Mon. Nov 23rd, 2026

തിരുവനന്തപുരം: ശാസ്ത്രപ്രചാരകനും ഫിസിക്‌സ് അധ്യാപകനുമായ വൈശാഖൻ തമ്പിയും അവസാനം സംഘിയും വംശവെറിയനുമായി. ഇസ്ലാമിസ്റ്റുകൾ സോഷ്യൽമീഡിയയിൽ വൈശാഖൻ തമ്പിക്കെതിരെ ഇന്നലെമുതൽ വലിയ സൈബർ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്ലീം വെറിയൻ, മുസ്ലീം വിരുദ്ധൻ, വംശവെറിയൻ, കൾട്ട് ലീഡർ, രവിചന്ദ്ര ശിഷ്യൻ, ആരിഫ് അനുയായി, ഇസ്ലാമോ ഫോബിയക്കാരൻ…. എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങളും സർട്ടിഫിക്കറ്റുകളുമാണ് വൈശാഖൻ തമ്പിക്ക് സോഷ്യൽമീഡിയ വഴി ഇസ്ലാമിസ്റ്റുകൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.

വൈശാഖൻ തമ്പി ചെയ്ത അപരാധം, ഹേബല്‍ അന്‍വര്‍ എന്ന പതിമൂന്ന് കാരനെ അത്ഭുതബാലനായി അവതരിപ്പിക്കുന്നതിന് പിന്നിലെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയതാണ്. നിരവധി മുസ്ലിം മതസംഘടനകൾ ഹേബല്‍ അന്‍വര്‍ എന്ന വിദ്യാര്‍ത്ഥിയെയയും അദ്ദേഹം കരസ്ഥമാക്കിയതായി പറയപ്പെടുന്ന നേട്ടത്തെയും ആഘോഷിച്ച് രംഗത്ത് വന്നിരുന്നു.

പിന്നീട് നിരവധി പൊതുപരിപാടികളില്‍ ഈ പതിമൂന്നുകാരൻ അതിഥിയായി എത്തുകയും ചെയ്തു. സ്‌കൂളില്‍ പോകാതെ തന്നെ വിദ്യാഭ്യാസ മേഖലയില്‍ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയ അത്ഭുതബാലന്‍ എന്ന തരത്തിലാണ് വിദ്യാര്‍ത്ഥി സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുകയും അതായിരുന്നു. ഈ പയ്യനെ ഉപയോഗിച്ച് മതത്തെയും ദൈവത്തെയും വെളുപ്പിക്കാൻ പൊട്ടത്തരങ്ങൾ പറയിക്കാൻ തുടങ്ങിയതോടെയാണ് വൈശാഖൻ തമ്പിയുടെ പ്രതികരണം വന്നതും പയ്യനും അള്ളാഹുവുമൊക്കെ എയറിൽ ആയതും ഇസ്ലാമിസ്റ്റുകൾക്ക് ഹാലിളകിയതും പതിവുപോലെ ഇസ്ലാം വിമർശകർക്ക് നൽകിവരുന്ന സർട്ടിഫിക്കറ്റുകളും ചാപ്പകളുമൊക്കെയായി മമ്മദിന്റെ അനുയായികൾ സോഷ്യൽമീഡിയയിൽ പൂണ്ടുവിളയാടാൻ തുടങ്ങിയിരിക്കുന്നതും. രവിചന്ദ്രനെ എതിർത്തത്തിന്റെ പേരിൽ സുഡാപ്പി പ്രൊഫൈലുകൾ മനുഷ്യസ്നേഹിയായി വാഴ്‌ത്തിയ വൈശാഖൻ തമ്പിയാണ് ഇസ്ലാം മതത്തിൻറെ ഉഡായിപ്പിനെ വിമർശിച്ചതോടെ വംശവെറിയാനായി മാറിയത്! ഇസ്ലാമിസ്റ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണ കലാപരിപാടികൾ ആണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കോമഡി.

ഇസ്ലാമിസ്റ്റുകൾക്ക് കുരു പൊട്ടിയ വൈശാഖൻ തമ്പിയുടെ പോസ്റ്റിൻറെ പൂർണരൂപം:

ഗ്രാവിറ്റേഷണൽ ഫിസിക്സ് പ്രബന്ധം അവതരിപ്പിച്ച് ജോർജ് മേസൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പത്ത് ലക്ഷം രൂപ ഗ്രാന്റ് കിട്ടിയ, സ്കൂളിൽ പോകാത്ത അത്ഭുത ബാലൻ!

