ന്യൂഡല്ഹി: ഹൈദരാബാദിലെ തെലങ്കാനയിലുള്ള നല്സര് (NALSAR) നിയമ സര്വകലാശാലയില് വിദ്യാര്ഥികളുടെ എന്റോള്മെന്റ് തടഞ്ഞ ഉത്തരവ് ബാര് കൗണ്സില് ഓഫ് ഇന്ത്യ (BCI) തിരുത്തി. 2026-ല് ബിരുദം നേടിയ ഒരു വിദ്യാര്ഥിയെയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എന്റോള്മെന്റ് ചെയ്യിക്കില്ലെന്ന ഉത്തരവാണ് തിരുത്തിയത്. എന്റോള്മെന്റ് നല്കരുതെന്ന് എല്ലാ സംസ്ഥാന ബാര് കൗണ്സിലുകളോടും ബി സി ഐ നിര്ദേശിച്ചിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സര്വകലാശാലയുടെ ബിരുദദാന ചടങ്ങില് പങ്കെടുക്കാന് ക്ഷണിച്ചതിനെതിരെ സ്ഥാപനത്തിലെ വിദ്യാര്ഥികള് പ്രതിഷേധിച്ചതിനെ തുടര്ന്നാണ് ബാര് കൗണ്സില് നടപടി സ്വീകരിച്ചിരുന്നത്. വിദ്യാര്ഥികളുടെ പ്രതിഷേധത്തില് നാല്സര് വി സിയോട് ബി സി ഐ ചെയര്മാന് വിശദീകരണം തേടിയിരുന്നു.
കൗണ്സില് കൂടുതല് നിര്ദേശങ്ങള് പുറപ്പെടുവിക്കുന്നതു വരെ ഹൈദരാബാദ് ദേശീയ സര്വകലാശാലയിലെ 2026 ബാച്ചിലെ ഒരു വിദ്യാര്ഥിയുടെയും എന്റോള്മെന്റ് നടത്തരുതെന്ന് ബി സി ഐ ചെയര്പേഴ്സണ് മനന് കുമാര് മിശ്ര പറഞ്ഞിരുന്നു.
ബി സി ഐ നടപടിയില് എതിര്പ്പ് അറിയിച്ച് കേരളത്തില് നിന്നുള്ള ബാര് കൗണ്സില് അംഗം എന് മനോജ് കുമാര് രംഗത്തെത്തിയിരുന്നു. അഭിഭാഷകരായി എന്റോള് ചെയ്യാനുള്ള വിദ്യാര്ഥികളുടെ മൗലിക അവകാശം തടയാനാവില്ലെന്നും ജനാധിപത്യ പ്രക്രിയയില് വിദ്യാര്ഥികള്ക്ക് വിയോജിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിയില് ആശങ്കയറിയിച്ച് മനോജ് കുമാര് ബി സിെഎക്ക് കത്ത് നല്കിയിരുന്നു.


