Fri. Aug 7th, 2026

ന്യൂഡൽഹി: രാജ്യത്ത് രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ബിസിനസ് യു പി ഐ (UPI) ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (Merchant Discount Rate) അഥവാ എം ഡി ആർ (MDR) ചാർജ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങിയിരിക്കുകയാണ്. പാർലമെന്റിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച നികുതി നിയമ ഭേദഗതി ബില്ലിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്. പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007-ലെ സെക്ഷൻ 10 എ അനുസരിച്ചുള്ള സീറോ എം ഡി ആർ വ്യവസ്ഥ ഭേദഗതി ചെയ്യാനാണ് നീക്കം. പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ഭേദഗതി ബിൽ വഴി ഇനി ഏതൊക്കെ ഡിജിറ്റൽ പേയ്മെന്റ് രീതികളെയാണ് ബാങ്ക് ഫീസിൽ നിന്ന് ഒഴിവാക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിന് ലഭിക്കും.

യുപിഐ സംവിധാനം സൗജന്യമായി നൽകുന്നത് മൂലം ബാങ്കുകൾക്കും ഫിൻടെക് കമ്പനികൾക്കും സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. ജൂലൈ മാസത്തിൽ മാത്രം 29.9 ലക്ഷം കോടി രൂപയുടെ 2,370 കോടി യുപിഐ ഇടപാടുകളാണ് എൻപിസിഐ വഴി നടന്നത്. ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ജനുവരിയിലാണ് യുപിഐ ഇടപാടുകൾക്കുള്ള മെർച്ചന്റ് ചാർജ് കേന്ദ്ര സർക്കാർ പൂർണ്ണമായി ഒഴിവാക്കിയത്. എന്നാൽ പുതിയ നിയമ ഭേദഗതിയിലൂടെ ഭാഗികമായി ചാർജ് തിരികെ കൊണ്ടുവരാനുള്ള നിയമപരമായ വാതിൽ തുറക്കുകയാണ് ചെയ്യുന്നത്.

എന്താണ് യുപിഐ എം ഡി ആർ (UPI MDR)?

ഡിജിറ്റൽ പേയ്മെന്റുകൾ പ്രോസസ്സ് ചെയ്യുന്നതിനായി വ്യാപാരികൾ ബാങ്കുകൾക്കും പേയ്മെന്റ് സർവീസ് പ്രൊവൈഡർമാർക്കും നൽകുന്ന സേവന നിരക്കാണ് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എം ഡി ആർ. ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് മൂന്ന് ശതമാനം വരെയും ഡെബിറ്റ് കാർഡുകൾക്ക് 0.9 ശതമാനം വരെയും എം ഡി ആർ ഈടാക്കുന്നുണ്ട്. എന്നാൽ നിലവിൽ യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ഇത്തരം നിരക്കുകൾ ഒന്നും ഈടാക്കുന്നില്ല.

കാർഡ് ഇടപാടുകളിലെ നിലവിലെ എം ഡി ആർ നിരക്കുകൾ

ഡെബിറ്റ് കാർഡ് (Debit Card) ഇടപാടുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കൃത്യമായ എം ഡി ആർ പരിധി നിശ്ചയിച്ചിട്ടുണ്ട്. മുൻ സാമ്പത്തിക വർഷം 20 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾക്ക് പി ഒ എസ് (POS) യന്ത്രങ്ങൾ വഴിയുള്ള ഇടപാടുകൾക്ക് പരമാവധി 0.40 ശതമാനവും ക്യു ആർ കോഡ് (QR Code) ഇടപാടുകൾക്ക് 0.30 ശതമാനവുമാണ് എം ഡി ആർ പരിധി (പരമാവധി 200 രൂപ).

20 ലക്ഷത്തിന് മുകളിൽ വിറ്റുവരവുള്ള മറ്റ് വ്യാപാരികൾക്ക് ഇത് യഥാക്രമം 0.90 ശതമാനവും 0.80 ശതമാനവുമാണ് (പരമാവധി 1000 രൂപ). ഡെബിറ്റ് കാർഡ് എം ഡി ആർ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കരുതെന്ന് ബാങ്കുകൾക്ക് ആർ ബി ഐ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡ് (Credit Card) ഇടപാടുകളിൽ എം ഡി ആറിന് ആർ ബി ഐ നിയന്ത്രണമില്ലാത്തതിനാൽ മൂന്ന് ശതമാനം വരെ നിരക്ക് ഈടാക്കാറുണ്ട്.

