Sun. Nov 22nd, 2026

ചെന്നൈ: ഗോകുലം ​ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. ​​ഗോകുലത്തിന്റെ സ്ഥാപനങ്ങളിൽ തുടരുന്ന പരിശോധന ഫെമ, പിഎംഎൽഎ ചട്ടലംഘനങ്ങളിലെന്ന് ഇഡി വ്യക്തമാക്കുന്നു. 1000 കോടിയുടെ വിദേശ വിനിമയ ചട്ടലംഘനമെന്നാണ് പ്രാഥമിക വിവരം. ​​ഗോകുലം ചിറ്റ് ഫണ്ടുമായി ബന്ധപ്പെട്ട വഞ്ചന കേസുകളിലും പിഎംഎൽഎ അന്വേഷണം നടക്കുന്നുണ്ട്.

കോഴിക്കോട് ഗോകുലം സ്ഥാപനത്തിലും ഇഡി റെയ്‌ഡ് നടക്കുന്നുണ്ട്. അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാൻ്റ് ഹോട്ടലിലുമാണ് പരിശോധന നടക്കുന്നത്. 11.30യോടെയാണ് കൊച്ചി ഇഡി ഓഫീസിൽ നിന്നുള്ള സംഘം കോർപറേറ്റ് ഓഫീസിലെത്തിയത്. ടാക്സി വാഹനങ്ങളിൽ ഗോകുലം ഹോട്ടലിലെത്തിയ ഇഡി ഉദ്യോഗസ്ഥർ പിന്നീട് ഗോകുലം മാളിലേക്കും പരിശോധനയ്ക്ക് പോവുകയായിരുന്നു.

ഏറെ വിവാദമായ എമ്പുരാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ് ഗോകുലം ഗോപാലന്‍. ഈ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം നേടിയതിന് പിന്നാലെയാണ് റെയ്ഡ്. എംപുരാന്‍ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സംഘപരിവാറിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 24 ഇടങ്ങളില്‍ സിനിമ സെന്‍സര്‍ ചെയ്തിരുന്നു.എന്നാല്‍ ഇപ്പോഴത്തെ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും സിനിമയുമായി ബന്ധമില്ലെന്നാണ് ഇഡി നല്‍കുന്ന സൂചന.

അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ രണ്ടുവര്‍ഷം മുന്‍പ് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. രാജ്യത്ത് ഉടനീളം 400ലധികം ശാഖകളാണ് ഗോകുലം ചിട്ട്‌സിന് ഉള്ളത്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908