വാർത്ത കണ്ടതാണ്. പക്ഷേ കഴിഞ്ഞ കുറേകാലമായി എത്ര “ഞെട്ടിക്കുന്ന” വാർത്ത കണ്ടാലും പ്രത്യേകിച്ച് ഒന്നും തോന്നാത്ത ആളാണ് ഞാൻ. ഒന്നുരണ്ട് തവണ തുടർച്ചയായി കണ്ടപ്പോൾ മാത്രമാണ് തലക്കെട്ടിന് അപ്പുറത്തേയ്ക്ക് വായിച്ചത്. പ്രത്യേകിച്ച് ഒരു വിശദാംശവും ഇല്ലാതെ, വളരെ ദുരൂഹമായ ഒരു വിവരണം. വാർത്ത അവതരിപ്പിക്കുന്ന ആളുടെ അന്തംവിടലിന് അപ്പുറം, വിഷയത്തിന്റെ മെറിറ്റ് വ്യക്തമാകുന്ന ഒന്നുമില്ലാത്തതിനാൽ അതപ്പഴേ വിട്ടു.

പക്ഷേ പിന്നീടങ്ങോട്ട് എങ്ങോട്ട് തിരിഞ്ഞാലും അത്ഭുതബാലൻ! ഒരുപാട് പേര് വാർത്തകളും വീഡിയോ ലിങ്കുകളും അയച്ചുതന്ന് അഭിപ്രായം ചോദിക്കുകയുണ്ടായി.

ഇത്തരമൊരു വാർത്ത കേട്ടാൽ വിശദാംശങ്ങൾ അറിയാനുള്ള ഏറ്റവും ആദ്യത്തെ മാർഗം, ഇതിലെ പ്രധാന കീവേഡുകൾ ചേർത്ത് ഗൂഗിളിൽ ചുമ്മാതൊന്ന് സെർച്ച് ചെയ്യുക എന്നതാണ്. തിയററ്റിക്കൽ ഫിസിക്സിൽ പ്രബന്ധം അവതരിപ്പിച്ച് വിദേശയൂണിവേഴ്സിറ്റിയിൽ നിന്ന് 10 ലക്ഷം രൂപ ഗ്രാന്റ് വാങ്ങിയ, സ്കൂളിൽ പോകാത്ത അത്ഭുതകരനായ പതിമൂന്നുവയസ്സുകാരൻ എന്നത് ഒരു ശ്രദ്ധേയമായ സംഭവമായി തോന്നിയിരിക്കുന്നത് കുറച്ച് മലയാള മാധ്യമങ്ങൾക്കും, ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾക്കും, യൂട്യൂബ് ചാനലുകൾക്കും മാത്രമാണ്! അതാണ് ശരിയ്ക്കുള്ള അത്ഭുതം. ആ അത്ഭുതത്തോടുകൂടിയാണ് നേരത്തേ പറഞ്ഞതുപോലെ ഞാനാ സംഭവം വിട്ടത്.

പക്ഷേ കാര്യങ്ങൾ അവിടെ നിന്നില്ല. പിന്നീട് നോക്കുമ്പോൾ, പല പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേദികളിൽ പ്രഭാഷണം നടത്തുന്നു, വലിയ വലിയ വിഷയങ്ങൾ സംസാരിക്കുന്നു, സംശയങ്ങൾക്ക് മറുപടി കൊടുക്കുന്നു, വിദ്യാർത്ഥികൾക്ക് ഉപദേശം കൊടുക്കുന്നു. പലരും ആളെ ഐൻസ്റ്റൈനോടും ന്യൂട്ടനോടുമൊക്കെ ഉപമിക്കുന്നു. സ്കൂളിൽ പോകുന്നതുകൊണ്ടാണ് മറ്റ് കുട്ടികൾക്ക് ഇത്തരം അത്ഭുതങ്ങൾ സാധിയ്ക്കാത്തത് എന്നുവരെ ചിലർ കണ്ടുപിടിക്കുന്നു.

കാര്യങ്ങൾ കൈവിട്ടുപോകുന്നതുപോലെ തോന്നിയതുകൊണ്ടാണ് കുറച്ചുകൂടി വിശദമായി ഇക്കാര്യം അന്വേഷിക്കാൻ തീരുമാനിച്ചത്. ആ പയ്യന്റെ കുറേ ഇന്റർവ്യൂസും ന്യൂസ് ബൈറ്റ്സും ഒക്കെ പരതിയപ്പോൾ കുറച്ചുകൂടി വിവരങ്ങൾ കിട്ടി.

