Wed. Sep 23rd, 2026

കോഴിക്കോട്: യെമെനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ നടക്കുന്ന ഇടപെടൽ അന്തിമഘട്ടത്തിലേക്ക്. കൊല്ലപ്പെട്ട യമനി പൗരൻ തലാലിന്റെ കുടുംബത്തിന് ദയാ ധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. ഇതുസംബന്ധിച്ച് യമനിൽ നടക്കുന്ന ചർച്ചകൾ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് മർകസ് അധികൃതർ അറിയിച്ചു.

രണ്ടാം ദിവസത്തെ ചർച്ചകൾ അൽപസമയത്തിനകം പുനഃരാരംഭിക്കും. യമൻ സമയം രാവിലെ പത്ത് മണിക്കാണ് കുടുംബവുമായുള്ള സുപ്രധാന യോഗം. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിർദേശ പ്രകാരം ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കാൻ തലാലിന്റെ നാടായ ദമാറിൽ എത്തിയിട്ടുണ്ട്. അദ്ദേഹം ശൈഖ് ഹബീബ് ഉമറിന്റെ സൂഫി ഓർഡർ അനുയായിയും മറ്റൊരു പ്രധാന സൂഫി വര്യന്റെ മകനും ആണ് എന്ന കാര്യം വലിയ പ്രതീക്ഷ നൽകുന്നു. അദ്ദേഹം കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുടുംബങ്ങൾക്ക് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശ വാസികൾക്കിടയിലും വളരെ വൈകാരിക പ്രശ്നമായ ഒരു കൊലപാതകം കൂടിയാണ് തലാലിന്റേത്. അത് കൊണ്ടാണ് ഇത്രയും കാലം ആർക്കും തന്നെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലോടെ ആണ് കുടുംബവുമായുള്ള കമ്യൂണിക്കേഷൻ ആദ്യമായി സാധിക്കുന്നത്. പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയുള്ള ഇടപെടലാണ് കുടുംബത്തിനെ പുനരാലോചനയിലേക്ക് സമ്മതിപ്പിച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ കുടുംബം മാനിക്കുകയാണ് ചെയ്തത്.

ഇന്നത്തെ ചർച്ചയിൽ ബ്ലഡ് മണി സ്വീകരിക്കുന്ന കാര്യത്തിലും ഒരു അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. കുടുംബത്തെ അനുനയിയപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്ന സാഹചര്യതത്തിൽ നാളെ വധശിക്ഷ നടപ്പാക്കാൻ എടുത്ത തീരുമാനം താൽക്കാലികമായി നീട്ടിവെക്കുക എങ്കിലും ചെയ്യണം എന്ന കാന്തപുരത്തിന്റെ ആവശ്യവും യമൻ ഭരണകൂടം ഇന്ന് പരിഗണിക്കും.