✍️ ലിബി. സി.എസ്
എസ്എൻഡിപി യോഗത്തിൻറെ ആയുഷ്കാല പ്രസിഡന്റ് ആയിരുന്നെങ്കിലും നാരായണഗുരു അതിൻറെ ഒരു മിനിട്സിൽ പോലും പേരെഴുതി ഒപ്പിട്ടിട്ടില്ല. ഇവരെടുക്കുന്ന തീരുമാനങ്ങളുടെ പാപ ഭാരം താൻ കൂടി ചുമക്കേണ്ട എന്ന് കരുതിയാവും ചിലപ്പോൾ അങ്ങിനെ ചെയ്തത്. വൈസ് പ്രസിഡന്റാണ് ഒപ്പിട്ടിരുന്നത്.
എന്നാൽ നാരയണഗുരു സ്വന്തം പേരെഴുതി ഒപ്പിട്ട് എടുത്ത സുപ്രധാനങ്ങളായ 4 തീരുമാനങ്ങളുടെ രേഖകളുടെ പകർപ്പാണ് ഇതോടൊപ്പമുള്ളത്. 4 രേഖകളും ഈഴവരുടെ ശല്യം സഹിക്കാതെയും ഈഴവർക്കെതിരെയുമാണ് എന്ന് കാണാം.

1) 1916 ലെ ഗുരുവിൻറെ പ്രശസ്തമായ ജാതിയും മതവും ഉപേക്ഷിച്ചുകൊണ്ടുള്ള വിളംബരം. ഗുരു ജീവിച്ചിരുന്ന കാലത്തും മരിച്ച ശേഷവും ഗുരുവിന്റേ വാസ്തവത്തിന് വിരുദ്ധമായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത് ഈഴവരാണ്. ഗുരുവിന്റെ ആ പത്ര പരസ്യം പോലും ഈഴവ സമുദായത്തിന് എതിരെയണ് “ചിലപ്രത്യേക വഗർഗ്ഗക്കാർ…. തൻറെ വാസ്തവത്തിന് വുരുദ്ധമായി……” എന്ന് അതിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ? ഏതാണ് ആ വർഗ്ഗക്കാർ എന്ന് മനസിലായില്ലേ?
ഇപ്പോൾ മരണശേഷവും ഗുരുവിനെ സനാതനി ആക്കി വാസ്തവ വിരുദ്ധത പ്രചരിപ്പിക്കുന്നതും ഈഴവരല്ലേ?
2) 1916 ൽ തന്നെ ഇതേ വിഷയത്തിൽ എസ്എൻഡിപി യോഗത്തിൻറെ വൈസ് പ്രസിഡന്റ് ആയ ഡോ. പൽപ്പുവിന് പ്രസിഡന്റായ നാരയണഗുരു എസ്എൻഡിപിയുമായി ബന്ധം അവസാനിപ്പിച്ചുകൊണ്ട് എഴുതിയ രാജിക്കത്ത്. അതിലും എന്തുകൊണ്ടാണ് താൻ മുൻപേ മനസിൽനിന്നു വിട്ടിരുന്നതുപോലെ ഇപ്പോൾ വക്കിൽനിന്നും പ്രവൃത്തിയിൽ നിന്നും എസ്എൻഡിപിയെ വിടുന്നത് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടല്ലോ?

3) ഗുരു പേരെഴുതി ഒപ്പിട്ട് ഗുരു ഇറക്കിയ മഹാസന്ദേശം ആണ് ഇത്. സാഹചര്യം അറിയാമല്ലോ സഹോദരൻ അയ്യപ്പൻറെ നേതൃത്വത്തിൽ 1917 ൽ നടന്ന മിശ്രഭോജനത്തെ തുടർന്ന് സഹോദരനെയും സഹപ്രവർത്തകരെയും ഈഴവർ വേട്ടയാടുകയും പുലചോകാന്മാരാക്കി സമുദായ ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കുകയും സഹോദരനെ ശാരീരികമായി ആക്രമിക്കുകയും ഒക്കെ ചെയ്തപ്പോൾ കുമാരൻ ആശാൻ ഉൾപ്പെടെ സഹോദരൻ അയ്യപ്പനെതിരെ വിവേകോദയത്തിൽ എഡിറ്റോറിയൽ എഴുതിയപ്പോഴാണ് ഗുരു ഈ സന്ദേശം പുറപ്പെടുവിച്ചത്. അതിൽ ഈഴവന്മാരെ ഒന്നുകൂടി കുരു പൊട്ടിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നത് മാത്രമല്ല കല്യാണം കഴിക്കുന്നതിലും ഒരു കുഴപ്പവുമില്ല എന്നാണ് ഗുരു പേരെഴുതി ഒപ്പിട്ടിരിക്കുന്നത്.