ജോർജ് മേസൺ യൂണിവേഴ്സിറ്റിയിലെ മെർക്കാറ്റസ് സെന്റർ ആണ് പയ്യന് ഗ്രാന്റ് നൽകിയിരിക്കുന്നതായി പറയപ്പെടുന്നത്. അവിടത്തെ ഒരു ഡോ. ശ്രുതി രാജഗോപാലാണ് അതിന് മേൽനോട്ടം കൊടുത്തിരിക്കുന്നത്. മെർക്കാറ്റസ് സെന്ററിന്റെ സൈറ്റിൽ ഈ കുട്ടിയുടേയോ ഈ ഗ്രാന്റിന്റേയോ കാര്യങ്ങൾ കാണാനില്ല. മാത്രമല്ല അവരെക്കുറിച്ച് അവർ പറയുന്നത് മാർക്കറ്റിനെ അധികരിച്ചുള്ള പോളിസി റിസർച്ചാണ് അവരുടെ ഫോക്കസ് എന്നാണ് (”…market-oriented thinking and classical liberal ideas, we equip high-agency talent to apply bold ideas that shape institutions, inform policy, and help people flourish. ) അതായത് സോഷ്യൽ സയൻസാണ് അവരുടെ ഏരിയ. ഡോ. ശ്രുതി രാജഗോപാൽ ഒരു സാമ്പത്തികശാസ്ത്രജ്ഞയാണ്.

കുട്ടിയ്ക്ക് ഗ്രാന്റ് കിട്ടിയിരിക്കുന്നത് പക്ഷേ ഗ്രാവിറ്റേഷണൽ തിയറി എന്ന തിയററ്റിക്കൽ ഫിസിക്സിലെ വിഷയത്തിനാണ്!

ഒരു വാർത്തയിൽ നിന്ന് Emergent Venture Grant എന്നൊരു വാക്ക് കിട്ടിയതുവച്ച് സെർച്ച് ചെയ്തപ്പോൾ അങ്ങനൊരു സംഗതിയുണ്ട്. വലിയ ഇംപാക്റ്റ് ഉണ്ടാക്കാൻ സാധ്യതയുള്ള, അതേസമയം വലിയ റിസ്ക്കുള്ള തീർത്തും പുതിയ ആശയങ്ങൾക്കാണ് അത് നൽകപ്പെടുന്നത്. സമൂഹത്തിൽ കൂടുതൽ അഭിവൃദ്ധിയും, അവസരങ്ങളും സുഖസൗകര്യങ്ങളും ഒരുക്കാൻ സഹായകമായ ആശയങ്ങൾക്ക് തുടക്കമിടാൻ സഹായിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. 13 വയസ്സ് കഴിഞ്ഞവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുണ്ടാവുക. മുൻപ് ഈ ഗ്രാന്റ് കിട്ടിയിട്ടുള്ള, അതിന്റെ ഇൻഡ്യൻ ഘടകത്തിന് മേൽനോട്ടം കൊടുക്കുന്ന ആളാണ് ശ്രുതി രാജഗോപാലൻ. ഈ ഗ്രാന്റ് തുക നിയതമായ ഒന്നല്ല, അത് ഓരോ ആശയത്തിനും അനുസരിച്ച് മാറാം.

മുൻപ് ഈ ഗ്രാന്റ് കിട്ടിയവരുടെ ഒരു ലിസ്റ്റ് അവർ നൽകിയിട്ടുണ്ട്. (https://newscience.org/emergent-ventures-winners/) അതിൽ പെട്ടെന്ന് ശ്രദ്ധിക്കുന്ന രസകരമായ ഒരു കാര്യം, ലിസ്റ്റിലെആദ്യ പേര് Anonymous എന്നതാണ്! വളരെ ലൂസായി വിവരണങ്ങൾ നൽകിയിരിക്കുന്ന, തീരെ ഔപചാരികസ്വഭാവം പുലർത്താത്ത ഒന്നാണ് EV ഗ്രാന്റിന്റെ സൈറ്റ്. അതൊക്കെ അവഗണിച്ചാലും, ആ ലിസ്റ്റിൽ നമ്മുടെ പയ്യന്റെ പേരില്ല. ആ ലിസ്റ്റ് 2021-ൽ അവസാനിക്കുകയാണ്. അതിന് ശേഷം അത് അപ്ഡേറ്റായിട്ടില്ല!

