ലോകസുന്ദരിമാരില്‍ ഡയാന ഹെയ്ഡന് ഇന്ത്യന്‍ സൗന്ദര്യമില്ലെന്ന വിവാദ പ്രസ്താവന നടത്തിയ തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് ഡയാന ഹെയ്ഡന്റെ മറുപടി. ബിപ്ലബ് കുമാര്‍ ദേബ് ഉന്നതസ്ഥാനത്തിരിക്കുന്നയാളാണ്. എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ശ്രദ്ധയുണ്ടാവേണ്ടതാണെന്നും ഡയാന ഹെയ്ഡന്‍ പറഞ്ഞു.
‘ഇരുണ്ടനിറമായതിനാല്‍ കുട്ടിക്കാലം മുതല്‍ വേര്‍തിരിവ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വിവേചനത്തിനെതിരേയുള്ള പോരാട്ടമായിരുന്നു അന്ന് മുതല്‍. അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ നേട്ടത്തില്‍ ജനങ്ങള്‍ അഭിമാനിക്കുകയാണ് ചെയ്തിട്ടുള്ളത്. ഞാനൊരു ഇരുണ്ടനിറമുള്ള ഇന്ത്യക്കാരിയാണ്, അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. മന്ത്രിയുടെ പരാമര്‍ശം എന്നെ വേദനിപ്പിച്ചു. അദ്ദേഹം വളരെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്നൊരാളാണ്. അതുകൊണ്ടുതന്നെ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ശ്രദ്ധയുണ്ടാവേണ്ടതുമാണ്.’ ഡയാന ഹെയ്ഡന്‍ പറഞ്ഞു.
ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് മഹാഭാരത കാലം മുതലേ ഉണ്ടായിരുന്നെന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ലോകസുന്ദരിയെ വിമര്‍ശിച്ച് ത്രിപുര മുഖ്യമന്ത്രി രംഗപ്രവേശം ചെയ്തത്. ഇന്ത്യന്‍ സുന്ദരിമാര്‍ക്ക് ഐശ്വര്യത്തിന്റേയും അറിവിന്റേയും ദേവതമാരായ ലക്ഷ്മി ദേവിയുടേയും സരസ്വതി ദേവിയുടേയും സവിശേഷതകളുണ്ടാകണം. എന്നാല്‍ ഡയാന ഹെയ്ഡന് അതില്ല. ലോകസുന്ദരിമാരില്‍ ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നത് ഐശ്വര്യ റായ് ആണെന്നും ഡയാന ഹെയ്ഡന് ഇന്ത്യന്‍ സൗന്ദര്യമില്ലെന്നുമായിരുന്നു തൃപുര മുഖ്യമന്ത്രിയുടെ പ്രസ്താവന.