Sun. Nov 22nd, 2026

✍️ സി.ആർ.സുരേഷ്

മലയാള സിനിമയ്ക്കു പുതിയ രൂപവും ഭാവവും നല്‍കി, കേരളത്തിലെ ഗ്രാമങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും കഥകൾ അതീവ ഹൃദ്യമായി പ്രേക്ഷകരുടെ മുൻപിൽ അവതരിപ്പിച്ച സംവിധായകനാണ് രാമു കാര്യാട്ട് (1928 – 1979).

തൃശൂർ ജില്ലയിൽ ഏങ്ങണ്ടിയൂരിൽ ഒരു കർഷക കുടുംബത്തിലാണ് ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമെ നേടാനായുള്ളൂ. ആദ്യ കാലങ്ങളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥയും, കവിതയും എഴുതിയിരുന്നു. കെ പി എ സിയിലൂടെ നാടകപ്രവർത്തകനായാണ് തുടക്കം. വിമൽ കുമാറിന്റെയും പി ആർ എസ് പിള്ളയുടെയും സഹായിയായി.

1953 ൽ ‘തിരമാല’ എന്ന ചിത്രത്തിനു വേണ്ടി പ്രവർത്തിച്ചു. 1954-ൽ കവിയും ഗാനരചയിതാവും സംവിധായകനുമായ പി ഭാസ്ക്കരനോടൊപ്പം ചെയ്ത ‘നീലക്കുയിൽ’ എന്ന ചിത്രത്തോടെ കേരളത്തിൽ സ്വതന്ത്ര സിനിമാ നിർമ്മാണത്തിനു തുടക്കം കുറിച്ചു. അതുവരെ തമിഴ്, അന്യഭാഷാ ചിത്രങ്ങളെ അനുകരിച്ച് ദൈവികവും അതി-കാല്പനികവുമായ ചിത്രങ്ങൾ മാത്രം പുറത്തിറക്കിയിരുന്ന മലയാള സിനിമയിൽ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, മണ്ണിന്റെ മണമുള്ള ഒരു ചിത്രമായി നീലക്കുയിൽ മാറി.

ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടുന്ന ആദ്യ ചിത്രമാണ്. 1965-ൽ കുട്ടനാടിന്റെ കഥാകാരൻ തകഴിയുടെ ക്ലാസ്സിക് നോവൽ ചെമ്മീൻ അതേ പേരിൽ സിനിമയാക്കി. ഇത് മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള ചിത്രമാണ്‌.

1961-ൽ തോപ്പിൽ ഭാസിയുടെ മുടിയനായ പുത്രൻ എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ‘മുടിയനായ പുത്രൻ’ മികച്ച മലയാള ചിത്രത്തിനുള്ള പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടി.

1978-ൽ ‘അമ്മുവിന്റെ ആട്ടിൻകുട്ടി’ മികച്ച ബാല ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. തെലുങ്കിൽ കോണ്ടഗലി എന്ന ചിത്രം സംവിധാനം ചെയ്തുവെങ്കിലും റിലീസായില്ല. 1979ൽ തുടങ്ങിയ കരിമ്പ് പൂർത്തിയാക്കാൻ കഴിയാത്തതിനാൽ കെ വിജയൻ ചിത്രം പൂർത്തിയാക്കി 1984 ൽ റിലീസ് ചെയ്തു.

പി ഭാസ്ക്കരൻ സംവിധാനം ചെയ്ത ‘രാരിച്ചൻ എന്ന പൗരൻ’ എന്ന ചിത്രത്തിൽ അഭിനയിക്കുകയും പി ലക്ഷ്മണന്റെ കണ്ണമ്മ എന്ന തമിഴ് ചിത്രം നിർമ്മിക്കുകയും ചെയ്തു. 1975-ൽ മോസ്‌കോ ചലച്ചിത്രമേളയിൽ ജൂറി അംഗമായിരുന്നിട്ടുണ്ട്.

ഇടതുപക്ഷ അനുഭാവിയായിരുന്ന കാര്യാട്ട് അസംബ്ലിയിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ചു, ഒരുപ്രാവശ്യം അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഭരതനാട്യം, മിന്നാമിനുങ്ങ്, മൂടുപടം, ഏഴുരാത്രികൾ, അഭയം, മായ, നെല്ല്, ദ്വീപ്, എന്നിവയാണ് മറ്റു സംവിധാന ചിത്രങ്ങൾ. ഋഷികേശ് മുഖർജി, മന്നാഡെ, സലിൽ ചൗധരി എന്നിവരെ മലയാളത്തിൽ അവതരിപ്പിച്ചത് രാമു കാര്യാട്ടാണ്.