്‍ പോയാല്‍ റിപ്പോര്‍ട്ടര്‍ തകരും, തന്നെ മാനസികമായി ബാധിക്കും എന്നൊക്കെപറഞ്ഞ നികേഷ് വിജയനെ തകര്‍ന്നു കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടറില്‍ തന്നെ പിടിച്ചു നിര്‍ത്തി. വലിയ, സുരക്ഷിതമായ ഒരു തൊഴിലവസരമാണ് വിജയകുമാറിന് അതുവഴി നഷ്ടമായത്. പിന്നീടൊരിക്കല്‍ മാതൃഭൂമി വിജയനെ തേടി എത്തിയപ്പോഴും നികേഷ് ഇതേ തന്ത്രം പയറ്റി വിജയനെ റിപ്പോര്‍ട്ടറില്‍ തന്നെ പിടിച്ചു നിര്‍ത്തി.

വിജയന്‍ റിപ്പോര്‍ട്ടറില്‍ തുടര്‍ന്നു. വന്‍ തകര്‍ച്ചയുടെ കാലമായിരുന്നു പിന്നീട്. ശമ്പളം മാസങ്ങളായി മുടങ്ങിയിട്ട്. പല ജീവനക്കാര്‍ക്കും ലക്ഷങ്ങള്‍ കിട്ടാനുണ്ട്, വിജയനും. ഇതിനിടെ വിജയനെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആക്കി ഡെസ്‌ക്കില്‍ നിയോഗിച്ചിരുന്നു. ഈ സമയം ബ്യൂറോകള്‍ പലതും അടച്ചുപൂട്ടി ഇട്ട അവസ്ഥയിലായിരുന്നു. ചില ബ്യൂറോകളില്‍ വെള്ളവും വൈദ്യുതിയും കട്ട് ചെയ്തു. ബ്യൂറോകളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് വാടക മുടങ്ങിയതോടെ അവര്‍ ഓട്ടം നിര്‍ത്തി. പൂട്ടിയ ബ്യൂറോകളില്‍ ഇരിയ്ക്കാന്‍ സ്ഥലമില്ലാതായ ജില്ലാ റിപ്പോര്‍ട്ടര്‍മാര്‍ പ്രസ് ക്ലബ്ബുകളില്‍ അഭയം തേടി. കൊച്ചി ബ്യൂറോയില്‍ വാടക മാസങ്ങളായി മുടങ്ങിയതോടെ ഉടമ ഓഫീസ് പുറമേ താഴിട്ട് പൂട്ടി. ക്യാമറ അടക്കമുള്ള ഉപകരങ്ങള്‍ അകത്തുമായി. ഷൂട്ടിംഗിനു പോലും മാര്‍ഗമില്ല. തിരുവനന്തപുരം ബ്യൂറോ വാടക വര്‍ഷങ്ങളായി കുടിശ്ശിക ആയതോടെ ഉടമ കേസ് കൊടുത്തു. ഇതിനിടെ ഫിനാന്‍സിന്റെ തലപ്പത്ത് വന്ന പെണ്‍കുട്ടിയുടെ ധിക്കാരം കൂടി ആയതോടെ സ്ഥാപനത്തില്‍ അരക്ഷിതാവസ്ഥ ആയി.

ഏറ്റവും ഒടുവില്‍ പ്രതിസന്ധി മൂര്‍ഛിച്ചത് ജൂണ്‍ മാസത്തിലാണ്. മെയ് മാസത്തില്‍ ജീവനക്കാര്‍ ഒരുമിച്ചു നികേഷിനു ഒപ്പിട്ട നിവേദനം നല്‍കി. ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കും. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും യൂണിഫോമും ഒക്കെ വാങ്ങണം. ശമ്പളം കിട്ടാത്തത് കൊണ്ട് ആരുടെ കയ്യിലും പണമില്ല. കുറച്ച് കുടിശ്ശിക തീര്‍ത്ത് തരണം. നിവേദനത്തില്‍ ആദ്യം ഒപ്പിട്ടത് എക്‌സിക്യൂട്ടീവ് എഡിറ്ററായ വിജയനാണ്. ആദ്യം സമ്മതിച്ച നികേഷ് പിന്നീട് കാലുമാറി. ആര്‍ക്കും ജൂണ്‍ ആയിട്ടും പണം കിട്ടിയില്ല. വിജയന്‍ ഈ നിലപാടിനെ ശക്തമായി എതിര്‍ത്തു. ജീവനക്കാര്‍ക്കൊപ്പം നിന്നു. കുട്ടികള്‍ക്ക് പുസ്തകവും യൂണിഫോമും വാങ്ങാന്‍ പണമില്ലാതെ വലഞ്ഞ ചാനലിലെ കാന്റ്‌റീന്‍ ജീവനക്കാര്‍ക്ക് പുറത്തുള്ള ഒരു സംഘടന അവ വാങ്ങിച്ച് നല്‍കി. വിജയന്റെ ഇടപെടല്‍ കാരണമായിരുന്നു അത്. ജീവനക്കാര്‍ നിസ്സഹകരണ സമരം തുടങ്ങി. ഇപ്പോഴും സമരം തുടരുന്നു.

നികേഷിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങളിലും ജീവനക്കാരോടുള്ള അവഗണനയിലും നിരുത്തരവാദ സമീപനങ്ങളിലും മനം മടുത്താണ് വിജയകുമാര്‍ ഒടുവില്‍ റിപ്പോര്‍ട്ടര്‍ ടിവി വിടുന്നത്. സ്വന്തം ജീവിത സുരക്ഷ പോലും നികേഷിനോടുള്ള ആത്മാര്‍ത്ഥതയുടെ പേരില്‍ വേണ്ടെന്നു വെച്ച നിസ്വാര്‍ത്ഥനായ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടി പടിയിറങ്ങുമ്പോള്‍ റിപ്പോര്‍ട്ടറിനു മുന്നില്‍ ഇരുണ്ട യുഗം മാത്രം. വിജയന്റെ പിന്നാലെ
കുറെയേറെപ്പേര്‍ കൂടി ചാനല്‍ വിടാനുള്ള തയ്യാറെടുപ്പിലാണ്.