ജസ്റ്റിസ് ബി.എച്ച് ലോയയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. ഗൂഢലക്ഷ്യങ്ങളുള്ള ഹർജികൾ നിരുത്സാഹപ്പെടുത്തണമെന്നും ഹർജി തള്ളി കൊണ്ട് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്. ലോയയുടെ സഹവർത്തികളായിരുന്ന നീതിന്യായ ഉദ്യോഗസ്ഥരുടെ മൊഴികളെ സംശയത്തിന്റെ നിഴലിൽ നിറുത്താൻ തങ്ങൾക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
സാമൂഹിക പ്രവർത്തകൻ തെഹ്സീൻ പൂനാവാല, മഹാരാഷ്ട്രയിലെ മാദ്ധ്യമ പ്രവർത്തകനായ ബി.എസ് ലോൺ എന്നിവരുൾപ്പെട്ട സംഘമാണ് ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ അടക്കം പല ഉന്നതരും ഉൾപ്പെട്ട കേസായതിനാൽ ജുഡീഷ്യറിയിൽ നിന്നു പോലും അട്ടിമറി ശ്രമങ്ങൾ ഉണ്ടാകുന്നതായി കാണിച്ചാണ് സ്വതന്ത്ര അന്വേഷണത്തിന് ഹർജി നൽകിയത്. എന്നാൽ മഹാരാഷ്ട്ര സർക്കാർ കോടതിയിൽ ഇതിനെ എതിർക്കുകയായിരുന്നു. ഒരാളെ മാത്രം ഉന്നം വച്ചുള്ളതാണ് ഇത്തരം ഹർജികളെന്ന് സർക്കാർ കോടതിയിൽ വാദിച്ചു.
വ്യാജ ഏറ്റുമുട്ടൽ കേസിൽ കൊല്ലപ്പെട്ട ഷൊറാബുദ്ദീൻ ഷെയ്ക്കിന്റെ കേസ് പരിഗണിക്കുന്ന ജഡ്ജിയായിരുന്നു ബി.എച്ച്.ലോയ. കേസിനിടയിൽ 2014 ഡിസംബർ ഒന്നിനാണ് ദുരൂഹ സാഹചര്യത്തിൽ ലോയ മരിക്കുന്നത്. ഹൃദയ സ്തംഭനമാണെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ ലോയയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ രംഗത്തു വന്നതോടെ സംഭവം വിവാദമാവുകയായിരുന്നു. എന്നാൽ പിതാവിന്റെ മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്ന പ്രസ്താവനയുമായി ലോയയുടെ മകൻ രംഗത്തെത്തുകയും ചെയ്തു.