[Update: ഈ വലിയ ചർച്ചകൾക്കിടെ ചിലർ മെർക്കാറ്റസ് സെന്ററുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു. കുട്ടിയ്ക്ക് ഗ്രാൻ്റ് ലഭിച്ചിട്ടുണ്ട് എന്ന കാര്യം ശരിയാണ് എന്നവർ ശരിവെക്കുന്നു. പക്ഷേ അത് ഗവേഷണപ്രബന്ധത്തിനുള്ള അംഗീകാരമല്ല, മറിച്ച് പൊട്ടൻഷ്യലുള്ള ഒരു കുട്ടിയ്ക്ക് ഫിസിക്സ് ഒളിമ്പ്യാഡിന് തയ്യാറെടുക്കുന്നതിനുള്ള ധനസഹായമായിട്ടാണ്. ആ ഗ്രാന്റ് അത്തരത്തിലാണ് പ്രവർത്തിക്കുന്നത്.]

ഇനി ഞാൻ സംസാരിക്കുന്നത് പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിൽ ഫിസിക്സ് പഠിപ്പിക്കുന്ന ഒരു അധ്യാപകൻ എന്ന നിലയിലാണ്.

സ്വന്തം റിസർച്ച് വിഷയത്തെപ്പറ്റി ആ പയ്യൻ പറയുന്ന കാര്യങ്ങൾ കേട്ടാൽ, അറിയാത്ത സയൻസ് ജാർഗണുകൾ മാലപോലെ കോർത്ത് പറയുന്നതിനപ്പുറം അതേപ്പറ്റി എന്തെങ്കിലും ധാരണയുള്ളതായി തോന്നില്ല. നാലോ അഞ്ചോ ‘പേപ്പറുകൾ എഴുതി’ എന്ന് പുള്ളി പലയിടത്തും പറയുന്നുണ്ട്. എന്നാൽ പുള്ളിയുടെ പേരിനും പുള്ളി പറയുന്ന തിയറികളുടെ പേരിനും ഒന്നും തന്നെ ഇന്റർനെറ്റിൽ രേഖകളൊന്നുമില്ല. സോറി റ്റു സേ, 2025-ൽ, രഹസ്യമായി റിസർച്ച് പ്രബന്ധം പബ്ലിഷ് ചെയ്യാൻ കഴിയുന്ന ഒരു വിഷയമല്ല തിയററ്റിക്കൽ ഫിസിക്സ്! അഥവാ, അങ്ങനെ എഴുതപ്പെടുന്ന എഴുത്തുകളെ അല്ല, ‘പ്രബന്ധം’ എന്ന് വിളിക്കുന്നത്.

ആ പയ്യൻ നന്നായി സംസാരിക്കുന്നുണ്ട്. തീർച്ചയായും അവൻ ഈ വിഷയത്തിൽ കുറേയേറെ വായിച്ച് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നതും വ്യക്തമാണ്. പക്ഷേ ആധികാരികവും അല്ലാത്തതുമായ കുറേ പോപ്പുലർ സയൻസ് റിസോഴ്സുകളിൽ നിന്ന് കുറേ ടെക്നിക്കൽ വാക്കുകൾ പിക്കപ്പ് ചെയ്തത് ഒഴിച്ചാൽ തിയററ്റിക്കൽ ഫിസിക്സിൽ വ്യക്തമായ ഒരു ആശയ അടിത്തറ അയാൾക്ക് കിട്ടിയിട്ടില്ല. 13 വയസ്സുളള, സ്കൂളിൽ ഫോർമലായി ഫിസിക്സോ മാത്തമാറ്റിക്സോ പഠിച്ചിട്ടില്ലാത്ത ഒരു കുട്ടിയ്ക്ക് അത് കിട്ടാനുള്ള സാധ്യത 0% ന് വളരെ അടുത്താണ്. ഐസ് കട്ട അലിഞ്ഞ വെള്ളം എങ്ങോട്ട് പോയി എന്ന ചിന്തയിൽ നിന്ന് വൈറ്റ് ഹോൾ എന്ന ആശയത്തിലെത്തി എന്ന് ആ കുട്ടി കുറേ സ്ഥലത്ത് പറയുന്നുണ്ട്. പുല്ലിൽ മൂത്രമൊഴിക്കുമ്പോൾ പതയുന്നത് എന്തുകൊണ്ട് എന്ന ചിന്തയിൽ നിന്നും ക്വാണ്ടം കംപ്യൂട്ടർ കണ്ടെത്തി എന്ന് പറയുന്നതുപോലെ തന്നെയാണത്. ഇതിന് പുറമേ, ‘മാത്തമാറ്റിക്സ് ഫോർമലൈസ് ചെയ്യാൻ മാത്രമാണ്, ഫിസിക്സ് തോട്ടാണ്’, ‘ബ്ലാക്ക് ഹോൾ കോസ്മോളജിയാണ്, വൈറ്റ് ഹോൾ ഫിസിക്സാണ്’ എന്നിങ്ങനെ സ്വന്തം അവ്യക്തത പ്രകടമാകുന്ന ഒരുപാട് വാചകങ്ങൾ ആ കുട്ടിയുടെ വായിൽ നിന്ന് വീഴുന്നുണ്ട്.

