കൊച്ചി: ചേന്ദമംഗലം കൂട്ടകൊലക്കേസിലെ പ്രതി ഋതുവിന് മാനസിക വൈകല്യം ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണന് എസ്. പ്രതി ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. ഒരു ആശുപത്രിയിലും ഇയാള്‍ ചികിത്സ തേടിയിട്ടില്ലെന്നും അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ടെന്നും മുനമ്പം ഡിവൈഎസ്പി പറഞ്ഞു.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും. ശേഷമായിരിക്കും പ്രതിയുമായി തെളിവെടുപ്പ് നടത്തുക. ഋതുവിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍. വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നതായി നാട്ടുകാര്‍ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി ലഹരിക്ക് അടിമയല്ലെന്ന് പൊലീസ് കണ്ടെത്തിയത്. പ്രതി കുറ്റം ചെയ്യുന്ന സമയത്തും ലഹരി ഉപയോഗിച്ചിരുന്നില്ല.


