തൃശൂർ: അമൃതാനന്ദമയിക്കു മുൻപിൽ കേരളത്തിൻ്റെ സാംസ്കാരിക വകുപ്പു മന്ത്രി നടത്തിയ പ്രകടനങ്ങൾ മലയാളികൾക്ക് ഒന്നടങ്കം നാണക്കേടാണെന്ന് കേരള യുക്തിവാദി സംഘം. യുക്തിചിന്തയും ശാസ്ത്രബോധവും പ്രചരിപ്പിക്കാൻ ഭരണഘടനാ പരമായി ബാധ്യതപ്പെട്ട സാംസ്കാരിക വകുപ്പു മന്ത്രി ഒരു ആൾ ദൈവത്തിനു മുൻപിൽ ഇത്ര അധ:പതിക്കരുതായിരുന്നു.

സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ നടപടി കേരളത്തിൻ്റെ നവോത്ഥാന മൂല്യങ്ങൾക്കു് നേരെയുള്ള വെല്ലുവിളിയാണ്. ആൾ ദൈവങ്ങൾ നൽകുന്ന സൗജന്യങ്ങൾ നമ്മുടെ നാടിനെ കൊള്ളയടിച്ചതിൻ്റെ ചെറിയൊരംശം മാത്രമാണ്. ഇത്തരം സൗജന്യങ്ങൾ നൽ കിക്കൊണ്ടാണ് ഇവരെല്ലാം കാരുണ്യത്തിൻ്റെ കാവലാളാകുന്നതെന്ന് പൊതുജനം അറിയുന്നില്ല.
അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന ഗെയിൽ ട്രെഡ് വെലുമായി ഇപ്പോഴത്തെ എം.പി ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിൽ അമൃതാന്ദമയീ മഠത്തിൽ നടക്കുന്നകാര്യങ്ങൾ വ്യക്തമായി പ്രതിപാദിച്ചിരുന്നു. സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ്റെ നടപടികളിൽ കേരളയുക്തിവാദിസംഘം ശക്തമായി പ്രതിഷേധിക്കുന്നു എന്ന് സംസ്ഥാന പ്രസിഡണ്ട് ഗംഗൻ അഴീക്കോട്. ജനറൽ സെക്രട്ടറി ടി.കെ. ശക്തിധരൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.