ഇതിലൊന്നും ആ കുട്ടിയെ ഒരു രീതിയിലും കുറ്റപ്പെടുത്താനാവില്ല. ചില കുട്ടികൾ ഇത്തരത്തിലുള്ള പാഷനേറ്റായ താത്പര്യങ്ങൾ ഉള്ളവരാണ്. അവസരം കിട്ടിയാൽ അവർ അതിന്റെ പിന്നാലെ വെച്ചുപിടിക്കും. അതിനെ ശരിയായ ദിശയിൽ ചാനൽ ചെയ്തുവിട്ടാൽ അവർക്ക് തീർച്ചയായും ഒരുപാട് ഉയരങ്ങളിൽ എത്താനുമാകും. പക്ഷേ ഇവിടെ അവനെ പൊക്കിക്കൊണ്ട് നടക്കുന്നവർ മിക്കവാറും അവന്റെ ഭാവി തന്നെ നശിപ്പിക്കുന്ന മട്ടാണ് കാണുന്നത്. അവരവർക്ക് മനസ്സിലാവുന്നില്ല എന്നതുകൊണ്ട് മാത്രം, അവൻ എടുത്ത് പ്രയോഗിക്കുന്ന സയൻസ് buzzwords ഒക്കെ കണ്ട് അന്തംവിട്ട് അവനെ ഐൻസ്റ്റൈനും ന്യൂട്ടനുമൊക്കെ തുല്യമാക്കി, അത് അവനെക്കൂടി വിശ്വസിപ്പിച്ച്, അവന്റെ മുന്നോട്ടുള്ള പോക്ക് അവർ തടയുകയാണ് ചെയ്യുന്നത്. അവനെക്കൊണ്ട്, ഫിസിക്സ് വെച്ച് പടച്ചോന് കൂടി ജാമ്യമെടുത്ത് കൊടുക്കുന്നതുകൊണ്ട് ഗുണമുള്ള ടീമുകൾ അതും മുതലാക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ വളർന്നുവരുന്ന കുട്ടികൾക്ക് അവനെക്കൊണ്ട് ഉപദേശം കൂടി കൊടുപ്പിച്ച് കുറച്ചുപേരെ കൂടി വഴിതെറ്റിക്കാനും എല്ലാരുംകൂടി നോക്കുന്നുണ്ട്.

