Mon. Nov 23rd, 2026

✍️ ലിബി. സി. എസ്

ഞാൻ കഴിഞ്ഞ ദിവസം ചേർത്തലയിൽ ഈഴവരായ 3 സിഖ് മതക്കാർ ഉണ്ടായിരുന്നു. അതിൽ ഒരാൾ യാഗം നടത്തിയ കടക്കരപ്പള്ളിക്കാരൻ ഭാസ്കരൻ എന്ന ഭൂപേന്ദ്ര സിംഗ് ആണ് എന്ന് വെറുതെ തമാശയായി പറഞ്ഞതല്ല. ചിലർ അത് തമാശയായി എടുത്ത് പ്രതികരിച്ചിരിക്കുന്നതു കണ്ടതുകൊണ്ടാണ് ഇങ്ങനെ ഒരു വിശദീകരണകുറിപ്പ് എഴുതാൻ കാരണം. അങ്ങിനെയൊക്കെ സനാതന അധർമ്മത്തോട് പ്രതികരിച്ചവരുടെ നാട്ടിലാണ് 21 ആം നൂറ്റാണ്ടിൽ യാഗം നടക്കുന്നത് കാണേണ്ട ഗതികേട് ഉണ്ടായത് എന്നാണ് ഉദ്ദേശിച്ചത്.

ചേർത്തലയിൽ 3 സിഖ് മതക്കാർ ഉണ്ടായിരുന്നു. അത് കഴിഞ്ഞതലമുറയിൽ ഉള്ള എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഭൂപേന്ദ്രസിംഗ്, ജയസിംഗ് ഭഗവാൻ സിംഗ് എന്നിവരായിരുന്നു അവർ. മൂന്നുപേരും സഹോദരസംഘത്തിൻറെ സജീവ പ്രവർത്തകരും ആയിരുന്നു. ഭഗവാൻ സിംഗ് ‘കരപ്പുറത്തെ യാഥാർഥ്യങ്ങൾ’ എന്നൊരു കൃതിയും രചിച്ചിട്ടുണ്ട്.

പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ പോയി മതം മാറിയ മൂവരും സിഖ് മതം സ്വീകരിച്ചു.ഈ സനാതന അധർമ്മത്തിൽനിന്നും പുറത്തു കടക്കാനായി ഈഴവർ എല്ലാമതത്തിലേക്കും മതം മാറിയിരുന്നു, ഈ പറഞ്ഞ മൂവരും നാട്ടിൽ തലപ്പാവും കൃപാണും, നീട്ടി വളർത്തിയ താടിയുമായി നല്ല അസൽ സിഖ് കാരായി ജീവിച്ചവരാണ്. അവരിൽ ഒരാളെ മാത്രം എല്ലാവരും അറിയും കെ.സി ജയസിംഗ് എന്ന കെസി കുട്ടൻ(യുഗപുരുഷനിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം) മറ്റൊരാൾ പുത്തനമ്പലം കാരൻ ദാമോദരൻ എന്ന ഭഗവാൻ സിങ്ങായിരുന്നു. മൂന്നാമത്തെയാൾ ഞാൻ ആദ്യം സൂചിപ്പിച്ച കടക്കരപ്പള്ളിക്കാരൻ ഭാസ്കരൻ എന്ന ഭൂപേന്ദ്ര സിംഗ്. മതം മാറാത്ത പലരും അവരോട് ഐഖ്യദാർഢ്യപ്പെട്ട് സിഖ് പേരുകൾ ഇട്ടും ഹിന്ദുത്വത്തോട് പ്രതിഷേധിച്ചിട്ടുണ്ട്.

