Sun. Aug 9th, 2026

കൊച്ചി: ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർഥികളെയും സ്ത്രീകളെയും വെടിവെച്ചു കൊല്ലണമെന്നും ബലാത്സംഗ പരാമർശം നടത്തുകയും ചെയ്ത സോഷ്യൽമീഡിയ ഞരമ്പനും ആർ എസ് എസ് സൈദ്ധാന്തികനുമായ ടി ജി മോഹൻദാസിനെതിരെ പോലീസ് നടപടി വൈകുന്നതായി ആക്ഷേപം. കേരളത്തിലും ഡൽഹിയിലുമായി നിരവധി പരാതികൾ ടി ജി മോഹൻദാസിനെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ നൽകിയിട്ടുണ്ടെങ്കിലും തിരുവനന്തപുരം സൈബർ പോലീസ് മാത്രമാണ് കേസെടുത്തിട്ടുള്ളത്. ഈ കേസിൽ തുടർ നടപടികളൊന്നുമുണ്ടായിട്ടില്ല.

എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോനാണ് തിരുവനന്തപുരത്ത് പരാതി നൽകിയിട്ടുള്ളത്. ഡൽഹിയിൽ സി പി ഐ നേതാവ് ആനി രാജ, ടി ജി മോഹൻദാസിന്റെ വീട് സ്ഥിതി ചെയ്യുന്ന മട്ടാഞ്ചേരിയിൽ പൊതുപ്രവർത്തകനായ ഹാരിസ് അബു, സി പി ഐ മണ്ഡലം സെക്രട്ടറി എം കെ അബ്ദുൽ ജലീൽ എന്നിവരും പരാതി നൽകിയിട്ടുണ്ട്. എസ് എഫ്‌ ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ വി പി എന്നിവർ ഡി ജി പിക്കും പരാതി നൽകി.

എന്നാൽ ഒരു കുറ്റത്തിന് പല കേസുകൾ എടുക്കാൻ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. അതിനാൽ തിരുവനന്തപുരം സൈബർ സെല്ലിൽ ലഭിച്ച പരാതിയിൽ മാത്രമാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. എന്നാൽ കേസെടുത്ത് 11 ദിവസമായിട്ടും ടി ജി മോഹൻദാസിനെ ചോദ്യംചെയ്യാൻ പോലും പോലീസ് തയ്യാറായിട്ടില്ല. “ഞാനായിരുന്നെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിക്കുമായിരുന്നു. പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. അതിനുശേഷം വെടിവെക്കും. ശവം പെറുക്കി ആശുപത്രിയിലെത്തിക്കും’ എന്നായിരുന്നു മോഹൻദാസിന്റെ പരാമർശം.

സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളും സ്ത്രീകളും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്ന പരാമർശവും ഇയാൾ നടത്തി. ഈ വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ ഭരണപക്ഷത്തുള്ളവർക്കും അമർഷമുണ്ട്.



 

Leave a Reply