Mon. Nov 23rd, 2026

✍️ സുരേഷ്. സി.ആർ

“നീ തന്ന ജീവിതവും നീ തന്ന മരണവും
നീ കൊണ്ടു പോകുന്നു സന്ധ്യേ
അവസാനമവസാനമവസാനമീ യാത്ര

അവസാനമവസാനമല്ലോ”

സർഗാത്മകമായ ധിക്കാരത്തിലൂടെ കാൽപ്പനികതയുടെ അതിഭാവുകത്വത്തിൽ നിന്നും മലയാള കവിതയെ ഞെട്ടിച്ചുണർത്തിയ കവിയായിരുന്നു അയ്യപ്പപണിക്കർ1930 – 2006). ഉത്തരാധുനികത മലയാളത്തിൽ വേരുറയ്ക്കാൻ പോകുന്നെന്നും അതിന്റെ അന്നത്തെ സാഹിത്യത്തിൽ കണ്ടുതുടങ്ങയതിന്‍റെ സാക്ഷ്യങ്ങളിതാ എന്നു പറഞ്ഞ്‌ അവയെ അവതരിപ്പിക്കുകയും ചെയ്തത്‌ പണിക്കരായിരുന്നു. വിശ്വസാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്ന അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. കാൽപ്പനികതയുടെ തിളക്കമോ മാർദ്ദവമോ അദ്ദേഹത്തിന്റെ കവിതകളൽ ഉണ്ടായിരുന്നില്ല. പണിക്കരുടെ ‘കുരുക്ഷേത്ര’ മലയാള കവിതയിലെ നവീന ഭാവുകത്വത്തെ ആഴത്തിൽ സ്വാധീനിച്ച ആദ്യ കവിതയാണ്.

മലയാളത്തിലെ ആധുനിക കവിതാപ്രസ്ഥാനത്തിനു തുടക്കം കുറിച്ച ഈ കവിത 1960-ൽ ദേശബന്ധു മാസികയിലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. അടിയന്തരാവസ്ഥയിൽ എഴുതിയ കടുക്ക, മോഷണം, സമാചാരം തുടങ്ങിയ കാർട്ടൂൺ കവിതകൾ അവയിലെ പ്രച്ഛനവിമർശനം കൊണ്ട് ആ രാഷ്ട്രീയാവസ്ഥയോട് ശക്തമായി പ്രതികരിച്ചു. മാനവദർശനത്തെ ഉയർത്തി പിടിച്ച കവിതകളാണ് കാടെവിടെ മക്കളെ (1983), മർത്യപൂജ (1985), ഗോത്രയാനം (1989) എന്നിവ.

1930 ആലപ്പുഴ ജില്ലയിലെ കാവാലത്തു ജനനം. തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ.ഓണേഴ്സ്ബിരുദം, കേരള സർവ്വകലാശാലയിൽ നിന്ന് എം.എ, അമേരിക്കയിലെ ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ, പി.എച്ച്.ഡി ബിരുദങ്ങൾ നേടി. കോട്ടയം സിം.എം.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്നിവിടങ്ങളിൽ അദ്ധ്യാപകനും 1980 മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ പ്രൊഫസറും വകുപ്പ് മേധാവിയുമായി.

1983-ൽ, ലേഖനങ്ങളുടെ സമാഹാരമായ ‘അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ’ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. കേന്ദ്ര സാഹിത്യ അക്കാഡമി, സരസ്വതി സമ്മാൻ, ആശാൻ പ്രൈസ്, ഭാരതീയ ഭാഷാപരിഷത്തിന്റെ ദിൽവാര, ഒറീസ്സയിൽ നിന്നുള്ള ഗംഗാധർ മെഹർ, മധ്യപ്രദേശിൽ നിന്നുള്ള കബീർ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.

