Wed. Nov 25th, 2026

✍️ പ്രിയ ജോബ്

ആരോ ശ്ലോകാഭിമാനികൾ വാട്സ് ആപ്പ് യൂണിവേഴ്സിറ്റി വഴി പ്രചരിപ്പിച്ച അഭിനയ ദർപ്പണത്തിലെ ഒരു ശ്ലോകം പലരായി കോപ്പിയടിച്ചും എഡിറ്റ് ചെയ്തും അത് ഭരതമുനിക്ക് ചാർത്തിക്കൊടുക്കുകയും നാട്യശാസ്ത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്. സോഷ്യൽ മീഡിയയിൽ അങ്ങനെയൊക്കെയാണ്. ഈ രണ്ടുകൃതികളും വായിച്ചിട്ടുള്ളവരല്ല അത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തം. കാരണം രണ്ടുകൃതികളിലും ഇതിന് നേർ വിപരീതമായ ശ്ലോകങ്ങൾ ഉണ്ട്. ആരോ ശർദ്ദിച്ചത് കോപ്പിയടിച്ച് സ്വന്തംനിലക്ക് എഡിറ്റ് ചെയ്ത് മോഡിഫൈ ചെയ്ത് പ്രചരിപ്പിച്ച് അത് ഭരതമുനിയിൽ എത്തിനിൽക്കുകയാണ്

ഭരതമുനിയുടെ നാട്യശാസ്ത്രത്തിലേതെന്ന പേരിൽ –
“തൻവി രൂപവതീ ശ്യാമ പീനോന്നതാ പയോധരാ
പ്രഗല്ഭ സരസ കണ്ഠാ കുശലാ ഗ്രഹമോക്ഷയോഹോ
വിശാലാ ലോചനാ ഗീതാ വാദ്യ താലാ അനുവർത്തനീ
പരാർദാര്യ ഭൂഷ സമപന്നാ പ്രസന്നാ മുഖപങ്കജ
ഏവം വിധാ ഗുണോ പേതാ നർത്തകീ സാമുദീരിതാ”

അർത്ഥം: “മെലിഞ്ഞ ശരീരത്തോട് കൂടിയവളും, സുന്ദരിയും ഇരുണ്ട നിറമുള്ളവളും വൃത്താകൃതിയിലുള്ള മുലകളോട് കൂടിയവളും നൃത്തത്തിൽ വിദഗ്ദ്ധയും ,പ്രസാദം നിറഞ്ഞ മുഖത്തോട് കൂടിയവളും മനോഹരിയും എപ്പോൾ നൃത്തം ചെയ്യണമെന്നും നിർത്തണമെന്നും അറിയാൻതക്കബുദ്ധിയുള്ളവളും വലിയ കണ്ണുകളുള്ളവളും ഗീതാ വാദ്യ താല അനുവർത്തനി – താളത്തിനൊപ്പം സംഗീതവും വാദ്യോപകരണങ്ങളും അവതരിപ്പിക്കാൻ കഴിയുന്നവളും നല്ല വസ്ത്രം ധരിച്ച മന്ദഹാസം പൊഴിയുന്ന മുഖത്തോടെ കൂടിയവളുമായ നർത്തകിയെയാണ് ലക്ഷണയുക്തയായ നർത്തകി എന്ന് അറിയപ്പെടുന്നത് “

ഈ ശ്ലോകവുമായി ചില ദളിത് ആക്റ്റിവിസ്റ്റുകളുടെ പ്രൊഫൈലുകൾ ഉൾപ്പെടെ മോഹിനിയാട്ടത്തെ വെളുപ്പിച്ചെടുക്കുന്ന ചിലപോസ്റ്റുകൾ ഷെയർ ചെയ്തിരിക്കുന്നത് കണ്ടിരുന്നു. വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ പോസ്റ്റ്.

ഈ ശ്ലോകംകൊണ്ടൊന്നും മോഹിനിയാട്ടം വെളുക്കില്ലെങ്കിലും ഈ പോസ്റ്റുകളിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഒന്നാമത് ഇത് നാട്യശാസ്ത്രത്തിലെ ശ്ലോകമല്ല. പ്രാചീന സംസ്കൃതകൃതിയായ ‘അഭിനയദർപ്പണം’ എന്ന കൃതിയിലെ ശ്ലോകമാണ്. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഏതോ നന്ദികേശ്വരനാൽ രചിക്കപ്പെട്ടതാണ് ഈ കൃതി എന്ന് പറയപ്പടുന്നു. ഇതിന്റെ കർത്താവാണെന്നു വിശ്വസിക്കപ്പെടുന്ന നന്ദികേശ്വരൻ, പുരാണപ്രസിദ്ധനായ നന്ദികേശൻ ആണോ അതോ നാട്യശാസ്ത്രത്തിൽ പ്രാഗല്ഭ്യമുള്ള ഒരു ഭാരതീയ പണ്ഡിതനാണോ എന്നൊന്നും ഇതുവരെ നിർണയിക്കപ്പെട്ടിട്ടില്ല. ഭരതമുനി എന്നുവിളിക്കപ്പെട്ടുന്നയാൾ ആകട്ടെ ബി.സി 1400-1200 കാലഘട്ടത്തിനിടയ്ക്ക് ജീവിച്ചതായി കരുതപ്പെടുന്നു.

