Wed. Nov 25th, 2026

✍️ സുരേഷ്. സി.ആർ

നാടകകൃത്ത്, ഹാസ്യസാഹിത്യകാരൻ, അഭിനേതാവ് എന്നീ നീലകളിൽ പ്രസിദ്ധനാണ് ജഗതി എൻ കെ ആചാരി (1924 – 1997). യഥാർത്ഥ പേര് ജഗതി കൃഷ്ണവിലാസത്തിൽ നാരായണൻ കൃഷ്ണൻ ആചാരിയെന്നാണ്. അമ്മയിൽ നിന്നുമാണ് വളരെ ചെറുപ്പത്തിലെ അദ്ദേഹത്തിന് നർമ്മത്തിന്റെ മർമ്മം പകർന്നു കിട്ടിയത്. ചിരിയോടൊപ്പം ചരിത്രവും ദേശസ്നേഹവും ആ തൂലികയിൽ പിറന്നു.

‘പെൻഷൻ’ എന്ന നാടകത്തിലൂടെ ആകാശവാണിയിൽ തുടക്കമിട്ട ജഗതി അനവധി നാടകങ്ങളും നാട്ടിൽ പുറം, കണ്ടതും കേട്ടതും, ചിത്രീകരണം, പ്രഭാഷണം, എന്നീ പരിപാടികളും അവതരിപ്പിച്ചു. ആകാശവാണി അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായിരുന്നു.

കലാനിലയത്തിനു വേണ്ടി എഴുതിയ തിളക്കം, വേലുതമ്പി ദളവ, ഇളയിടത്തു റാണി, ഉമ്മിണിത്തങ്ക, അലാവുദ്ദീനും അത്ഭുതവിളക്കും, കറക്കുകമ്പനി തുടങ്ങിയ നാടകങ്ങൾ അവതരണ മികവിനാൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

അനാഥാലയത്തിലെ അമ്മ, ലഹരി, മനസ്സുണ്ടെങ്കിൽ മതി, ഏടാകൂടം എന്നീ കഥകൾ രചിച്ചിട്ടുണ്ട്. കരിനാഗം, കള്ളിയങ്കാട്ടു നീലി, ദിവ്യദർശനം, സുമംഗലി, തപസ്വിനി, ശ്രീദേവി, വേലുത്തമ്പി ദളവ, കൊട്ടാരം വില്ക്കാനുണ്ട്, അച്ഛനും മകനും, അഞ്ചു സുന്ദരികൾ തുടങ്ങി അമ്പതോളം സിനിമകൾക്ക് രചന നിർവഹിച്ച അദ്ദേഹം മൂന്നാംപക്കം, ദേശാടനക്കിളി കരയാറില്ല, പുത്രധർമ്മം, ലോക നീതി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

സംഗീത നാടക അക്കാഡമി അവാർഡ് , ഫെലോഷിപ്പ് എന്നിവ ലഭിച്ചു. പ്രശസ്ത നടൻ ജഗതി ശ്രീകുമാർ മകനാണ്.