Thu. Oct 8th, 2026

തിരുവനന്തപുരം: മകന് അധ്യാപക ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. ശാസ്തമംഗലം പൈപ്പിന്‍മൂട് സ്വദേശികളായ ശ്രീകുമാരന്‍ തമ്പി, മകന്‍ ബാലു എന്നിവരയെയാണ് പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീകുമാരന്‍ തമ്പിയുടെ ഭാര്യ ജ്യോതിക്കെതിരെയും കേസെടുത്തിട്ടുണ്ട്. വീട് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസുകളിലും അച്ഛനും മകനും പ്രതികളാണ്.

മകന് നരുവാമൂട് യുപി സ്‌കൂളില്‍ അധ്യാപകനായി ജോലി നല്‍കാമെന്ന് വാദ്ഗാനം ചെയ്ത് തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നാണ് സംഘം പണം തട്ടിയത്. പരാതിക്കാരിയില്‍ നിന്നായി ഇരുപത് ലക്ഷത്തോളം രൂപ പല ഘട്ടങ്ങളിലായി കൈപ്പറ്റിയ സംഘം, ജോലി നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. സ്വന്തം സ്‌കൂളാണെന്നും നിയമനം ഉറപ്പാണെന്നും ചൂണ്ടിക്കാട്ടി ശ്രീകുമാരന്‍ തമ്പിയുടെ ഭാര്യ ജ്യോതിയാണ് വീട്ടമ്മയെ ആദ്യം സമീപിച്ചത്.