Sat. Nov 21st, 2026

പറവൂർ: കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം മൂലം രാജിവെച്ച കഴകക്കാരൻ ബാലു കാണിച്ചത് ശുദ്ധമായ മണ്ടത്തരമാണെന്നും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ താല്പര്യമില്ലായിരുന്നുവെങ്കില്‍ ഈ ജോലിക്ക് അപേക്ഷിക്കരുതായിരുന്നു എന്നും ഗവണ്‍മെന്റും ദേവസ്വം ബോര്‍ഡും ബാലുവിന് അനുകൂലമാണെങ്കില്‍ എന്തിന് അയാള്‍ ഭയക്കണം എന്നും തിരുവിതാങ്കൂർ ദേവസ്വം ബോർഡിലെ ഏക അബ്രാഹ്മണ തന്ത്രി കെഎസ് രാകേഷ്. ‘എനിക്ക് നേരിട്ട അതേ പ്രശ്‌നം തന്നെയാണ് ബാലുവിന്റെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്. സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലൂടെ ജാതിയുടെ അടിസ്ഥാനത്തിലുള്ള കീഴ് വഴക്ക ആചാരങ്ങളെല്ലാം ഇല്ലാതായെന്നും’ പറവൂർ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ കൂടി ആയ കെഎസ് രാകേഷ് പറഞ്ഞു.

ഞാന്‍ സുപ്രീംകോടതി വരെ കേസുമായി പോയിരുന്ന സമയത്ത് എനിക്കും ഭീഷണികള്‍ ഉണ്ടായിരുന്നു. ‘നിന്റെ അച്ഛന് എത്രയോ ക്ഷേത്രങ്ങളില്‍ താന്ത്രിക ജോലികള്‍ ഉണ്ട്. പിന്നെ എന്തിനാണ് ഈ ഒറ്റത്തോര്‍ത്തും ഉടുത്ത് ക്ഷേത്രത്തില്‍ ശാന്തിയാകാന്‍ പോകുന്നത്. നീ തന്ത്രിയല്ലേ. എന്തിനാണ് ബ്രാഹ്‌മണരുടെ ശാപമേല്‍ക്കുന്നത്. അവരുടെ ജോലി കളഞ്ഞിട്ട് നിനക്ക് എന്ത് കിട്ടാനാണ്. എന്നൊക്കെ ഒത്തിരിപ്പേര്‍ ഫോണ്‍ വഴി പറഞ്ഞ് എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. ഞാന്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല. കാരണം ശ്രീനാരായണ ഗുരുദേവിന്റെ ആശയങ്ങളാണ് എന്നെ നയിക്കുന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന് പറഞ്ഞ ഗുരു ദൈവത്തിൻറെമേലുള്ള ബ്രാഹ്മണന്റെ ഉടമവകാശത്തെ ചോദ്യംചെയ്‌തുകൊണ്ട് വിപ്ലവാത്മകമായി പ്രതിഷ്ഠ ചെയ്ത ഒരാളായിരുന്നു. അതുകൊണ്ട് തന്നെ ഈ ഭീഷണികള്‍ കൊണ്ടൊന്നും ഞാന്‍ ഭയന്നുമില്ല പിന്‍മാറിയതുമില്ല. പിന്നെ പല സംഘടനകളും എനിക്ക് പിന്തുണയുമായും വന്നു.

കഴകക്കാരന് ഒരിക്കലും ശ്രീലകത്തേക്ക് കയറേണ്ടതോ മന്ത്രദീക്ഷ കൊടുക്കുകയോ ഒന്നും വേണ്ട. ആ ജോലി ചെയ്യാന്‍ ബാലു യോഗ്യനായത് കൊണ്ടാണല്ലോ ദേവസ്വം റിക്യൂട്ട്‌മെന്റ് ബോര്‍ഡ് അയാളെ നിയമിച്ചത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാര്‍ കേസിന് പോയാലും അത് നിലനില്‍ക്കുകയില്ല. കേസ് തള്ളിപ്പോകുമെന്നത് ഉറപ്പാണ്.

ഇന്ന് കൊച്ചിന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളൊക്കെ നിലനില്‍ക്കുന്നത് അബ്രാഹ്‌മണരായ പൂജാരിമാര്‍ ഉള്ളതുകൊണ്ടാണ്. ബ്രാഹ്‌മണ പൂജാരിമാര്‍ ഇന്ന് ഉദ്യോഗാര്‍ത്ഥികളായി ഇന്റര്‍വ്യൂവിന് വരുന്നത് പോലും കുറഞ്ഞിട്ടുണ്ട്. നിലവില്‍ 80-85 ശതമാനവും അബ്രാഹ്‌മണരായ ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

ബാലുവിന് കഴക ജോലി അറിയാവുന്നതുകൊണ്ടും കഴിവുള്ളതുകൊണ്ടും ഭക്തിയോട് കൂടിയുമാകുമല്ലോ ഈ ജോലിക്ക് ശ്രമിച്ചതും കിട്ടിയതും. പിന്നെ പിന്മാറണ്ട കാര്യമില്ലല്ലോ. ശുദ്ധമായ മണ്ടത്തരമാണ് ബാലു കാണിച്ചത്. തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ താല്പര്യമില്ലായിരുന്നുവെങ്കില്‍ ഈ ജോലിക്ക് അപേക്ഷിക്കരുതായിരുന്നു. ഗവണ്‍മെന്റും ദേവസ്വം ബോര്‍ഡും ബാലുവിന് അനുകൂലമാണെങ്കില്‍ എന്തിന് അയാള്‍ ഭയക്കണം.

