Mon. Sep 21st, 2026

പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സനല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുത്തേക്കും.

കോണ്‍ഗ്രസ് നേതാക്കള്‍ എ സുരേഷുമായി ചര്‍ച്ച നടത്തി. ഇടത് കോട്ടയായ മലമ്പുഴയില്‍ സുരേഷിനു വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ദീര്‍ഘകാലം വി എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്നു സുരേഷ്. കഴിഞ്ഞ 13 കൊല്ലമായി താന്‍ പാര്‍ട്ടിയ്ക്ക് പുറത്താണെന്ന് എ സുരേഷ് പറഞ്ഞു. പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.

സാധാരണ ഒരു പാര്‍ട്ടി മെമ്പറായ താന്‍ പാര്‍ട്ടിയുടെ കേന്ദ്ര, സംസ്ഥാന കമ്മിറ്റിയില്‍ നടക്കുന്ന കാര്യങ്ങള്‍ എങ്ങിനെയാണ് ചോര്‍ത്തുക എന്നായിരുന്നു സുരേഷിന്റെ ചോദ്യം. 2012ലാണ് തന്നെ പുറത്താക്കിയത്. 2013 ലാണ് നടപടിക്ക് അംഗീകാരം ലഭിക്കുന്നതെന്നും സുരേഷ് പറഞ്ഞു.