‘അയ്യപ്പപണിക്കരുടെ കൃതികൾ’ എന്ന പേരിൽ നാല് ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഭാഷകൻ, നിരൂപകൻ, അദ്ധ്യാപകൻ, നാടകചിന്തകൻ തുടങ്ങി വിവിധ മേഖലകളിൽ വിഹരിച്ച കെ.അയ്യപ്പപണിക്കർ 2006 ഓഗസ്റ്റ് 23-ന് അന്തരിച്ചു.
******
വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ,താൻ
കള്ളനെന്നു വിളിച്ചില്ലേ?
തുണി മോഷ്ടിച്ചതു കാണുന്നവരുടെ
നാണം കാക്കാനായിരുന്നല്ലോ-അവരുടെ
നാണം കാക്കാനായിരുന്നല്ലോ.
കോഴിയെ മോഷ്ടിച്ചെങ്കിലതേ, അത്‌
പൊരിച്ചു തിന്നാനായിരുന്നല്ലോ-എനിക്കു
പൊരിച്ചു തിന്നാനായിരുന്നല്ലോ.
പശുവിനെ മോഷ്ടിച്ചെങ്കിലതും-എനിക്കു
പാലു കുടിക്കാനായിരുന്നല്ലോ-പശുവിൻ
പാലു കുടിക്കാനായിരുന്നല്ലോ.
കോഴിയിറച്ചീം പശുവിൻ പാലും
വൈദ്യൻ പോലും വിലക്കിയില്ലല്ലോ-എന്റെ
വൈദ്യൻ പോലും വിലക്കിയില്ലല്ലോ.
നല്ലതു വല്ലോം മോഷ്ടിച്ചാലുടനേ-അവനേ-വെറുതേ
കള്ളനാക്കും നിങ്ങടെ ചട്ടം
മാറ്റുക മാറ്റുക ചട്ടങ്ങളെയവ
മാറ്റും നിങ്ങളെയല്ലെങ്കിൽ…..
(മോഷണം)
——————
വിട പറയാൻ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാൻ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌
അവർക്കു മാപ്പു കൊടുക്കാൻ പറ്റുമോ?
ഒരു ജീവിതത്തിൽ ഒരിക്കലല്ലേ തെറ്റുപറ്റാൻ പാടുള്ളു?
തെറ്റിനോടാണു വിട പറയാവുന്നത്‌.
വിട പറയുമ്പോൾ മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്‌
മുഖം ചുളിയരുത്‌
സ്വരം പതറരുത്‌
കറുത്ത മുടി നരയ്ക്കരുത്‌
നരച്ച മുടി കൊഴിയരുത്‌
വിട പറയുമ്പോൾ നിറഞ്ഞ യൗവനമായിരിക്കണം
എന്താണു പറയേണ്ട വാക്കുകൾ?
ഇനിയും കാണാമെന്നോ?
ഇനിമേൽ ഇങ്ങോട്ടു വരണ്ടെന്നോ?
എന്തിനാണു വിടപറയുന്നതെന്നോ?
അതിനെപ്പറ്റിയൊക്കെ ചർച്ച ചെയ്ത്‌
വിട പറയാൻ മറന്നുപോയവരെ മറന്നുപോയോ?
എന്തിനാണു വെറുതെ വിട പറയുന്നത്‌?
ആരും ആരെയും വിട്ടുപോകുന്നില്ല.
ആരെ ആർക്ക്‌ എന്തു പരിചയം?
വിട്ടുപോകുന്നില്ലെങ്കിൽ പിന്നെന്തിനു വിട?
പക്ഷേ, ഇതൊരു ചടങ്ങാണു, സുഹൃത്തേ.
വിട പറയുന്നതിൽ ഒരു രസമുണ്ട്‌
അതൊരനുഷ്ഠാനമാണ്‌
മനസിന്‌ അതു ശാന്തി നല്‍കുന്നു
മുൻകൂർ വിട പറഞ്ഞുവച്ചാൽ
സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല
ഇതാ നമുക്കു പരസ്പരം വിട പറയാം
അല്ലെങ്കിൽ ഈ ഭൂമിയോട്‌, ഇന്നത്തെ സൂര്യനോട്‌.
(വിട).