ബിന്ദു തങ്കം കല്യാണി
പീഢോഫീലിയ ഒരു മനോവൈകല്യമാണ്. അല്ലാതെ അതൊരാളുടെ സെക്ഷ്വാലിറ്റി അല്ല. അങ്ങനെ ആണെന്ന് സ്ഥാപിക്കാൻ എത്രയൊക്കെ വാദമുഖങ്ങൾ നിരത്തിയാലും നിങ്ങൾക്ക് വിജയിക്കാനാവില്ല. കാരണം ലോകത്തിന്നോളം നടന്നിട്ടുള്ള എല്ലാ പഠനങ്ങളും ചെന്നെത്തി മുട്ടി നിൽക്കുന്നത് അവിടെയാണ്. ലോകത്ത് അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളിലെ മാനസിക ശാസ്ത്രജ്ഞരും മനോരോഗ വിദഗ്ദ്ധരും എത്തി നിന്നതും ഇവിടെത്തന്നെയാണ്. എന്നിട്ടും വിദ്യാഭ്യാസവും വിവരവും വിവേക ബുദ്ധിയുമുള്ളവർ എന്നഭിമാനിക്കുന്ന മലയാളികൾ ആർക്ക് വേണ്ടിയാണ് മുറവിളി കൂട്ടുന്നത്.
സെക്സെന്നാൽ രണ്ടുപേർ പരസ്പര സമ്മതത്തോടെ, ആസ്വദിച്ച് ചെയ്യുന്ന ഒരു പ്രവർത്തി ആകണമല്ലോ? എങ്കിൽ പിറന്ന് വീണ കുഞ്ഞിനെ മുതൽ മഞ്ച് കൊടുത്ത് കൂട്ടിക്കൊണ്ടു പോകാൻ പറ്റുന്ന കുട്ടിയോട് വരെ കാണിച്ച് കൂട്ടുന്നത് സെക്സാണോ? സെക്ഷ്വൽ വയലൻസ് അല്ലേ? ഈ കുഞ്ഞുങ്ങൾക്ക് എവിടെയാണ് ഈ വയലൻസിൽ പങ്കാളിത്തം? ഒരാളുടെ ലൈംഗികതക്ക് വേണ്ടി തന്റെ ശരീരത്ത് സംഭവിക്കുന്നത് എന്താണെന്ന് പോലും മനസ്സിലാവാതെ നിന്ന് കൊടുക്കുന്നതാണോ അയാളുടെ സെക്ഷ്വാലിറ്റി എന്ന് നിർവചിക്കേണ്ടത്?
തന്റെ ശരീരത്തിൽ സംഭവിച്ചതിനെ ജീവിതകാലം മുഴുവൻ പേടിയോടെയും വെറുപ്പോടെയും ഓർക്കേണ്ടി വരുന്ന പെൺകുട്ടിക്കാലങ്ങൾ / പെൺജീവിതങ്ങൾ നിങ്ങൾക്ക് ഒന്നുമല്ലെന്നാണോ? അതോ നമ്മുടെ സമൂഹം ലൈംഗിക മനോരോഗികളുടെ കൂട്ടമായത് കൊണ്ട് എല്ലാ പെൺകുട്ടികളും ഈ സമൂഹത്തിൽ ഇത് സഹിക്കേണ്ടി വരും എന്ന് നോർമലൈസ് ചെയ്യുകയാണോ? ആ നോർമലൈസേഷനിൽ പെൺകുട്ടികളുടെ മാനസിക സുരക്ഷയെ എന്ത് പറഞ്ഞാണ് ഇവർക്ക് ന്യായീകരിക്കാനാവുക.. ചിലർ ജീവിതത്തിനോട് മുഖം തിരിച്ച് നിൽക്കും. ചിലർ ഒന്നും പറയാതെ, താങ്ങാനാവാത്ത മാനസിക ഭാരത്താൽ ജീവിതം തന്നെ ഒഴിഞ്ഞ് പോകും. ഇനിയും എണ്ണമറ്റ മാനസിക വ്യാപാരങ്ങളാൽ ഉഴലുന്നവരെത്ര.. എന്നിട്ടും നമ്മൾ മനോരോഗിയുടെ സെക്ഷ്വാലിറ്റിക്ക് വേണ്ടി രോദനമുതിർക്കും.ഈ നീതിയാണോ നമ്മുടെ പെൺജൻമങ്ങൾ ഏറ്റുവാങ്ങേണ്ടത്..
പീഢോഫൈൽ ആയ ഒരാളെ ഗവണ്മെന്റും നീതിപീഠവും ഒരേ സമയം കുറ്റവാളിയായും മനോരോഗിയായുമായാണ് കാണുന്നത്. അയാൾ ചെയ്യുന്ന കുറ്റമെന്താണ്? അപ്പുറം നിൽക്കുന്ന ഒരാളെ അയാളുടെ അനുവാദമോ മനസിലാക്കലോ ഇല്ലാതെ സ്വന്തം ലൈംഗിക താൽപര്യത്തിന് ഉപയോഗിച്ചു എന്നതാണ്.ഇവിടെ ഉപയോഗമാണ് നടക്കുന്നത്.പരസ്പരം സന്തോഷത്തോടെ, അനുവാദത്തോടെയുള്ള പങ്കിടലല്ല. അവിടെയാണ് അത് കുറ്റകരമാവുന്നത്.. അഞ്ച് വയസോ പത്ത് വയസോ ഉള്ള ഒരു പെൺകുട്ടിയെ എന്ത് പറഞ്ഞ് സമ്മതിപ്പിച്ചാലും എന്താണ് നടക്കുന്നതെന്ന് പൂർണ്ണമായും മനസ്സിലാക്കുകയോ ആസ്വദിക്കുകയോ ചെയ്യാനുള്ള പാകപ്പെടൽ ഉണ്ടാവുന്നില്ല. അപ്പോൾ അതൊരു അക്രമവും ക്രിമിനൽ പ്രവർത്തിയുമായി മാറുന്നു. ആ ക്രിമിനൽ പ്രവർത്തിക്ക് മനോരോഗമെന്നോ മനോവൈകല്യമെന്നോ ഉള്ള ആനുകൂല്യമുണ്ട്. ആ ആനുകൂല്യം അയാളെ കുറ്റവാളി അല്ലാതാക്കുന്നില്ല. നിയമത്തിന് മുൻപിൽ കുറ്റവാളി ശിക്ഷിക്കപ്പെടണം, ശിക്ഷിക്കപ്പെടും.
