Tue. Nov 24th, 2026

തിരുവനന്തപുരം: പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള സോഷ്യല്‍വര്‍ക്ക് പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്താന്‍ എസ്.സി.ഇ.ആര്‍.ടി.യ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ ക്ലാസുകളിലേക്ക് വേണ്ടി 2014 ല്‍ തയ്യാറാക്കിയ ‘സോഷ്യല്‍വര്‍ക്ക്’ പാഠപുസ്തകമാണ് ഇപ്പോഴും നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷമായി വിദ്യാലയങ്ങളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പാഠപുസ്തകത്തിലെ പ്രസ്തുത പാഠഭാഗത്തിലെ പിശക് ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍തന്നെ വേണ്ട തിരുത്തലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.



കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ മാത്രമാണ് നാം ഉപയോഗിച്ചിരുന്നത്. കുട്ടികള്‍ക്ക് മാതൃഭാഷയില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് 2014ല്‍ ഇംഗ്ലീഷ് മാധ്യമത്തില്‍ തയാറാക്കിയ പാഠപുസ്തകങ്ങള്‍ യാതൊരു മാറ്റവും വരുത്താതെ 2019 ൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

ഇത്തരത്തില്‍ തയ്യാറാക്കിയ എല്ലാ മലയാളം പാഠപുസ്തകങ്ങളും എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റിലാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പാഠപുസ്തകം 2019ല്‍ തയാറാക്കിയതാണെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും മലയാളത്തിലാക്കുക മാത്രമാണ് 2019ല്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു.