Sun. Nov 22nd, 2026

പാലക്കാട്: ഏറെ നേരത്തെ തിരച്ചിലിന് ശേഷം നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിഷം കഴിച്ചോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പൊലീസ് അറിയിക്കുന്നത്. നെന്മാറയിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു.

പോത്തുണ്ടി മാട്ടായിയില്‍ ഇയാളെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശം കേന്ദ്രീകരിച്ച് പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. ഇതിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പൊലീസ് പിന്‍വാങ്ങിയ ശേഷം പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടന്‍ ഇയാള്‍ പൊലീസിന്റെ വലയിലാവുകയായിരുന്നു. പോത്തുണ്ടി മലയില്‍ നിന്നും പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.

അതിനിടെ നെന്മാറ ഇരട്ടകൊലപാതകകേസില്‍ വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ എസ് എച്ച് ഒ മഹേന്ദ്ര സിന്‍ഹയെ സസ്പെന്‍ഡ് ചെയ്തു. ഉത്തരമേഖല ഐജിയുടേതാണ് നടപടി. ചെന്താമര ജാമ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ സമീപിക്കാത്തത് ഗുരുതര വീഴ്ച എന്നാണ് കണ്ടെത്തല്‍. ഒരു മാസത്തിലധികം ചെന്താമര നെന്മാറ പഞ്ചായത്ത് പരിധിയില്‍ താമസിച്ചു. കുടുംബം പരാതി നല്‍കിയിട്ടും കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐജി വിശദമായ റിപ്പോര്‍ട്ട് ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിജിപിക്ക് നല്‍കും.

വിഷയത്തില്‍ സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി ഇന്ന് രാവിലെയാണ് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയത്. ആ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയത്. പ്രതി നെന്മാറ വന്ന് ഒരു മാസത്തോളം താമസിച്ചിട്ടും കോടതിയെ അറിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല എന്നതാണ് പ്രധാന കാര്യം. ഇയാള്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുത്തില്ല, ജാമ്യ ഉത്തരവിലെ ഉപാധികള്‍ എസ്എച്ച്ഒ ഗൗനിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പഞ്ചായത്തില്‍ പോലും പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെ ഒരു മാസത്തോളം ഇയാള്‍ വീട്ടില്‍ വന്ന് താമസിച്ചു എന്നുള്ള കാര്യം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം കൊടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.