1978 ൽ ചേർത്തല മുനിസിപ്പാലിറ്റിയുടെ രജതജൂബിലിയോട് അനുബന്ധിച്ച് പുറത്തിറക്കിയ സോവനീറിൽ ചേർത്തലയുടെ പൈതൃകം വിവരിക്കാൻ മറ്റുപലരോടുമൊപ്പം കെസി കുട്ടനെ കുറിച്ചും ചേർത്തിട്ടുണ്ട്, അതിൽ എം ഇ ആർതറിനെ ഉദ്ധരിച്ചുകൊണ്ട് മുറിവേലി പാച്ചുപിള്ള വക്കീൽ ആണ് കെസി കുട്ടൻ സിഖ് മതം ഉപേക്ഷിച്ചു ഖർ വാപ്പസി നടത്താൻ കാരണക്കാരൻ എന്ന് സൂചിപ്പിച്ചിട്ടുണ്ട്. അവസാനകാലത്ത് എസ്എൻഡിപി പ്രവർത്തകൻ മാത്രമായി അദ്ദേഹം മാറി. കെസി മരിച്ചപ്പോൾ കേരളാ കൗമുദി സപ്ലിമെൻറ് ഇറക്കിയിരുന്നു.

അതിൽ അദ്ദേഹം വിശ്വാസത്തിന്റെ പേരിൽ മതം മാറിയതല്ലെന്നും കെസി കുട്ടൻ ഒരു യുക്തിവാദി ആയിരുന്നു എന്നും സ്വതന്ത്രമായി വഴിനടക്കാനായി കണ്ടെത്തിയ ഉപാധി മാത്രം ആയിരുന്നു മതം മാറ്റം എന്നും പറയുന്നുണ്ട്. കേരളത്തിലെ അവർണ്ണ വർഗ്ഗങ്ങളുടെ അവശത അദ്ദേഹം പഞ്ചാബിലെ ശിരോമണി ഗുരുദ്വാർ പ്രബന്ധ കമ്മറ്റിയെ അറിയിച്ചു. ജഗദ്ഗുരു ശ്രീഗുരു നാനാക്കിന്റെ അനശ്വര പ്രേമഭാവം കേരളത്തിലെ അവർണാരോട് എന്നും ഉണ്ടാകുമെന്ന് അവർ അറിയിച്ചു. അങ്ങിനെയാണ് കേരളത്തിലെ സിക്ക് മത പരിവർത്തന പ്രസ്ഥാനം രൂപം കൊണ്ടത്.

അവർ കെസി യെ അങ്ങോട്ട് ക്ഷണിച്ചു. അവിടെ അവർ കെസിക്ക് രാജകീയ സ്വീകരണം ആയിരുന്നു ഒരുക്കിയത്. പട്യാല രാജാവിന്റെ അതിഥിയായിട്ടാണ് അദ്ദേഹം താമസിച്ചത്. പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ വെച്ച് തലപ്പാവ് അണിഞ്ഞു കൃപാണും ധരിച്ചു, ഇടതുകൈയ്യിൽ കൈവളയുമിട്ട് ജയ്‌സിംഗ് എന്ന പേരിൽ സിഖ് മതം സ്വീകരിച്ചു. ശ്രീഗുരു സിംഗ് ആണ് ഈ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. നാട്ടിൽ തിരിച്ചെത്തിയ കെസി തലപ്പവും വെച്ച് കയ്യിൽ വാളുമായി കൂളായി ചേർത്തല ക്ഷേത്രത്തിന് മുന്നിലൂടെ നടക്കുന്നതുകണ്ട് പലരും പഞ്ചാബിൽ പോയി സിഖുകാരായി.

ചേർത്തലയിൽ മാത്രമല്ല പല സ്ഥലങ്ങളിലും കുറെപ്പേർ അതിൽ ആകൃഷ്ടരായി സിഖ് മതത്തിൽ ചേർന്നു. പുതിയ മതം അവർ കേരളത്തിൽ പ്രചരിപ്പിച്ചു. അവരുടെയെല്ലാം നേതാവായി കെ.സി ജയസിംഗ് എന്ന കെസി കുട്ടൻ മാറി.

