Sat. Nov 21st, 2026

✍️ സി.ആർ.സുരേഷ്

1912 മെയ് 18 ന് ആണ് ഇന്ത്യയിൽ നിർമിച്ച ആദ്യ ചലച്ചിത്രം ‘ശ്രീ പുണ്ഡലിക് ‘ ബോംബെയിലെ കോറണേഷൻ തിയേറ്ററിൽ പ്രദർശിപ്പിക്കപ്പെട്ടത്. രാമറാവു കീർത്തികറുടെ മറാഠി നാടകത്തെ ആധാരമാക്കി എൻ.ജി.ചിത്രെ, പി.ആർ.ടിപ്നിസ് എന്നിവരുടെ സഹായത്തോടെ രാമചന്ദ്രഗോപാൽ എന്ന ദാദാസാഹേബ് ടോറൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.12മിനിറ്റായിരുന്നു ഈ നിശബ്ദചിത്രത്തിന്റെ ദൈർഘ്യം.

മുംബൈയിലെ ലാമിങ്ടൺ റോഡിലുള്ള സർ മംഗളദാസ് നാഥാബായുടെ വക സ്ഥലത്തുവെച്ചായിരുന്നു ഈ മറാത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഭാരമേറിയ ക്യാമറ ഒരു സ്ഥലത്തുതന്നെവെച്ചായിരുന്നു ചിത്രീകരണം. അതുകൊണ്ട് ഒറ്റ ആംഗിളിലുള്ള ചിത്രീകരണം മാത്രമാണ് നടന്നത്. എഡിറ്റിങ്, ക്ളോസപ്പ് ഷോട്ടുകൾ എന്ന സങ്കല്പം തന്നെ ഇല്ലായിരുന്നു.

ഷൂട്ടിംഗ് കഴിഞ്ഞതോടെ ബാക്കിജോലിക്കായി പണമില്ലാതെയിരുന്ന അവർക്ക് കാമറ നൽകിയ ബൗണേ ആൻഡ് ഷെപ്പേഡ് കമ്പനിയാണ് ഫിലിം പ്രോസസ്സ് ചെയ്ത് നല്‍കിയത്. ദൈർഘ്യം കുറവായിരുന്നതുകൊണ്ട് ഇതിനോടൊപ്പം ‘എ ഡെഡ്മാൻസ് ചൈൽഡ്’ എന്ന ഇംഗ്ലീഷ് ഷോർട്ട് ഫിലിമും ചേർത്താണ് പുണ്ഡലിക്’ റിലീസ് ചെയ്തത്.

എന്നാൽ ഇന്ത്യൻ സിനിമയുടെ പിതാവാകാൻ ടോർണേയ്ക്ക് കഴിഞ്ഞില്ല. ടോർണേയുടെ ചിത്രം ‘ഒറിജനൽ സ്‌ക്രിപ്റ്റിൽ’ നിന്നായിരുന്നില്ല, അക്കാലത്തെ ഒരു സ്റ്റേജ് നാടകം ക്യാമറയിൽ പകർത്തുകമാത്രമാണ് ചെയ്തത്. അതിൽ പ്രവർത്തിച്ച ക്യാമറാമാൻ വിദേശിയായിരുന്നു തുടങ്ങിയ കാരണങ്ങളാലാണ് ആ സ്ഥാനം നഷ്ടമായത്.

ഇതിനുമുമ്പ് അനന്തറാം, പരശുറാം കരന്തികർ, വി.പി.ദിവേകർ, ശ്രീനാഥ് പതങ്കർ, റാനഡേ, ഭട്കാൺണ്ടേ എന്നിവർ ചേർന്ന് ‘പതങ്കർ യൂണിയൻ’ എന്ന പേരിൽ ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി ഉണ്ടാക്കി ഹിന്ദുപുരാണത്തിലെ സാവിത്രിയുടെ കഥ ചലച്ചിത്രമാക്കിയിരുന്നു. അഹമ്മദാബാദിൽ നിന്നുള്ള നരമദാമാണ്ടേ എന്ന നാടകനടിയാണ് സാവിത്രിയുടെ വേഷംചെയ്തത്. വ്യാസന്റെ റോളിൽ സംഘത്തിലെ ദിവകറും അക്കാലത്തെ നാടകനടനും കായികാഭ്യാസയുമായിരുന്ന കെ.ജി.ഗോഖലെ ജയമുനിയുടെ വേഷവും ചെയ്തു.

1000 അടിനീളമുള്ള ഈ ചിത്രം 1912 മെയ് മസത്തിൽ ചിത്രീകരണം പൂർത്തിയായെങ്കിലും പ്രോസസിംങ് കഴിഞ്ഞപ്പോൾ ഫിലിമിൽ എടുത്തതൊന്നും പതിഞ്ഞില്ല. ഈ ചിത്രം പുറത്തിറങ്ങിയിരുന്നെങ്കിൽ അവരാകുമായിരുന്നു ഇന്ത്യയിലെ ആദ്യ ചിത്രത്തിന്റെ സ്രഷ്ടാക്കൾ. ആദ്യ നായിക നർമ്മദാമാണ്ടേയും.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908