കേരളത്തിലെ പ്രശസ്തനായ ഒരു മനോരോഗ വിദഗ്ദ്ധൻ പറഞ്ഞത് ഇങ്ങനെ ശിക്ഷിക്കപ്പെടുന്നവരെ മനോവൈകല്യ/ മനോരോഗ വിഭാഗത്തിൽപ്പെടുത്താറുണ്ടെങ്കിലും വേണ്ട ചികിത്സ കിട്ടാറില്ലെന്നാണ്.. ഇത് ഒരു നോർമലായ സെക്ഷ്വാലിറ്റി അല്ലെന്നു ബോധ്യപ്പെടുത്തി അവരെ വീണ്ടും കുറ്റകൃത്യത്തിലേക്ക് തള്ളിവിടാതിരിക്കാനുള്ള ബാധ്യത നമ്മുടെ മാനസിക രോഗ ചികിത്സാ വിഭാഗം ഏറ്റെടുക്കേണ്ടതുണ്ട്. അത്തരം ചികിത്സാ സംവിധാനങ്ങൾ കൂടി ഇവിടെ സജ്ജീകരിക്കപ്പെടണം. അല്ലാത്തപക്ഷം നമ്മുടെ കുഞ്ഞുങ്ങൾ കാലങ്ങളോളം അതിന്റെ തീവ്രമായ ദുരന്തങ്ങൾ അനുഭവിക്കേണ്ടി വരും.
പീഢോസിൻെറ മറ്റൊരു വാദം ഇവരുടെ സെക്ഷ്വാലിറ്റി നോർമലാണെന്നും അതുകൊണ്ട് LGBTIQA പോലെ ഒരു ലൈംഗികതയായി പരിഗണിച്ച് അതിൽപ്പെടുത്തണമെന്നുമായിരുന്നു. ഒരു മാനസിക വൈകല്യത്തെ / മനോരോഗത്തെ എങ്ങനെയാണ് ആ കമ്യൂണിറ്റിയിൽപ്പെടുത്തുക. അതിന്റെ അർത്ഥം ആ സമൂഹവും മനോവൈകല്യമുള്ളവർ ആണ് പറയാതെ പറയുകയല്ലേ. Trans കമ്യൂണിറ്റിയെ ഒരു കാലത്ത് (ഇന്നും ഒരു വിഭാഗം) മാനസിക രോഗികളായിക്കണ്ട് ചികിത്സിച്ച് ഭേദമാക്കണമെന്ന് മുറവിളി കൂട്ടിയിരുന്നു.ഇന്നത് കുറേയധികം മാറ്റുകയും Gender തന്നെ re define ചെയ്യുകയുമുണ്ടായി. ഈ കാലത്താണ് പീഢോഫീലിയക്കാർക്കും പുതിയ ജെൻററും സെക്ഷ്വാലിറ്റിയുമുണ്ടാണ്ടാക്കാൻ ശ്രമം നടക്കുന്നത്. പരമ ദയനീയം എന്നല്ലാതെ ഒന്നും പറയാനില്ല. ഒരു കൂട്ടം മനോവൈകല്യമുള്ളവരെ ട്രാൻസsങ്ങുന്ന സമൂഹത്തിൽപ്പെട്ടു ത്തി അവരെ വീണ്ടും മനോരോഗികൾ എന്ന് വിളിപ്പിക്കണമോ എന്ന് ട്രാൻസ് അടങ്ങുന്ന സമൂഹം തീരുമാനിക്കട്ടെ..
ചികിത്സ പൂർണ്ണമായ പ്രതിവിധിയല്ല..
ഒരു കുറ്റവാളിയാണ് ചികിത്സക്കെത്തുന്നത്. അയാൾ കുറ്റം ചെയ്തു കഴിഞ്ഞു. അതിന്റെ ദുരന്തങ്ങൾ മറ്റൊരാൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതിനെ ഒഴിവാക്കാൻ കഴിയലല്ലേ യഥാർത്ഥ പ്രതിവിധി. കുഞ്ഞുങ്ങളുടെ ജീവിതത്തോട് നമ്മൾ കാണിക്കേണ്ട മാന്യതയാണ് മാനസികാരോഗ്യത്തോടെ അവർക്ക് വളരാനുള്ള സാഹചര്യ’മൊരുക്കുക എന്നത്. അപര വ്യക്തിത്വത്തോട് നമ്മൾ കാണിക്കേണ്ട മര്യാദകൂടിയാണ് അത്. കുഞ്ഞുങ്ങളോടായാലും മുതിർന്നവരോടായാലും.. വിദ്യാഭ്യാസവും വിവേകവും മാനസികാരോഗ്യവും തിരിച്ചറിവുമുള്ള ദരു ജനതയാണ്, സമൂഹമാണ് ആത്യന്തികമായ പ്രതിവിധി.