Fri. Nov 20th, 2026

കോലം കത്തിക്കല്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ സമര രീതികള്‍ മാറണമെന്ന് സിപിഐ സംഘടനാ റിപ്പോര്‍ട്ട്. വ്യക്തികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വേണ്ടെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. കേഡര്‍ സംവിധാനത്തില്‍ വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ചില നേതാക്കള്‍ ദ്വീപുകളെ പോലെതയാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തി കേന്ദ്രീകൃതമായ പ്രവര്‍ത്തനം വിഭാഗീയതയ്ക്ക് ഇടയാക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. അത്തരക്കാരെ ചോദ്യം ചെയ്യാന്‍ അണികള്‍ ഭയപ്പെടുന്നു. പാര്‍ട്ടി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്വം മറക്കുന്നു. സ്ത്രീധനം വാങ്ങുന്ന പ്രവണത പോലും പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദളിത്, പരിസ്ഥിതി, നവസാമ്പത്തിക നയങ്ങള്‍, കാര്‍ഷിക പ്രശ്‌നങ്ങള്‍ എന്നിവയില്‍ രാജ്യമെങ്ങും പലതരത്തിലുളള സമരങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍, സിപിഐയ്ക്ക് അത് കാര്യമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.

ജെ.എന്‍.യുവില്‍ സിപിഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എഐഎസ്എഫ് നേതാവായ കനയ്യ കുമാറിനെ പോലുള്ളവര്‍ ഉയര്‍ത്തിവിട്ട പ്രക്ഷോഭം രാജ്യമെങ്ങും വളര്‍ത്തിക്കൊണ്ടു വരാന്‍ കഴിഞ്ഞിട്ടില്ല. ദളിത് സമരങ്ങളിലും ഇതാണ് ഉണ്ടായത്. രാജ്യത്ത് ദളിത് സംഘടനകള്‍ വളര്‍ത്തിക്കൊണ്ടു വരുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടാനും കഴിയുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.