വ്യാജ മുക്ത്യാർ ചമച്ച് ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭന്റെ വസ്തു തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ചങ്ങത്തറ സെബാസ്റ്റ്യനെ പൊലീസ് പിടികൂടി. കൊച്ചിയിൽ കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് മഫ്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 12 വരെ ചേർത്തലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിലായിരുന്ന ഇയാൾ പിന്നീട് തൊടുപുഴയിലെ സഹോദരിയുടെ ബന്ധുവിന്റെ വീട്ടിൽ ഒളിവിലായിരുന്നു. പിന്നീട് അവിടെ നിന്ന് മുങ്ങി. ഇയാളുടെ തട്ടിപ്പിന് നിരവധി പേർ ഇരയായിട്ടുണ്ട്.
18ആം വയസിൽ സ്വന്തം ഇടവക പള്ളിയിൽ നിന്ന് മോട്ടോർ മോഷ്ടിച്ചാണ് തുടക്കം. വികാരി ഉൾപ്പെടെയുള്ളവർ ഇത് കൈയോടെ പിടികൂടി. പിന്നെ നാട്ടിൽ നിന്ന് കുറച്ചുനാൾ മാറി നിന്നു. 36ആം വയസിൽ വൈക്കം ജോയിന്റ് ആർ.ടി ഓഫീസിൽ നിന്ന് ഡ്രൈവിംഗ് ലൈസൻസ് നേടി ടാക്സി ഡ്രൈവറായി. കട്ടച്ചിറയിലെ ഒരു വീടുമായി അടുത്ത ബന്ധം സ്ഥാപിച്ച സെബാസ്റ്റ്യൻ അവരുടെ വിശ്വസ്തനായി. അവരുടെ രണ്ട് ലോറികളുടെയും ചുമതല ഏറ്റെടുത്തു. കടം കയറിയതിനെ തുടർന്ന് കട്ടച്ചിറയിലെ വീട്ടുടമ വിഷം കഴിച്ച് മരിച്ചു. കുടുംബത്തിന് തണലായി നിന്ന് അവരുടെ പണവും ലോറിയുമുൾപ്പെടെ സ്വന്തമാക്കി അമ്മാവൻ കടന്നു.
2002 അവസാനമാണ് ബിന്ദു പദ്മനാഭനെ വലയിലാക്കിയത്. ഡ്രൈവറായ സെബാസ്റ്റ്യൻ വസ്തു ബ്രോക്കറായി മാറി. സഹായിയായി ചേർത്തലയിലെ ഒരു ആധാരമെഴുത്തുകാരനും കൂടി. ബിന്ദുവിന്റെ പിതാവ് പദ്മനാഭ പിള്ളയുടെ പേരിൽ 2002 സെപ്തംബർ 22ന് വിൽപത്രം തയ്യാറാക്കി ആ കുടുംബത്തിന്റെ മുഴുവൻ വസ്തുവും വിൽപ്പന നടത്തി. ഇടനിലക്കാരൻ സെബാസ്റ്റ്യനായിരുന്നു. ഈ പണമുപയോഗിച്ചാണ് ബിന്ദു ഇടപ്പള്ളിയിലുൾപ്പെടെ സ്ഥലം വാങ്ങിയത്. ഇതിനിടെ 2005 നവംബർ വരെ ചേർത്തല സബ് ട്രഷറിയിൽ നിന്ന് ബിന്ദുവിന്റെ പേരിലുള്ള ഫാമിലി പെൻഷൻ വാങ്ങാൻ എത്തിയിരുന്നതായും രേഖകൾ ഉണ്ട്. സെബാസ്റ്റ്യൻ നിരവധി തവണ ബിന്ദുവിനെ വീട്ടിലേയ്ക്കും കൊണ്ടു പോയിട്ടുണ്ട്.