കൊച്ചി: വിദ്യാർത്ഥിയെ കടന്നുപിടിച്ചെന്ന പരാതിയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സിൻഡിക്കേറ്റ് അംഗത്തിനെതിരെ കേസ്. ഇടത് നേതാവ് കൂടിയായ പി കെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്തിരിക്കുന്നത്.
കുസാറ്റിലെ കലോത്സവത്തിനിടെ തന്നെ കടന്നുപിടിച്ചുവെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. ഈ സംഭവത്തിൽ നേരത്തെ തന്നെ ബേബിക്കെതിരെ ആരോപണം ഉയർന്നിരുന്നു. എന്നാൽ വിദ്യാർത്ഥിനിയുടെ പരാതി കിട്ടിയില്ലെന്ന് പറഞ്ഞ് സർവകലാശാല ബേബിക്കെതിരെ നടപടി എടുത്തില്ല. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനി സർവകലാശാലയ്ക്ക് പരാതി നൽകിയത്.
ഈ പരാതി സർവകലാശാല അധികൃതർ കളമശേരി പൊലീസിന് കൈമാറുകയായിരുന്നു. കുസാറ്റ് സ്റ്റുഡന്റ്സ് വെൽഫെയർ ഡയറക്ടർ കൂടിയാണ് പി കെ ബേബി. കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ വർഷം ആദ്യം നടന്ന സംഭവത്തിലാണ് കളമശ്ശേരി പോലീസ് കേസെടുത്തിട്ടുള്ളത്.
നേരത്തെ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് പി.കെ ബേബിക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍, ചുമതലയിലെ വീഴ്ച ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ നിന്നു ബേബിയെ മാറ്റിയിരുന്നു.

