Wed. Sep 23rd, 2026

തിരുവനന്തപുരം: ചെറിയനാട് ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ജയില്‍ മോചനത്തിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബോണ്ട് സമര്‍പ്പിച്ചാല്‍ ഷെറിന് പുറത്തിറങ്ങാം. നിലവില്‍ ഷെറിന്‍ 15 ദിവസത്തെ പരോളിലാണ്. പരോള്‍ കാലാവധി കഴിയും മുന്‍പ് ജയിലില്‍ ഹാജരായി നടപടി പൂര്‍ത്തിയാക്കിയാല്‍ മതി. മന്ത്രിസഭ ശുപാര്‍ശ നേരത്തെ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു.ഷെറിന്‍ അടക്കം 11 പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. ഇവരെ വിട്ടയക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചു.

2009ലാണ് ഭര്‍തൃപിതാവായ ഭാസ്‌കര കാരണവരെ ഷെറിനും മറ്റു മൂന്നു പ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍ കൊലപ്പെടുത്തിയത്. നേരത്തേ ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഷെറിന് അടിക്കടി പരോള്‍ ലഭിച്ചതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുന്നതും സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതും മോചനത്തിന് തിരിച്ചടിയായി.ഇതേത്തുടര്‍ന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോം രാജ് ഭവന്‍ ഏര്‍പ്പെടുത്തി. ശുപാര്‍ശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ ചെയ്യുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.