കൊച്ചി: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഐ എ എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെതിരായ കേസില്‍ വിചാരണാ കോടതി മാറ്റിയ നടപടി ചോദ്യം ചെയ്ത് ബഷീറിന്റെ ഭാര്യ ജസീല ബി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി. കോടതിമാറ്റം പ്രതിഭാഗം അഭിഭാഷകന്റെ താത്പര്യപ്രകാരമാണെന്നും വിചാരണ നീതിപൂര്‍വം നടക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ കേസ് പരിഗണിച്ച സെഷന്‍സ് കോടതി ഒന്നിലേക്ക് കേസ് മാറ്റണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജിയില്‍ അന്തിമ തീരുമാനം ആകുന്നത് വരെ ഫോര്‍ത്ത് അഡീഷനല്‍ സെഷന്‍സ് കോടതിയിലെ വിചാരണാ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നടന്നിരുന്ന കേസിന്റെ വിചാരണ, പ്രതിഭാഗം അഭിഭാഷകന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ഫോര്‍ത്ത് അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി ഉത്തരവിട്ടിരുന്നത്. ബി എന്‍ എസ് ക്രിമിനല്‍ നടപടിക്രമങ്ങളിലെ വകുപ്പ് 448 പ്രകാരം പ്രതിഭാഗം അഭിഭാഷകന്റെ ശാരീരിക അസൗകര്യം കേസ് മാറ്റുന്നതിനുള്ള നിയമപരമായ കാരണമല്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിലവിലുള്ള പ്രോസിക്യൂട്ടര്‍ക്ക് പരിചയസമ്പത്ത് ഇല്ലെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി ഉയര്‍ന്ന സ്വാധീനമുള്ള ഉദ്യോഗസ്ഥനായതിനാലും നൂറോളം സാക്ഷികളും നിരവധി രേഖകളുമുള്ള കേസ് ആയതിനാലുമാണ് പരിചയസമ്പത്തുള്ള സീനിയര്‍ അഭിഭാഷകനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടത്. പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും സംസ്ഥാന ആഭ്യന്തര മന്ത്രിക്കും ജസീല നിവേദനം നല്‍കിയിട്ടുണ്ടെന്നും ഹരജിയില്‍ വ്യക്തമാക്കി. കൂടാതെ കേസ് നടത്തുന്ന പ്രോസിക്യൂട്ടര്‍മാരെ അടിക്കടി മാറ്റുന്നതും ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അഡ്വ. എം രവികൃഷ്ണന്‍ വഴിയാണ് ജസീല ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
കേസിലെ പ്രതിഭാഗത്തിന്റെ ഇരട്ടത്താപ്പും അട്ടിമറി ലക്ഷ്യവും വിചാരണാകോടതിയില്‍ വെളിച്ചത്തായതിന് പിന്നാലെയാണ് ബഷീറിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹരജിയുമായി എത്തിയതെന്നത് ശ്രദ്ധേയമാണ്. പ്രതിഭാഗം അഭിഭാഷകനായ ബി രാമന്‍പിള്ളക്ക് മുട്ടുവേദന കാരണം ഗോവണി കയറാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിമാറ്റം ആവശ്യപ്പെട്ട് 2025 ജനുവരി 22ന് നല്കിയ തടസ്സഹരജി പരിഗണിച്ചാണ് തിരുവനന്തപുരം ഫോര്‍ത്ത് അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ അനുവദിച്ചത്. ഓണ്‍ലൈനായി വിസ്തരിക്കാമെന്ന വിചാരണാ കോടതിയുടെ നിര്‍ദേശത്തെ പ്രതിഭാഗം അന്ന് എതിര്‍ക്കുകയായിരുന്നു. എന്നാല്‍, ഇന്നലെ ഫോര്‍ത്ത് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇതേ ബി രാമന്‍പിള്ള ഒന്നാം സാക്ഷിയെ വിസ്തരിച്ചത് ഓണ്‍ലൈനായാണ്.
വിചാരണ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആര് പ്രവീണ്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞതും 2023ല്‍ മാത്രം പ്രോസിക്യൂട്ടറായി നിയമിതനായ, പ്രമാദമായ കേസുകളില്‍ നേരിട്ട് ഹാജരായി പ്രാവീണ്യമില്ലാത്ത താരതമ്യേന ജൂനിയറായ ബി എസ് രാജേഷിനെ നിയമിച്ചതും കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങവെ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തു വെച്ചാണ് മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന് ഓടിച്ചിരുന്ന കാര്‍ ഇടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്. കേസിലെ ഏക പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്.