അവരിൽ ഭഗവാൻ സിംഗ് നാടുവിട്ട് പൊയി. കുറച്ചുകാലം തൃശൂരിലും കുറേക്കാലം പാലക്കാട് നെന്മാറ, വിതനശേരിയിലും താമസിച്ചിരുന്നു. അവിടെയും താടിയും തലപ്പാവുമായി സിഖ് കാരൻ ആയിട്ടുതന്നെയാണ് ജീവിച്ചത്. അവിടെനിന്നും എങ്ങോട്ടുപോയി എന്നറിവില്ല. അദ്ദേഹം തൻറെ പുസ്തകങ്ങൾ കഞ്ഞിക്കുഴി കലവൂർ ഭാഗങ്ങളിൽ നടന്ന് വിറ്റിരുന്നു. അവിടെ പലരുടെയും കയ്യിൽ അദ്ദേഹത്തിന്റ പുസ്തകം ഉണ്ട്. അദ്ദേഹം പെരിയാറിന്റെ ഒരു ആരാധകനുമായിരുന്നു. പെരിയറിന്റെ The World To Come എന്ന പുസ്തകത്തിൽ പെരിയാർ തന്നെ ഒപ്പിട്ട് നൽകിയ ഒരു പുസ്തകം അദ്ദേഹത്തിൻറെ കയ്യിൽ ഉണ്ടായിരുന്നു. അതിൻറെ മലയാള വിവർത്തനത്തിൽ പ്രിയപ്പെട്ട ഭഗവാൻ സിംഗിന് സ്നേഹപൂർവ്വം എന്നെഴുതി വിവർത്തകൻ തന്നെ ഒപ്പിട്ട ഒരു പുസ്തകം ഭഗവാൻ സിംഗ് അദ്ദേഹത്തിൻറെ സുഹൃത്തിന് നൽകിയത് ഒരാൾ ഫോട്ടോ എടുത്ത് അയച്ചുതരാമെന്ന് പറഞ്ഞിട്ടുണ്ട്. കഞ്ഞിക്കുഴിയിലെ ലൈബ്രറിയിൽ ഭഗവാൻ സിംഗിന്റെ പുസ്തകം ഉണ്ടായിരുന്നു. അത് തോമസ് ഐസക്ക് ആണ് എടുത്തുകൊണ്ടുപോയതെന്ന് ഒരാൾ പറഞ്ഞു അറിയാം. എന്തായാലും ആ പുസ്തകത്തിൻറെ കോപ്പികൾ ചേർത്തലയിൽ പലരുടെയും കയ്യിൽ ഉണ്ട്.

കെസി കുട്ടൻ എന്ന യുക്തിവാദി:

നെഹ്‌റുവിന് യോജിപ്പില്ലായിരുന്നെങ്കിലും ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി വല്ലഭായ് പട്ടേലിൻ്റെ നിർദ്ദേശപ്രകാരമാണ് സോമനാഥ ക്ഷേത്രത്തിൻ്റെ പുനർനിർമ്മാണം ആരംഭിച്ചത്. ഗാന്ധിയുടെ മരണശേഷം 1951 മെയ് മാസത്തിൽ പുനർനിർമ്മാണം പൂർത്തിയായി. ആസമയത്ത് കോൺഗ്രസുകാരൻ തന്നെയായ കെസി കുട്ടൻ നടത്തിയ പ്രസംഗത്തിലെ ഭാഗമാണ് ചുവടെ:

“മുഹമ്മദ് ഗസ്നിയുടെ കരബലം കൊണ്ട് തകർന്നുകിടന്ന സോമനാഥ ക്ഷേത്രം ഉദ്ധരിക്കുന്നതിന് നാലുകോടി രൂപ ചെലവ് ചെയ്തതായി പലരും വായിച്ചറിഞ്ഞിരിക്കുമല്ലോ. പൈദാഹമറിയാത്ത ശിലയെ ഊട്ടാനുള്ള പാഴ് വേലയിൽനിന്നു വിരമിക്കാനുള്ള ബുദ്ധി പഠിച്ചവരിലും വികസിച്ചു കാണാത്തതും ഒരു നിർഭാഗ്യം തന്നെ. മാനുഷസേവയാണ് യഥാർത്ഥത്തിലുള്ള ഈശ്വരസേവയെന്നും മാനുഷൻ പ്രസാദിച്ചേ ഭഗവാൻ’ പ്രസാദിക്കൂ എന്നും പരക്കെ അറിയുവാനായിട്ടുള്ള വേല ഇനിയും ഊർജിതമായി നടത്തുക തന്നെ വേണം”
– കെസി കുട്ടൻ (കുറുപ്പൻകുളങ്ങരയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്)

