Sun. Nov 22nd, 2026

✍️ സി.ആർ.സുരേഷ്

മലയാള സിനിമയുടെ ആദ്യകാല വളർച്ചയുടെ നാൾവഴികളിൽ, തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് ആ സിനിമകളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ലളിതമായ ഭാഷയിൽ അത് വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്ത ഒരു നിരൂപകനായിരുന്നു ഗോപി കുഴൂർ (1927 – 2020). ടി.ഐ.ഗോപിനാഥമേനോൻ എന്നാണ് ശരിയായ പേര്.

ജീവിതനൗകയും നീലക്കുയിലും രാരിച്ചൻ എന്ന പൗരനും അടക്കമുള്ള ആദ്യകാല മലയാളസിനിമകളുടെ സവിശേഷതകൾ മലയാളിയെ ബോധ്യപ്പെടുത്തിയ മാധ്യമപ്രവർത്തകനുമായിരുന്നു. 1927-ൽ തൃശൂർ ജില്ലയിലെ കുഴൂരിൽ തോപ്പിൽ ഇഞ്ചോര കുടുംബത്തിൽ ജനനം.

ചേന്ദമംഗലം സ്കൂളിലും തൃശ്ശൂർ സെന്റ് തോമസ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.
ബാലപംക്തിയിലൂടെ എഴുത്തിന്റെ വഴിയിലെത്തി. എ.പി.ഉദയഭാനുവിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്നും ഇറങ്ങിയ പ്രബോധനത്തിലാണ് തുടക്കം. കൊല്ലത്തു നിന്നും ഇറങ്ങിയ മലയാളരാജ്യത്തിൽ 18 വർഷം പ്രവർത്തിച്ചു.

ദീനബന്ധു, പ്രഭാതം, മാതൃഭൂമി, കൗമുദി, എക്സ്പ്രസ്സ് (തൃശ്ശൂർ) തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെല്ലാം നിരവധി ലേഖനങ്ങൾ എഴുതി. ചലച്ചിത്രോത്സവങ്ങളുടെ തുടക്കകാലത്ത് കൊൽക്കൊത്ത ഫിലിം ഫെസ്റ്റിവെലിൽ പലതവണ പങ്കെടുത്തിട്ടുണ്ട്. 1989-ൽ പുറത്തിറക്കിയ ക്ലോസപ്പ്, മുഖത്തോട് മുഖം എന്നിവ സ്വന്തം രചനകളാണ്.

അഷ്ടമിച്ചിറയിലെ അമ്പഴക്കാട് താമസമാക്കിയിരുന്ന ഗോപി കുഴൂർ 2020 മെയ് 18-ന് അന്തരിച്ചു.
വൈക്കം മുഹമ്മദ് ബഷീർ, കേസരി ബാലകൃഷ്ണപിള്ള, എം.പി.പോൾ, ജോസഫ് മുണ്ടശ്ശേരി, സി.ജെ.തോമസ്, ചങ്ങമ്പുഴ, എം.ഗോവിന്ദൻ, എന്നിവരുമായി ഗോപി കുഴൂർ നടത്തിയ അഭിമുഖങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ശിവാജി ഗണേശൻ, എം.ജി.ആർ, സത്യൻ, പ്രേംനസീർ, ശാരദ, തുടങ്ങി പലരേയും അഭിമുഖം നടത്തുകയും അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും, ഗോപി കുഴൂരിനെ കുറിച്ച് സ്വന്തം നാട്ടിലുള്ളവർക്കു പോലും അധികമൊന്നും അറിയില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ സത്യം. സിനിമാ നിരൂപണ കലയെ ഗൗരവമായി സമീപിച്ച ഈ പ്രതിഭയ്ക്ക് അർഹിക്കുന്ന അംഗീകാരങ്ങളൊന്നും ലഭിക്കാതെ പോയത് ഒരു കുറവായി നിലനിൽക്കുന്നു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908