യു.ഡി.എഫിൽ അംഗം പോലുമാകുന്നതിന് മുമ്പേ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയ നടപടിയിൽ കോൺഗ്രസിനകത്ത് പ്രതിഷേധം ആളിക്കത്തുന്നു. എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ ശവപ്പെട്ടിയും റീത്തും വെച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയ്ക്ക് മുകളിൽ പതിച്ച് റീത്ത് വെച്ചായിരുന്നു പ്രതിഷേധം. ഇന്ന് അതിരാവിലെയാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് മുമ്പാകെ ശവപ്പെട്ടിയും റീത്തും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്.
ഞങ്ങളുടെ പ്രവർത്തകരുടെ മനസിൽ നിങ്ങൾ മരിച്ചു. പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങൾക്ക് എന്ത് കിട്ടി ? ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കോൺഗ്രസ് പാർട്ടിയിലെ യൂദാസുമാർ” തുടങ്ങിയ പോസ്റ്ററുകളും പതിച്ചിരുന്നു. എന്നാൽ, ഇത്തരമൊരു പ്രതിഷേധത്തിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ച് കൃത്യമായ വിവരമില്ല. അതേസമയം, കേരള കോൺഗ്രസിന് സീറ്റ് നൽകാനുള്ള തീരുമാനത്തിനെതിരെ ജില്ലയിൽ യൂത്ത് കോൺഗ്രസും കെ.എസ്.യുവും ഇന്നലെയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി അദ്ധ്യക്ഷൻ എം.എം ഹസൻ എന്നിവരുടെ ചിത്രങ്ങൾ പൊതുനിരത്തിൽ വലിച്ചുകീറി പ്രതിഷേധിച്ചിരുന്നു. എറണാകുളം ഗാന്ധി സ്ക്വയറിന് മുന്നിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ പാർട്ടിയെ വെന്റിലേറ്ററിലാക്കാനുള്ള മത്സരത്തിലാണ് കോൺഗ്രസ് നേതൃത്വമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആരോപിച്ചിരുന്നു. ഘടകകക്ഷികളുടെ ഏറാൻമൂളികളായി പാർട്ടി മാറുന്ന നിലപാട് തിരുത്തണമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