 “കരപ്പുറം”  മാസിക: 

എസ്എൻഡിപിയുടെ വിവേകോദയം മാസിക നിലനിൽക്കെ തന്നെ 1920 August മുതൽ ചേർത്തലയിൽ നിന്നും ഈഴവസമാജത്തിന്റേതായി ചീരപ്പൻചിറ കൃഷ്ണപ്പണിക്കർ ‘കരപ്പുറം’ എന്നൊരു ഒരു മാസിക നടത്തിയിരുന്നു. അഞ്ചോ ആറോ ലക്കം ഇറങ്ങിക്കഴിഞ്ഞശേഷം അത് പിന്നീട് കെസി കുട്ടനാണ് നടത്തിയിരുന്നത്.

“ജാതി മത്സരമൊഴിച്ചു നാമൊരേ
ജാതിയെന്നു നിരുപിച്ചു സർവ്വരും
നീതിയായി പരിശ്രമിച്ചുകൊൾക സത്
ഖ്യാതിയാർന്നു വിലസട്ടെ കേരളം” –ഇതായിരുന്നു ഈ മാസികയുടെ മുദ്രാവാക്യം.

ഇതിലെ എഴുത്തുകാർ സഹോദരൻ അയ്യപ്പൻ, മൂർക്കോത്ത്കുമാരൻ, എംസി ജോസഫ്, കെപി കറുപ്പൻ, പി.വേലു, എ.ഗോവിന്ദപ്പിള്ള, മുതുകുളം പാർവതിയമ്മ തുടങ്ങിയവരായിരുന്നു. ഇവരുടെ ലേഖനങ്ങൾ കൂടാതെ അന്നത്തെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ കവിതകൾ, ചെറുകഥ,ഗ്രന്ഥ നിരൂപണങ്ങൾ എന്നിവയുമുണ്ടായിരുന്നു.

ഈ മാസികയെക്കുറിച്ച് മൂലൂർ ഇങ്ങനെ കുറിച്ചിട്ടുണ്ട്:
“നിരപ്പിലിക്കേരള സമ്പ്രദായം
ശരിപ്പെടുത്താനുപദേഷ്ടിപോലെ
കരപ്പുറം മാസിക വഞ്ചിഭൂവിൽ
സ്ഥിരപ്രതിഷ്ഠാ പ ഭ മാർന്നിടേണം.”

വൈക്കത്തു കൂടി സഞ്ചരിച്ച ഗുരുവിനെ ഒരു ബാഹ്മണൻ റിക്ഷാ വണ്ടിയിൽ നിന്നും ഇറക്കിവിട്ട സംഭവത്തെ കുറിച്ച് മൂലൂർ എസ് പത്ഭനാഭ പണിക്കർ അതിൽ ഇങ്ങനെ എഴുതുന്നു:

“വൈയ്ക്കത്തു വച്ചു മുന്നം റിക്ഷാ വണ്ടിയിൽ മുനി
മുഖ്യനാം നാരായണ സ്വാമികൾ പോയീടവേ
മുഷ് കെഴു മഹീദേവൻ നേരേ വന്നു
ചക്ര വാഹക നടു മാറുകയെന്നു ചൊല്ലി
തൃക്കഴലപ്പോൾ താഴെ വച്ചു താൻ സഞ്ചരിച്ചാൻ”

കർമ്മ ബ്രാഹ്മണൻ ആകാൻ നടക്കുന്നവർ ഈ പദ്യമൊക്കെ ഇടയ്ക്ക് വായിച്ചുനോക്കുന്നത് നല്ലതാണ്. നാരായണഗുരുവിനെപ്പോലും അവർ ഹിന്ദുവും ബ്രാഹ്മണനുമായി അംഗീകരിച്ചിട്ടില്ല, പിന്നല്ലേ നിങ്ങളെ? സംഘികളുടെ വാട്‍സ് ആപ്പ് യൂണിവേഴ്സിറ്റിയിലെ ചരിത്രവും പഠിച്ച് അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞുനടക്കുന്നവരോട്, പിന്നെ മൂലൂരിനെന്താ വട്ടായിരുന്നോ ഇങ്ങനൊക്കെ എഴുതിവെക്കാൻ? ഇതൊക്കെ തന്നെയാണ് കെസി കുട്ടൻ കേരളത്തിലെ സിഖ് നേതാവായിരുന്നു എന്നത് കഥയാണെന്ന് പറയുന്നതിന് പിന്നിലും.

