Sun. Nov 22nd, 2026

✍️ സി.ആർ.സുരേഷ്

പ്രണയവും വിരഹവും ജീവിതവും സന്തോഷവും സങ്കടവും അക്ഷരങ്ങളിലൂടെ ചാലിച്ചെടുത്ത് മനസുകളിൽ നിറച്ച അസാധാരണ പ്രതിഭയുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി (1961 – 2010). കഥാ സന്ദർഭങ്ങൾക്ക് അനുയോജ്യമായ രീതിയിൽ എഴുതാനുള്ള സാമർഥ്യവും ചാരുതയും എന്നതു പോലെ തന്നെ ഈണത്തിനനുസരിച്ച് വരികളെഴുതുക എന്ന സമ്പ്രദായത്തിന്റെ അതിരുകൾക്കുള്ളിലും പുത്തഞ്ചേരി വാക്കുകൾക്ക് വല്ലാത്തൊരു കാവ്യഭംഗിയുണ്ടാക്കി.

കോഴിക്കോട്ടെ ഉള്ള്യേരിക്കടുത്ത് പുത്തഞ്ചേരിയിലാണ് ജനനം. ആകാശവാണിയുടെ വിവിധ നിലയങ്ങൾക്ക് ലളിതഗാനങ്ങളെഴുതിക്കൊണ്ടാണ് തുടക്കം. എച്ച് എം വി, രംഗിണി തുടങ്ങിയ റെക്കോഡിംഗ് കമ്പനികൾക്കു ടി വി ചാനലുകൾക്കു ഒട്ടേറെ ഗാനങ്ങളെഴുതി.

1990-ൽ ‘എൻക്വയറി’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. രഞ്ജിത്ത് തിരക്കഥയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം ചിത്രത്തിൽ എംജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിർവഹിച്ച ‘സൂര്യകിരീടം വീണുടഞ്ഞു ആണ് ആദ്യ സൂപ്പർഹിറ്റ്. ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ചത് സംഗീത സവിധായകൻ രവീന്ദ്രനുമായി ചേർന്നാണ്.

‘മനസ്സിൻ മണിച്ചിമിഴിൽ പനിനീർത്തുള്ളിപോൽ’, അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിനുവേണ്ടി രവീന്ദ്രന്റെ സംഗീതത്തിൽ അദ്ദേഹം എഴുതിയ ഈ വരികൾ മഴയെക്കുറിച്ചു സിനിമയ്ക്കു വേണ്ടി എഴുതിയ ആദ്യ വരികളായിരുന്നു.

മൂവന്തിത്താഴ് വരയിൽ വെന്തുരുകും വിൺസൂര്യൻ, ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ (കന്മദം), ‘ദീനദയാലോ രാമാ (അരയന്നങ്ങളുടെ വീട്), ‘ഹരിമുരളീരവം, ‘പാടീ തൊടിയിലേതോ (ആറാം തമ്പുരാൻ), ‘മൗലിയിൽ മയിൽപ്പീലി ചാർത്തി, ‘കാർമുകിൽവർണന്റെ ചുണ്ടിൽ, ‘ഗോപികേ, ‘മനസ്സിൽ മിഥുനമഴ (നന്ദനം), ‘എന്തേ മുല്ലേ പൂക്കാത്തൂ (പഞ്ചലോഹം) തുടങ്ങി ഒരുപാടു ഗാനങ്ങൾ ഒരുമിച്ചൊരുക്കി.

ആമ്പല്ലൂരമ്പലത്തിൽ ആറാട്ട് (മായാമയൂരം), ഒരു രാത്രി കൂടി (സമ്മർ ഇൻ ബത്‌ലഹേം), കരിമിഴിക്കുരുവിയെ കണ്ടില്ല (മീശ മാധവൻ), കണ്ണാടിക്കൂടും കൂട്ടി… (പ്രണയവർണങ്ങൾ), ആരൊരാൾ പുലർമഴയിൽ (പട്ടാളം), എന്റെ എല്ലാമെല്ലാം അല്ലേ (മീശമാധവൻ), തൊട്ടുരുമ്മിയിരിക്കാൻ കൊതിയായി (രസികൻ), ജൂണിലെ നിലാമഴയിൽ- നമ്മൾ തമ്മിൽ, ചാന്തുതൊട്ടില്ലേ ചന്ദനപ്പൊട്ടില്ലേ (ബനാറസ്) എനിക്കു പാടാൻ- (ഇവർ വിവാഹിതരായാൽ) അമ്മ മഴക്കാറിനു കൺനിറഞ്ഞു (മാടമ്പി)
ഏതോ വേനൽ കിനാവിൻ.., കൈക്കുടന്ന നിറയെ…(മായാമയൂരം), മേലെ മേലേ മാനം..,
നിലാവേ മായുമോ… (മിന്നാരം), പുലർവെയിലും പകൽമുകിലും… (അങ്ങനെ ഒരവധിക്കാലത്ത്)
നീയുറങ്ങിയോ നിലാവേ… (ഹിറ്റ്ലർ), കളഭം തരാം… (വടക്കുംനാഥൻ), ശാന്തമീ രാത്രിയിൽ (ജോണിവാക്കർ) തുടങ്ങി മുന്നൂറിൽ പരം ചലച്ചിത്രങ്ങൾക്ക് ആയിരത്തിലേറെ ഗാനരചന നിർവഹിച്ചു.
നിലാവിന്റെ നീലഭസ്മ..(അഗ്നിദേവൻ-1995), പിന്നെയും പിന്നെയും..(കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്-1997), കനകമുന്തിരികൾ..(പുനരധിവാസം-1999), ആകാശ ദീപങ്ങൾ സാക്ഷി..(രാവണപ്രഭു-2001), കാർമുകിൽ വർണ്ണന്റെ..(നന്ദനം-2002), ഉറങ്ങാതെ രാവുറങ്ങീല..(ഗൗരീശങ്കരം-2003), കണ്ണും നട്ട് കാത്തിരുന്നിട്ടും..(കഥാവശേഷൻ-2004) എന്നീ ഗാനങ്ങൾക്ക് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖർക്കു പുറമേ ലതാ മങ്കേഷ്കർ, എ ആർ റഹ്മാൻ, ഇളയ രാജ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

മേലേപ്പറമ്പിൽ ആൺ വീട് എന്ന ചിത്രത്തിനു കഥയും, കിന്നരിപ്പുഴയോരം, പല്ലാവൂർ ദേവനാരായണൻ, വടക്കും നാഥൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ – സംഭാഷണവും രചിച്ചു.

ഷഡ്ജം, തനിച്ചല്ല എന്നീ രണ്ടു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.