ഈഴവ സമുദായത്തിലുള്ള ഒരാള്‍ ശിവക്ഷേത്രത്തില്‍ പൂജ ചെയ്യുന്നത് ഭക്തന്‍ എന്ന നിലയ്ക്ക് തന്റെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്ന കാണിച്ച് ആദിത്യന്‍ നമ്പൂതിരിയായിരുന്നു എനിക്കെതിരെ കേസ് കൊടുത്തിരുന്നത്. ആ ക്ഷേത്രത്തില്‍ ബ്രാഹ്‌മണര്‍ മാത്രമേ പൂജ നടത്തിയിരുന്നുള്ളൂ. ബ്രാഹ്‌മണരില്‍ തന്നെ കേരള, തുളു ബ്രാഹ്‌മണര്‍ക്ക് മാത്രമായിരുന്നു പൂജയ്ക്ക് അതുവരെ അവകാശം ഉണ്ടായിരുന്നത്. അതുവരെ തുടര്‍ന്ന കീഴാചാര, കീഴ് വഴക്ക ലംഘനമാണ് എന്റെ നിയമനത്തിലൂടെ നടന്നത്. അതുകൊണ്ട് ആ ആചാരങ്ങള്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം ഹൈക്കോടതിയില്‍ കേസ് കൊടുത്തത്.

കീഴാചാര, കീഴ് വഴക്കം എന്ന് പറയുന്നത് ചെയ്തുകൊണ്ടിരുന്ന രീതിയില്‍ തന്നെ തുടരണം എന്നും അല്ലാതെ ആര് ചെയ്യണം എന്നോ, ഇന്നയാള്‍ തന്നെ ചെയ്യണമെന്നോ പറയുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നായിരുന്നു വിഷയത്തില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും പിന്നീട് വിധിച്ചത്.

ഞാന്‍ നിലവില് ദേവസ്വം റിക്യൂട്ട്‌മെന്റ് ബോര്‍ഡിന്റെ ശാന്തി നിയമനത്തിന്റെ സബ്ജക്റ്റ് എക്‌സ്‌പേര്‍ട്ടായിരുന്നു. ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡിലെ 400 ലധികം ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അതില്‍ അവര്‍ പറയുന്ന സിലബസ് പ്രകാരം താന്ത്രിക വിദ്യകള്‍ പഠിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് ചോദിക്കുക. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതില്‍ യോഗ്യതയുണ്ടെങ്കില്‍ അവരെ സെലക്ട് ചെയ്യും. അല്ലാതെ ബ്രാഹ്‌മണനെന്നോ അബ്രാഹ്‌മണനെന്നോ ഒന്നും നോക്കാറില്ല. എന്റെ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലൂടെ കീഴാചാരങ്ങളൊക്കെ ഇല്ലാതായികഴിഞ്ഞു. സുപ്രീംകോടതി വിധി നിയമമാണ്.

200 ഓളം ക്ഷേത്രങ്ങളില്‍ എൻറെ അച്ഛന് താന്ത്രിക അവകാശമുണ്ട്. അതുകൊണ്ട് അച്ഛന്റെ കൂടെ പ്രാക്ടീസ് ചെയ്യാനും താന്ത്രിക കാര്യങ്ങള്‍ പഠിക്കാനുമാണ് 12 വര്‍ഷം ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്തതിന് ശേഷം ഞാന്‍ രാജിവെച്ചത്. അച്ഛന്റെ കാലശേഷം ഈ 200 ഓളം ക്ഷേത്രങ്ങളില്‍ ഞാനിന്ന് താന്ത്രിക കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. നിലവില്‍ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡിന്റെയും തന്ത്രി കൂടിയാണ് ഞാന്‍. അങ്ങനെയാണ് ഞാൻ ഇന്റര്‍വ്യൂ ബോര്‍ഡില്‍ വരുന്നത്. ഇതിന് മുമ്പും കൊച്ചിന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലും ഇന്റര്‍വ്യൂ ബോര്‍ഡില്‍ വന്നിട്ടുണ്ട്.

ബാലു കാണിച്ചത് മുഴുവൻ അവർണ്ണർക്കും നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. നിയമം നാലുവിന് അനുകൂലമായിട്ടും ഗവണ്‍മെന്റും ദേവസ്വം ബോര്‍ഡും ബാലുവിന് ഒപ്പം നിന്നിട്ടും എന്തിനെ ആണ് അയാള്‍ ഭയക്കുന്നതെന്ന് അറിയില്ല. തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ താല്പര്യമില്ലായിരുന്നുവെങ്കില്‍ ഈ ജോലിക്ക് അപേക്ഷിക്കരുതായിരുന്നു എന്നുതന്നെയാണ് തൻറെ അഭിപ്രായമെന്ന് രാകേഷ് തന്ത്രി പറഞ്ഞു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908