കരപ്പുറം മാസികയെക്കുറിച്ച് വള്ളത്തോൾ എഴുതുന്നു:
“കരപ്പുറം മാസിക കർമ്മ നൈപുണീ
കരങ്ങളാം സൂക്തികൾ പാടി മേൽക്കുമേൽ
കരൾ സ്സുഖം നമ്മിൽ വളർക്ക കൈരളീ
കരത്തിലെത്തിക്കാഞ്ചന വീണ പോലവേ”

ഉഴുതുമ്മേൽ കിട്ടന്റെ ജീവചരിത്രമുൾപ്പെടെ ചില പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും ഒന്നും സംരക്ഷിക്കപ്പെട്ടിട്ടില്ല. ശ്രീനാരായണ ഗുരുവിൻറെ ആശയങ്ങൾ ആദ്യമായി ഉത്തരേന്ത്യയിലും, മലയാ, പെനാംഗ്, സിങ്കപ്പൂർ എന്നിവിടങ്ങളിലും എത്തിച്ചത് കെസി കുട്ടനാണ്, നടരാജ ഗുരു അല്ല.

കെസി കുട്ടൻറെ നവോത്ഥാന പോരാട്ടങ്ങൾ:

സവർണ മാടമ്പിമാരെ കായികമായി നേരിട്ടിരുന്ന ആളാണ് കെസി കുട്ടൻ, ചെറായിലേതുപോലെ ചേർത്തലയിലും സഹോദരസംഘം കെസി കുട്ടൻറെ നേതൃത്വത്തിൽ ജാതിരാക്ഷസ ദഹനം നടത്തുകയും നിരവധി മിശ്രഭോജനങ്ങൾ സംഘടിപ്പിക്കുകയും പിന്നീട് വൈക്കം സത്യാഗ്രഹം നടക്കുമ്പോൾ അതിൻറെ മുന്നണി പോരാളിയാകുകയും പെരിയാറിന്റെ വരവോടെ അദ്ദേഹത്തിൻറെ വലംകൈയ്യായി മാറുകയും അദ്ദേഹത്തോടൊപ്പം വൈക്കത്തും പരിസരത്തുമുള്ള ഗ്രാമങ്ങൾ സന്ദർശിക്കുകയും ചേർത്തലയും അരൂക്കുറ്റിയും അടക്കമുള്ളസ്ഥലങ്ങളിലും അന്നത്തെ തിരുവിതാംകൂറിലെ പ്രധാന പട്ടണങ്ങളിൽ എല്ലാം പൊതു പ്രസംഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് അവരുടെ പ്രചാരണ പര്യടനങ്ങൾ തിരുവനന്തപുരത്തേക്കും നെടുങ്ങണ്ടയിലേക്കും നാഗർകോവിലിലേക്കും നീണ്ടു. പെരിയറിന്റെ പ്രസംഗങ്ങൾക്കും പ്രചാരണ പരിപാടികൾക്കും ആവേശകരമായ പ്രതികരണം ലഭിച്ചതോടെ സർക്കാർ അദ്ദേഹത്തിന് നിരോധന ഉത്തരവുകൾ ഏർപ്പെടുത്തി. കോട്ടയം ജില്ലയിലും പിന്നീട് കൊല്ലം ജില്ലയിലും അദ്ദേഹത്തിന് പ്രവേശനം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കി. എങ്കിലും തളരാതെ അദ്ദേഹം തന്റെ പ്രചാരണം തുടർന്നു. രോഷാകുലരായ ഭരണകൂടം 1924 മെയ് 21 ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മെയ് 22 ന്, ചേർത്തലയിലെ അന്നത്തെ അരൂക്കുറ്റി ജയിലിൽ ഒരു മാസത്തെ തടവ് ശിക്ഷക്ക്‌ വിധിക്കുകയും ചെയ്തു.

