Mon. Nov 23rd, 2026

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട് ഏകദേശം അഞ്ച് മാസങ്ങള്‍ക്ക് ശേഷം, ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രല്ലയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയതായി റിപ്പോര്‍ട്ട്. ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശത്താണ് വലിയകൂട്ടം ജനങ്ങള്‍ ഒത്തുകൂടിയത്.എന്നാല്‍ നിരീക്ഷണത്തിനിറങ്ങിയ ഇസ്രയേല്‍ യുദ്ധവിമാനങ്ങളെ കണ്ട് ജനക്കൂട്ടം കുറച്ചുനേരം ആശങ്കയിലായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ സമ്മേളനത്തിന് മുകളിലൂടെ പറക്കുന്ന ഇസ്രയേലി യുദ്ധവിമാനങ്ങളുടെ ശബ്ദം താഴെ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന ആളുകളെ അല്‍പ്പനേരം സ്തബ്ധരാക്കിയെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

ഹസ്സന്‍ നസ്രല്ലയുടെ ശവസംസ്‌കാര ചടങ്ങിന് മുകളിലൂടെ നാല് ഇസ്രയേലി എഫ്-16 യുദ്ധവിമാനങ്ങളാണ് പറന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഇന്ന് ഹസ്സന്‍ നസ്രല്ലയുടെ ശവസംസ്‌കാരമാണ്. ലോകത്തെ മെച്ചപ്പെട്ട സ്ഥലമായി ഇത് മാറിയെന്ന്’ ഇസ്രയേല്‍ സൈന്യം എക്സില്‍ പോസ്റ്റ് ചെയ്തു.

പതിറ്റാണ്ടുകളായി ഇസ്രയേലുമായുള്ള സംഘര്‍ഷത്തിലൂടെ ഷിയാ മുസ്ലീം ഗ്രൂപ്പിനെ നയിക്കുകയും പ്രാദേശിക സ്വാധീനമുള്ള ഒരു സൈനിക ശക്തിയായി അതിന്റെ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്ത നസ്രല്ലയുടെ കൊലപാതകം, ഹിസ്ബുള്ളയെ വളരെയധികം ദുര്‍ബലപ്പെടുത്തിയ ഇസ്രയേലി സംഘര്‍ഷത്തിന്റെ ആദ്യ ആക്രമണങ്ങളിലൊന്നായിരുന്നു.

ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള ബെയ്‌റൂട്ടിലെ തെക്കന്‍ പ്രാന്തപ്രദേശത്തെ ഒരു സ്റ്റേഡിയത്തിലാണ് നസ്രല്ലയ്ക്കും കൊല്ലപ്പെട്ട മറ്റ് നേതാക്കള്‍ക്കും വേണ്ടി ഞായറാഴ്ച ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഹിസ്ബുള്ളയുടെയും, ഹസ്സന്‍ നസ്രല്ലയുടെയും ചിത്രങ്ങളുമായാണ് വലിയ രീതിയില്‍ അനുയായികള്‍ ഒത്തുകൂടിയത്. 5,5,000 സീറ്റുകളുള്ള കാമില്‍ ചാമൗണ്‍ സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം ചടങ്ങ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ നിറഞ്ഞിരുന്നുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഹസ്സന്‍ നസ്രല്ലയുടെ ശവസംസ്‌കാര ദിനത്തില്‍, ഇസ്രയേലിനെതിരെ തുടര്‍ന്നും ‘പ്രതിരോധം’ നടത്തുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രതിജ്ഞയെടുത്തു. ‘കൈയേറ്റം, അടിച്ചമര്‍ത്തല്‍, അഹങ്കാരം എന്നിവയ്ക്കെതിരായ പ്രതിരോധം അവസാനിച്ചിട്ടില്ലെന്നും ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുന്നതുവരെ അത് തുടരുമെന്നും ശത്രുക്കള്‍ അറിയണം,’ ഖമേനി തന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.