Mon. Nov 23rd, 2026

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ പതിമൂന്നുകാരി പെണ്‍കുട്ടി തസ്മിദ് തംസു ചെന്നൈയിലെത്തിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രാവിലെ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ കുട്ടി ഇറങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചെന്നൈ – എഗ്മോര്‍ എക്സ്പ്രസിലാണ് കുട്ടി ഇവിടെയെത്തിയത്.

കുട്ടി മൂന്നു പ്രാവശ്യം ട്രെയിന്‍ കയറി ഇറങ്ങിയെന്നും ട്രെയിന്‍ പുറപ്പെടുന്നതിന്ന് അല്‍പ്പം മുമ്പ് കുട്ടി ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ കയറിയെന്നും പോലീസ് കണ്ടെത്തി. ചെന്നൈയില്‍ നിന്ന് പെണ്‍കുട്ടി ഗുവാഹത്തിയിലേക്ക് യാത്ര തിരിച്ചോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.പെണ്‍കുട്ടി നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി ഇവിടെ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും നേരത്തെ കണ്ടെത്തിയിരുന്നു.

നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കുപ്പിയില്‍ വെള്ളമെടുത്ത ശേഷം പെണ്‍കുട്ടി ട്രെയിനില്‍ തിരികെ കയറി. പ്ലാറ്റ്ഫോമിലേക്ക് മാത്രമാണ് ഇറങ്ങിയത്. റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് കുട്ടി പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് 3.30നാണ് പെണ്‍കുട്ടി പ്ലാറ്റ്ഫോമില്‍ ഇറങ്ങിയത്.

ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ബാംഗ്ലൂര്‍ കന്യാകുമാരി ട്രെയിനില്‍ കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ സഹയാത്രക്കാരി പകര്‍ത്തിയിരുന്നു. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാര്‍ഥിനി പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവന്നത്. കുട്ടി തന്റെ അടുക്കല്‍ എത്തിട്ടിട്ടില്ലെന്ന് ബംഗളൂരുവിലുള്ള സഹോദരനും അറിയിച്ചിരുന്നു.