Mon. Nov 23rd, 2026

തിരുവനന്തപുരം: വെടിക്കെട്ട് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും. സര്‍ക്കാറും ദേവസ്വം ബോര്‍ഡും അപ്പീല്‍ നല്‍കുമെന്ന് മന്ത്രി രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് പൂര്‍ണമായി വിലക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

‘വെടിക്കെട്ട് പൂര്‍ണമായി ഒഴിവാക്കി ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടത്തുക പ്രയാസകരമാണ്. ക്ഷേത്രങ്ങളും ട്രസ്റ്റികളും നടത്തുന്ന സ്ഥാപനങ്ങളില്‍ അസമയത്ത് വെടിക്കെട്ട് പാടില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. എന്നാല്‍, സമയക്രമമോ വിധിയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളോ കിട്ടിയിട്ടില്ല.’- മന്ത്രി വിശദീകരിച്ചു.

വെടിക്കെട്ട് നിരോധിച്ച നടപടിക്കെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ രംഗത്തെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവ് എല്ലാവരെയും കേട്ടിട്ടുള്ളതല്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ആരോപിച്ചു. മതപരമായ കേന്ദ്രങ്ങളില്‍ നിരോധിച്ചിട്ട് മറ്റിടങ്ങളില്‍ അനുവദിക്കുന്നത് തുല്യനീതിയല്ല.


വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താനാകില്ലെന്ന് തിരുവമ്പാടി ദേവസ്വവും പ്രതികരിച്ചു. ഉത്തരവ് വിഡ്ഢിത്തരമാണെന്ന് വടക്കുന്നാഥന്‍ ഉപദേശക സമിതി വ്യക്തമാക്കി.

ഹൈക്കോടതിയാണ് സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉറപ്പാക്കണമെന്നായിരുന്ന കോടതി നിര്‍ദേശം.

മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അമിത് റാവല്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായായിരുന്നു ഉത്തരവ്.