Child Prodigy എന്ന പേരിൽ ആഘോഷിക്കപ്പെടുന്ന കുട്ടികളെക്കുറിച്ച് ഞാൻ മുൻപും എഴുതിയിട്ടുണ്ട്. അതിന്റെ രത്നച്ചുരുക്കം ഒരിയ്ക്കൽ കൂടി ഇവിടെ പറയാം. സത്യത്തിൽ അസ്ട്രോണമിയിലോ കോസ്മോളജിയിലോ ജിജ്ഞാസയില്ലാത്ത ഒരു കുട്ടിയെ കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ് എന്നാണ് എന്റെ അനുഭവം. എത്ര കേട്ടാലും തൃപ്തിവരാത്തവിധം പിന്നേയും പിന്നേയും അവരുടെ മനസ്സിൽ ആ വിഷയത്തിലുള്ള ചോദ്യങ്ങൾ വന്നുകൊണ്ടിരിക്കും. അത് എല്ലാക്കാലത്തും അങ്ങനെ ആയിരുന്നു. പക്ഷേ മുൻപെങ്ങും ഇല്ലാതിരുന്ന ഒരു സവിശേഷസാഹചര്യം ഈയടുത്ത കാലത്ത് നിലവിൽ വന്നിട്ടുണ്ട്; വിവരവിപ്ലവം. അതുകൊണ്ട് തന്നെ ഇന്ന് ജിജ്ഞാസയുള്ള കുട്ടികൾ ഗൂഗിളിലും യൂട്യൂബിലുമൊക്കെ നിരന്തരം തിരഞ്ഞ് ഇതുമായി ബന്ധപ്പെട്ട കണ്ടെന്റ് ഉൾക്കൊള്ളുന്നുണ്ട്. ഇതിന്റെ സ്വാഭാവികഫലമെന്നോണം മറ്റ് രീതികളിൽ പരിചയപ്പെടാൻ തീരെ സാധ്യതയില്ലാത്ത ഒരുപാട് ആശയങ്ങൾ കുട്ടികൾക്ക് കിട്ടുന്നുണ്ട്. പക്ഷേ ഇവിടെ ഒരു പ്രശ്നം ഉള്ളതായി കണ്ടിട്ടുണ്ട്. ഫിസിക്സിൽ അതിയായ താത്പര്യമുണ്ട് എന്ന് ആമുഖമായി പറയുന്ന പല കുട്ടികളുടെയും താത്പര്യം ബ്ലാക് ഹോളിലും വാർപ് ഡ്രൈവിലും സിംഗുലാരിറ്റിയിലുമൊക്കെയായി കുരുങ്ങിപ്പോകുന്നുണ്ട്. ബ്ലാക് ഹോളിനെപ്പറ്റി വാതോരാതെ സംസാരിക്കാനുള്ള വിവരങ്ങൾ ഉണ്ടാകും, പക്ഷേ പ്ലസ് ടൂ കഴിഞ്ഞിട്ടും ന്യൂട്ടൻ നിയമം കൃത്യമായി മനസിലായിട്ടുണ്ടാവില്ല!

അറിവിന് ഒരു പടിപടിയായ പുരോഗതിയുണ്ട്. പ്രത്യേകിച്ച് ഫിസിക്സ് പോലുള്ള നാച്ചുറൽ സയൻസുകളിൽ. അതിൽ മുകളിലത്തെ പടിയിൽ വരുന്ന ക്വാണ്ടം ഫിസിക്സോ ജനറൽ റിലേറ്റിവിറ്റിയോ ഒക്കെ ഏറ്റവും താഴത്തെ പടിയിലെ ന്യൂട്ടൻ നിയമത്തിലും ബോയിൽ നിയമത്തിലുമൊക്കെ തുടങ്ങി, പടിപടിയായി കാൽക്കുലസിലും ഇലക്ട്രോമാഗ്നെറ്റിസത്തിലുമൊക്കെയായി അനേകം അടരുകളുടെ ബലത്തിലാണ് നിൽക്കുന്നത്. ഇതിൽ നേരിട്ടൊരു എയർലിഫ്റ്റ് സാധ്യമല്ല. അതത് പ്രായത്തിൽ പഠിക്കേണ്ട അടിസ്ഥാനകാര്യങ്ങൾ അപ്രസക്തമെന്ന് തോന്നിക്കുന്ന വിധം അവരുടെ ശ്രദ്ധ എക്സോട്ടിക് ആയ വിഷയങ്ങളിൽ കുടുങ്ങിപ്പോകുന്നത് അക്കാദമികമായി ദോഷമേ ചെയ്യൂ. കുട്ടികൾ ബ്ലാക് ഹോളിനേയും വാർപ് ഡ്രൈവിനേയും പോലെ അക്ഷരാർത്ഥത്തിൽ എടുത്താൽ പൊങ്ങാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, അവരുടെ ജിജ്ഞാസ മാത്രമാകാം അവിടെ പ്രവർത്തിക്കുന്നത്. അതിനെ അവരുടെ അസാമാന്യപ്രതിഭ ആയി തെറ്റിദ്ധരിച്ച് അത് അവരെത്തന്നെ വിശ്വസിപ്പിക്കുന്നത് കാര്യങ്ങളെ ശരിയ്ക്ക് മനസിലാക്കുന്നതിൽ നിന്ന് അവരെ തടയുകയേ ചെയ്യൂ. അത് അവരോട് ചെയ്യുന്ന വലിയ ദ്രോഹമാണ്.

അവസാനമായി ഇന്നത്തെ മാധ്യമപ്രവർത്തകർക്ക് പരിചയമില്ലാത്ത ഒരു പുതിയ വാക്ക് പരിചയപ്പെടുത്തിക്കൊണ്ട് നിർത്തട്ടെ, “സോഴ്സ്”.