ഇ വി ആർ അരൂക്കുറ്റി ജയിലിൽ നിന്ന് മോചിതനായപ്പോൾ കെസിയുടെ നേതൃത്വത്തിൽ പാണാവള്ളിയിൽ ആണ് സ്വീകരണം ഒരുക്കിയത്. പെരിയാറിന്റെ ജയിൽവാസത്തിൻറെ ഹാങ്ങ് ഓവർ മാറാൻ രാത്രി കൃഷ്ണൻ വൈദ്യരുടെ ശ്രീകണ്ഡേശ്വരം കഥകളി സംഘത്തിൻറെ വകയായി രാത്രി വൈദ്യരുടെ വീട്ടിൽ കഥകളിയും നടത്തി. പെരിയാർ ആദ്യമായി കഥകളി കാണുന്നത് അന്നാണ്.

ഒരുമാസത്തെ അരൂക്കുറ്റിയിലെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഇ വി ആർ അടങ്ങിയിരുന്നില്ല. വീണ്ടും നിരോധനം ലംഘിച്ച് പ്രചാരണവുമായി ഇറങ്ങി. തുടർന്ന് ജൂലൈ 18 ന് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. ഇത്തവണ നാല് മാസത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് വീണ്ടും തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു, ഇതിലെല്ലാം കെ സി കുട്ടനും സജീവമായി ഉണ്ടായിരുന്നു.

ഗുരുവിൻറെ പ്രശസ്തമായ ചേർത്തല കളവങ്കോടം കണ്ണാടി പ്രതിഷ്ഠയ്ക്ക് വാസ്തവത്തിൽ കാരണക്കാരനായത് കെസി കുട്ടനാണ്, ബോധാനന്ദ സ്വാമിക്കൊപ്പം പ്രതിഷ്ഠയ്ക്കെത്തിയ ഗുരുവിനോട് വിഗ്രഹം പ്രതിഷ്ഠിക്കരുതെന്ന് പറഞ്ഞത് കെസി കുട്ടൻറെ നേതൃത്വത്തിൽ സഹോദരസംഘക്കാരാണ്. ഏതു വിഗ്രഹം വേണമെന്ന് തർക്കിച്ച വിഗ്രഹ വാദക്കാരെയും ഇനി വിഗ്രഹ പ്രതിഷ്ഠ വേണ്ടെന്ന് പറഞ്ഞ സഹോദര സംഘകകരെയും ശാന്തരാക്കി ഗുരു കണ്ണാടി പ്രതിഷ്ഠിക്കുകയായിരുന്നു.

ശ്രീനാരായണ ഗുരുവിൻറെ ഗൃഹസ്ഥ ശിഷ്യനും നവോത്ഥാനപോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയും ആയിരുന്നെങ്കിലും ശ്രീനാരയണ സാഹിത്യത്തിലോ ചരിത്രത്തിലോ പക്ഷേ കെസി കുട്ടന് ഇടം ലഭിച്ചില്ല. അദ്ദേഹം ചേർത്തല എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട്‌ വരെ ആയിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗത്തിൻറെ ഡയറക്ടർ ബോർഡ് അംഗവും ആയിട്ടുണ്ട്. ‘യുഗപുരുഷൻ’ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിലൂടെയാണ് കെസി കുട്ടനെകുറിച്ച് പുതുതലമുറ അറിയുന്നത് 

1967 നവംബർ 8 ന് ആണ് കെസി കുട്ടൻ അന്തരിച്ചത്. അദ്ദേഹത്തിൻറെ മകനാണ് അന്തരിച്ച പ്രശസ്ത കോൺഗ്രസ് നേതാവും ചേർത്തല നഗരസഭ ചെയർമാനും ആയിരുന്ന ശ്രീ.കെ. സി വിജയൻ.

(സഹോദരൻ, പെരിയാർ എന്നിവർക്കൊപ്പം ഇതിൽ ചേർത്തിട്ടുള്ളത് കെസി കുട്ടൻ എന്ന കെ.സി ജയസിങ്ങിന്റെ ചിത്രമാണ്.)