2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് നിരക്ക് വന്നേക്കും

വ്യാപാരികൾ നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള വലിയ ഇടപാടുകൾക്ക് 0.25 ശതമാനം മുതൽ 0.5 ശതമാനം വരെ എം ഡി ആർ ചുമത്താനാണ് കേന്ദ്രത്തിന്റെ ആലോചന. വാർഷിക വിറ്റുവരവ് 1.5 കോടി രൂപയ്ക്ക് മുകളിലുള്ള വൻകിട ബിസിനസുകളെയാണ് ഇതിൽ പ്രാഥമികമായി ഉൾപ്പെടുത്തുക. എങ്കിലും ഇത് സംബന്ധിച്ച് അന്തിമ നിരക്കുകൾ സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സാധാരണക്കാരെ ബാധിക്കുമോ?

പുതിയ നിർദേശം നടപ്പിലായാലും സാധാരണക്കാരായ ഉപഭോക്താക്കളെയും ചെറുകിട വ്യാപാരികളെയും ഇത് കാര്യമായി ബാധിക്കില്ല. വ്യക്തികൾ തമ്മിൽ നടത്തുന്ന (P2P) പണമിടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരും. യുപിഐ ഇടപാടുകളിൽ കേവലം 4 ശതമാനം മാത്രമാണ് 2,000 രൂപയ്ക്ക് മുകളിലുള്ളത്. ബാക്കി 96 ശതമാനം ഇടപാടുകളും 2,000 രൂപയിൽ താഴെയുള്ള സാധാരണ പച്ചക്കറി, പാൽ, മറ്റ് ചെറുകിട സാധനങ്ങൾ വാങ്ങുന്നതിനായുള്ളവയാണ്. അതിനാൽ 95 ശതമാനത്തിലധികം ദൈനംദിന ഇടപാടുകളും സൗജന്യമായി തന്നെ തുടരും.

ഉപഭോക്താക്കൾ നേരിട്ട് പണം നൽകേണ്ടതില്ല

എം ഡി ആർ എന്നത് വ്യാപാരികൾ നൽകേണ്ട ഫീസാണ്. ഉപഭോക്താക്കൾ തങ്ങളുടെ യുപിഐ ആപ്പുകളിൽ നിന്ന് നേരിട്ട് ഈ തുക അധികമായി നൽകേണ്ടതില്ല. എങ്കിലും വ്യാപാരികൾ സാധനങ്ങളുടെ വിലയിൽ ചെറിയ വർധന വരുത്താൻ സാധ്യതയുണ്ട്. എന്നാൽ ഫീസ് വളരെ കുറവായതിനാൽ ഭൂരിഭാഗം വ്യാപാരികളും ഇത് ഉപഭോക്താക്കളിലേക്ക് കൈമാറാൻ ഇടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

പേയ്മെന്റ് കമ്പനികൾക്ക് വൻ വരുമാനം

ഈ നിരക്ക് പുനഃസ്ഥാപിക്കുന്നതിലൂടെ പേയ്മെന്റ് മേഖലയിലെ ഡിജിറ്റൽ കമ്പനികൾക്കും ബാങ്കുകൾക്കും പ്രതിവർഷം 5,000 കോടി മുതൽ 10,000 കോടി രൂപ വരെ അധിക വരുമാനം ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. പേടിഎം (Paytm), പൈൻ ലാബ്സ് (Pinelabs), ഗൂഗിൾ പേ (G pay) തുടങ്ങിയ പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകൾക്ക് ഈ നീക്കം വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും. അന്തിമ വിജ്ഞാപനം വരുന്നതോടെ മാത്രമേ ഏതൊക്കെ സ്ഥാപനങ്ങൾക്കാണ് ചാർജ് ബാധകമാവുകയെന്ന് വ്യക്തമാകൂ.



 

Leave a Reply