Tue. Apr 23rd, 2024

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം അംഗീകരിക്കില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍(കെ.പി.എച്ച്.എ).സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചാല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖല പൂട്ടേണ്ടിവരുമെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. സര്‍ക്കാര്‍ വിജ്ഞാപനം കോടതിയില്‍ ചോദ്യം ചെയ്യാനാണ് അസോസിയേഷന്റെ തീരുമാനം.

സമ്മര്‍ദ്ദം ചെലുത്തി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ആശുപത്രികള്‍ പൂട്ടിയിടുമെന്നാണ് മാനേജ്‌മെന്റുകളുടെ ഭീഷണി. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയായി നിജപ്പെടുത്തയാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. മിനിമം വേതന നിയമം നിലനില്‍ക്കെ സര്‍ക്കാരിന്റെ ഈ ഉത്തരവ് അന്യായമാണെന്നാണ് കെ.പി.എച്ച്.എ പറയുന്നത്.സര്‍ക്കാരും മാനേജ്‌മെന്റും തൊഴിലാളി സംഘടനകളും ഒത്തുചേര്‍ന്ന് സ്വകാര്യ മേഖലയിലെ നഴ്‌സുമാരെ കബളിപ്പിച്ചു എന്നതാണ് യാദാർഥ്യം.

ആശുപത്രി മാനേജ്‌മെന്റുകളുടെ പരാതി കേള്‍ക്കാതെ ഏകപക്ഷീയമായി വേതന വര്‍ധനയില്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കില്ലെന്ന് കെ.പി.എച്ച്.എ സംസ്ഥാന അധ്യക്ഷന്‍ ഡോ. പി.കെ മുഹമ്മദ്ദ് റഷീദ് പറഞ്ഞു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ കാത്തലിക്ക് ഹോസ്പിറ്റല്‍ അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യ, കാത്തലിക്ക് മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു.

നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് തീരുമാനത്തെ അട്ടിമറിച്ചത് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തുടങ്ങിയ ട്രേഡ് യൂണിനകളുടെ ഒത്താശയോടെയാണ്. മിനിമം വേതന സമിതി യോഗത്തില്‍ നഴ്‌സുമാരുടെ ശമ്പള വര്‍ധനവിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ച് സി.ഐ.ടി.യു, ഐ.എന്‍.ടിയു.സി പ്രതിനിധികളായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയാക്കണമെന്ന സുപ്രീംകോടതി വിധിയുണ്ടായത്. ഈ വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ അലംഭാവമാണ് പ്രശ്‌നം ഗുരുതരമാകാന്‍ കാരണമെന്ന് യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യു.എന്‍.എ ) ആരോപിക്കുന്നു.

സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ 80000ത്തിലധികം വരുന്ന നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. ഇവരില്‍ 64000 പേര്‍ തങ്ങളുടെ സംഘടനയില്‍ ഉള്ളവരാണെന്ന് യു.എന്‍.എ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് അവകാശപ്പെടുന്നു. വേതനം വര്‍ധിപ്പിക്കുന്നതില്‍ സി.ഐ.ടിയുവിന്റെ നിലപാട് അംഗീകരിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അനിശ്ചിതാവസ്ഥയ്ക്ക് കാരണമെന്ന് സിബി മുകേഷ് അറിയിച്ചു. ഇതിനും പുറമേ സ്വകാര്യ മേഖലയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള കത്തോലിക്ക സഭയും വേതന വര്‍ധനവിന് എതിരായ നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്.

നഴ്‌സുമാര്‍ക്ക് വേതന വര്‍ധനവ് നടപ്പിലാക്കിയെന്ന് ഊറ്റം കൊള്ളുന്ന സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് ഔദാര്യമൊന്നും ചെയ്തു തന്നിട്ടില്ലെന്ന് യു.എന്‍.എ വൈസ് പ്രസിഡന്റ് സിബി മുകേഷ് പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പിലാക്കിയെന്ന് സര്‍ക്കാര്‍ പറയുമ്പോഴും 10000 രൂപ കുറച്ചാണ് വേതന വര്‍ധന നടപ്പാക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്. തുടക്കം മുതലേ സര്‍ക്കാര്‍ സി.ഐ.ടി.യുവിന്റെ തീരുമാനങ്ങള്‍ക്കൊപ്പമായിരുന്നു.

അതിലുപരി ഭരണകക്ഷിയായ സി.പി.എമ്മിന്റെ സഹകരണസംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മുപ്പതിലധികം ആശുപത്രികളിലും പുതുക്കിയ വേതനവര്‍ധന നടപ്പിലാക്കേണ്ടി വരും. ഇതൊക്കെ മുന്നില്‍ക്കണ്ടാണ് സര്‍ക്കാരും സി.ഐ.ടിയുവും വേതന വര്‍ധനയ്‌ക്കെതിരായ നിലപാട് സ്വീകരിച്ചത്.

വേതന വര്‍ധന അംഗീകരിക്കില്ലെന്ന മാനേജ്‌മെന്റുകളുടെ കടുംപിടുത്തം തുടരുമ്പോഴും കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ലെന്നതാണ് വസ്തുത. സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ ക്രൈസ്തവ സഭകളുടെ ആശുപത്രികളിലാണ് ജോലി ചെയ്യുന്നത്. പ്രത്യേകിച്ച് കത്തോലിക്ക സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളാണ് ബഹുഭൂരിപക്ഷവും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.

സഭാ നേതൃത്വം തുടക്കം മുതല്‍ക്കേ നഴ്‌സുമാരോട് അനുഭാവപൂര്‍ണ്ണമായ നിലപാടല്ലായിരുന്നു സ്വീകരിച്ചിരുന്നത്. അവരുടെ സമരത്തെ അടിച്ചമര്‍ത്താനും അലങ്കോലപ്പെടുത്താനും സഭയിലെ വൈദികര്‍ ശ്രമിച്ചത് വിവാദമായിരുന്നു. ഹൈക്കോടതിയിലേക്ക് നീങ്ങിയാല്‍ വീണ്ടും വേതനവര്‍ധന നടപ്പിലാക്കാന്‍ കാലതാമസമുണ്ടാകുമെന്നാണ് കരുതുന്നത്. സര്‍ക്കാരിന്റെ നിലപാടില്ലായ്മയാണ് പ്രശ്‌നം വഷളാക്കുന്നതെന്നാണ് നഴ്‌സുമാരുടെ ആക്ഷേപം.