4) 1926.ൽ (കൊല്ലവര്‍ഷം 1101ല്‍) ശ്രീനാരായണ ഗുരു നാവായിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വർക്കല ശിവഗിരിമഠത്തിൽ താമസിക്കുന്ന തൻറെ ശിഷ്യൻ ബോധാനന്ദൻറെ പേരിൽ രജിസ്റ്റര്‍ ചെയ്ത 12ാം നമ്പര്‍ വില്പത്രം. ഇതും ആർക്കെതിരെ ആയിരുന്നെന്നും ഗുരുവിൻറെ പേരിലുള്ള സ്വത്തും കൊടുത്തില്ല എന്നും എല്ലാവർക്കും അറിയാമല്ലോ? ആ സ്വത്തിന് വേണ്ടി ഗുരുവിന് അവസാനകാലത്ത് വട്ട് ആയിരുന്നു എന്നുവരെ കോടതിയിൽ അഫിഡവിറ്റ് എഴുതിക്കൊടുത്ത് നോക്കിയിട്ടും കിട്ടിയില്ല, ആ അഫിഡവിറ്റ് ഒരു ചരിത്രരേഖ ആയി എന്നല്ലാതെ!

താൻ ഹിന്ദുവോ ഈഴവനോ അല്ലെന്ന് പല തവണ ഗുരു പറഞ്ഞിട്ടുണ്ട്. ഗുരുവിന് ഇഴവരെ നന്നായി അറിയാമായിരുന്നു, അതുകൊണ്ട് അതെല്ലാം വേണ്ടതുപോലെ ചെയ്തിട്ടാണ് ഗുരു മരിച്ചത്. നിയമപരമായി ശിവഗിരി മഠത്തിന് ഈഴവ സമുദായത്തിന് ഒരവകാശവുമില്ല. മറ്റെല്ലാവരെയും പോലെ വെള്ളാപ്പള്ളിക്കും ഈഴവന്മാർക്കും പോയിട്ട് പോരാമെന്നല്ലാതെ. പക്ഷെ കാവി ഉടുത്തിട്ടും ജാതി പോകാത്തവന്മാരാണ് തൻറെ ശിഷ്യസംഘത്തിൽ അധികവും ഉള്ളതെന്നും അവരെ ഉപയോഗിച്ഛ് ഇതുപോലെ ഒളിഗാർക്കി ഭരണം നടത്താനാവുമെന്നു ഗുരു ചിന്തിച്ചില്ല.

നാരായണഗുരു ദൈവമല്ല മനുഷ്യനാണ് എന്നതിൻറെ ഏറ്റവും നല്ല തെളിവാണ് ഇത്. അല്ലെങ്കിൽ ജാത്യാഭിമാനികളായ ഈഴവർക്കെരിരെ ഇത്രയും ജാഗ്രത പുലർത്തിയ അദ്ദേഹത്തിന് ദൈവമായിരുന്നെങ്കിൽ ഇങ്ങനൊരു ചതി ഒളിഞ്ഞിരിക്കുന്നത് മുൻകൂട്ടി കാണുമായിരുന്നില്ലേ? ദൈവം സർവ്വജ്ഞനാണല്ലോ?
“നാരയണഗുരുവിൻറെ ഒന്നാം നമ്പർ ശത്രു ഈഴവരും ഈഴവത്വവുമാണ്” എന്ന് അഴീക്കോട് മാഷ് എഴുതിയിട്ടുണ്ട്. “1928 ൽ ഗുരു സമാധിയായത് നന്നായി ഇല്ലെങ്കിൽ 1936 ന് ശേഷം ഹൃദയംപൊട്ടി മരിച്ചേനെ” എന്നും എഴുതിയിട്ടുണ്ട്. “ഗുരുവിൻറെ ദുഃഖം” വായിച്ചുനോക്കുന്നത് നല്ലതാണ്.


