Sat. Nov 21st, 2026

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന വാര്‍ത്ത തള്ളി മാവോയിസ്റ്റുകള്‍; പ്രതിച്ഛായ കൂട്ടാനുള്ള തന്ത്രമെന്ന് മാവോ നേതാവ് പി. വരവര റാവു;വധഭീഷണി തട്ടിപ്പെന്ന് കോണ്‍ഗ്രസ്; ജനപിന്തുണ കുറയുമ്പോഴുള്ള പതിവ് തന്ത്രം.ഇത് മോഡി മുഖ്യമന്ത്രിയായ കാലം തൊട്ടേ പുറത്തിറക്കുന്ന തന്ത്രമാണ്. എന്നെല്ലാം ജനവികാരം മോഡിക്ക് എതിരായി വന്നിട്ടുണ്ടോ അന്നൊക്കെ വധഭീഷണി എന്ന വാര്‍ത്തയും ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ ഈ വാര്‍ത്തയിലെ സത്യാവസ്ഥ അന്വേഷിക്കണമെന്നും കോൺഗ്രസ്സ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ തങ്ങള്‍ പദ്ധതിയിട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മാവോയിസ്റ്റുകള്‍. പൂനെ പോലീസിന്റെ ആരോപണം തള്ളി മാവോയിസ്റ്റ് നേതാവ് പി. വരവര റാവു. മോഡിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള തന്ത്രമാണ് ഈ ആരോപണമെന്നും പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തുന്ന കത്ത് പിടിച്ചെടുത്തുവെന്ന പൂനെ പോലീസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും റാവു പറഞ്ഞു.

ഒരു പ്രധാനമന്ത്രിയെ വധിക്കാനുള്ള ശേഷിയൊന്നും ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിനില്ല. പദ്ധതിയുടെ പേരില്‍ പൂനെ പോലീസ് അറസ്റ്റ് ചെയ്ത ഗാഡ്‌ലിങ്, ജേക്കബ് എന്നിവരെ തനിക്കറിയാം. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് അവര്‍. കൊലപാതക രാഷ്ട്രീയവുമായി അവര്‍ക്ക് ബന്ധമില്ലെന്നും ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ റാവു പറഞ്ഞു. കത്തില്‍ പറഞ്ഞുവെന്ന് പോലീസ് ആരോപിക്കുന്ന കാര്യങ്ങളുമായി തനിക്ക് ബന്ധമില്ല. ഇതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുമോയെന്ന് ഭയക്കുന്നതായും റാവു പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ എല്‍.ടി.ടി.ഇ വധിച്ച മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നു എന്നായിരുന്നു വാര്‍ത്ത. കോറേഗാവ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാവോയിസ്റ്റ് അനുകൂലികളില്‍ ഒരാളുടെ വീട്ടില്‍ നിന്ന് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചുവന്നായിരുന്നു പൂനെ പോലീസിനെ ഉദ്ധരിച്ച് വാര്‍ത്ത വന്നത്.

അതേ സമയം മോഡിക്കെതിരായ മാവോയിസ്റ്റ് വധഭീഷണി തട്ടിപ്പാണെന്നും ജനപിന്തുണ കുറയുമ്പോഴുള്ള പതിവ് തന്ത്രമാണിതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. ജനപിന്തുണ കുറയുമ്പോഴുള്ള മോഡിയുടെ പതിവ് തന്ത്രമാണ് വധഭീഷണിയെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പ്രതികരിച്ചു.

ഇത് മോഡി മുഖ്യമന്ത്രിയായ കാലം തൊട്ടേ പുറത്തിറക്കുന്ന തന്ത്രമാണ്. എന്നെല്ലാം ജനവികാരം മോഡിക്ക് എതിരായി വന്നിട്ടുണ്ടോ അന്നൊക്കെ വധഭീഷണി എന്ന വാര്‍ത്തയും ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ ഈ വാര്‍ത്തയിലെ സത്യാവസ്ഥ അന്വേഷിക്കണമെന്നും സഞ്ജയ് നിരുപം പറഞ്ഞു.

റോണ ജേക്കബ് വില്‍സണ്‍, അഡ്വ. സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെന്‍, മഹേഷ് റാവത്ത്, സുധീര്‍ ധവാലെ എന്നിവരാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളത്. റോണ ജേക്കബ് മലയാളിയാണ്. കമ്മറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റക്കല്‍ പ്രിസണേഴ്‌സ് എന്ന സംഘടയുടെ പി.ആര്‍.ഒയാണ് റോണ. യു.എ.പി.എ, അഫ്‌സ്പ തുടങ്ങിയ നിയമങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

സുധീര്‍ ധവാലെ ദളിത് ആക്ടിവിസ്റ്റും മറാത്ത മാഗസിനായ വിദ്രോഹിയുടെ എഡിറ്ററുമാണ്. സുരേന്ദ്ര ഗാഡ്‌ലിംഗ് നാഗ്പുരിലെ അഭിഭാഷകനാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീപ്പിള്‍സ് ലോയേഴ്‌സിന്റെ ജനറല്‍ സെക്രട്ടറിയുമാണ്. ദളിത് ആക്ടിവിസ്റ്റും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായവര്‍ക്ക് നിയമസഹായം നല്‍കുന്നയാളുമാണ്. ഷോമ സെന്‍ നാഗ്പൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറാണ്. മഹേഷ് റാവത്തും ആക്ടിവിസ്റ്റാണ്.