ഈ ശ്ലോകത്തിന് ഭരതമുനിയുമായി ബന്ധമൊന്നുമില്ല. നാട്യശാസ്ത്രത്തിൽ ഇങ്ങനെ ഒരു ശ്ലോകവുമില്ല. ഇതിന് നേർ വിപരീതമായ ശ്ലോകങ്ങൾ വേറെ അതേ കൃതിയിൽ തന്നെ ഉണ്ടുതാനും. അവർണ്ണരും ദളിതരുമെല്ലാം കഴിയുമെങ്കിൽ സാമൂഹ്യബോധത്തോടെ ഈമാതിരി പേക്കൂത്തുകളിൽ നിന്ന് അകന്ന് നിൽക്കുകയാണ് വേണ്ടത്.

രണ്ടും മുഴുവൻ വായിച്ച് നോക്കൂ, എന്നിട്ട് ഇത്തരം പോസ്റ്റിൻറെ സാംഗത്യം വിലയിരുത്തൂ. രണ്ടും മലയാള വ്യാഖ്യാനസഹിതം നെറ്റിൽ അവൈലബിൾ ആണ്. ഡൌൺ ലോഡ് ചെയ്തു വായിക്കാവുന്നതാണ്. അഭിനയ ദർപ്പണത്തിലെ ഈ ശ്ലോകത്തിന് നേർവിപരീതമായ ശ്ലോകങ്ങൾ ഭരതമുനിയുടെതെന്നു പറയുന്ന നാട്യശാസ്ത്രത്തിൽ കാണാം.

ബ്രാഹ്മണിസം അങ്ങനെയൊക്കെയാണ് കലകളെയും സാഹിത്യത്തെയും എല്ലാം ഉപയോഗിച്ച് മനുഷ്യനെ കൺഫ്യൂസ്ഡ് ആക്കി നിലനിൽക്കുന്നത്. എന്ത് സംഭവത്തെക്കുറിച്ചും പരസ്പരവിരുദ്ധമായ ഒന്നിലധികം ഐതീഹ്യങ്ങളും ശ്ലോകങ്ങളും കാണും. എന്നാൽ ആത്യന്തീകമായി അവയൊക്കെ ദളിത് വിരുദ്ധവും സ്ത്രീവിരുദ്ധവും ആയിരിക്കും.

സംസ്കൃതസാഹിത്യത്തിലെ ശ്ലോകങ്ങളിൽ ന്യായീകരണങ്ങൾ തപ്പാൻ പോകുന്ന ഏതൊരു ശ്ലോകാഭിമാനികൾക്കും പറ്റുന്ന സ്വാഭാവിക അമളിയാണത്. സത്യത്തിൽ അതിനെക്കുറിച്ച് കൂടുതൽ അറിഞ്ഞാൽ. ഇമ്മാതിരി പേക്കൂത്തുകൾ നിരോധിക്കുകയാണ് വേണ്ടത് എന്നാണ് പറയേണ്ടിവരിക.

നിരോധനം ജനാധിപത്യ വിരുദ്ധമായതുകൊണ്ട് സാമൂഹ്യ ബോധത്തോടെ ഈമ്മാതിരി പേക്കൂത്തുകളിൽ നിന്ന് അകന്ന് നിൽക്കുകയാണ് നമുക്ക് ചെയ്യാവുന്നത്. പുരോഗമനപരമായൊരു സമൂഹത്തിൽ ഇമ്മാതിരി കൂതറകൂത്തുകൾ പ്രോത്സാഹിപ്പിക്കാനേ പാടില്ലാത്തതാണ്. ആ സമയം വല്ല വെസ്റ്റേൺ ഡാൻസോ സിനിമാറ്റിക് ഡാൻസോ ചെയ്യുക. ഇമ്മാതിരി വിഴുപ്പുഭാണ്ഡങ്ങൾ ചുമക്കാൻ പോകണോ എന്ന് സ്വയം തീരുമാനിക്കുകയേ നിർവാഹമുള്ളൂ….!