Sat. Nov 21st, 2026

മംഗളൂരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്കകളും ആശയക്കുഴപ്പങ്ങളും സര്‍ക്കാര്‍ പരിഹരിച്ചെന്നും റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞെന്നും കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ. നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് ആളുകള്‍ താമസിക്കുന്നുണ്ടെന്നും വനാതിര്‍ത്തികളില്‍ താമസിക്കുന്നവരാണ് വനം സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനസംരക്ഷണത്തിന് ഇപ്പോള്‍ തന്നെ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

സംയുക്ത സര്‍വേ സംബന്ധിച്ച് റവന്യൂ-വനം മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് സംയുക്ത സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 31 ജില്ലകളില്‍ സംയുക്ത സര്‍വേക്കായി കമ്മിറ്റി രൂപീകരിച്ചു. വനം, റവന്യൂ ഭൂമി സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് റിപ്പോര്‍ട്ട് അടുത്ത ആറ് മാസത്തിനുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. കൊല്ലമൊഗ്രു വില്ലേജിന് സമീപം സുബ്രഹ്‌മണ്യ റോഡിനെ ബന്ധിപ്പിക്കുന്ന കടമക്കല്ല്-കുടക് ഗാലീബീഡിന്റെ വികസനം യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും റോഡ് വികസനത്തിന് പിന്തുണ നല്‍കുകയും ചെയ്യും. കുമാരപര്‍വത ട്രെക്കിംഗ് യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്തിയ ശേഷം ഹരിതവല്‍ക്കരണത്തിനും വനസംരക്ഷണത്തിനുമായി സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 2023നും 2025നും ഇടയില്‍ സംസ്ഥാനത്ത് വനമേഖല വര്‍ധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. സന്ദര്‍ശനത്തിനിടെ വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെയെ കര്‍ണാടക ആദിവാസി അവകാശ ഏകോപന സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ച് ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി.

വനം, റവന്യൂ ഭൂമി സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കുക, കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആദിവാസികള്‍ക്കുള്ള റഗുലറൈസേഷന്‍ സ്‌കീമിന് കീഴിലുള്ള അപേക്ഷകള്‍ പരിഗണിക്കുക, സംയുക്ത സര്‍വേ നടത്തുക എന്നീ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. കുദ്രെമുഖ് നാഷണല്‍ പാര്‍ക്ക് പ്രദേശത്തെ ആദിവാസികള്‍ക്ക് പട്ടയങ്ങള്‍ നല്‍കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, കുദ്രേമുഖ് ദേശീയോദ്യാനം, ആന ഇടനാഴി, ഇക്കോ സെന്‍സിറ്റീവ് സോണുകള്‍, കടുവ സങ്കേതങ്ങള്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്ക് കീഴില്‍ ആദിവാസികള്‍ക്ക് മാത്രം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കണമെന്നും ആദിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കരുതെന്നും സമിതി അഭ്യര്‍ഥിച്ചു. നിയമപരമായ ചട്ടക്കൂടിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും വിഷയങ്ങളില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.