Fri. Nov 20th, 2026

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് വീണ്ടും അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് വിജ്ഞാപനം പുറത്തിറക്കിയത്.

വധശ്രമക്കേസില്‍ കുറ്റക്കാരനെന്നുള്ള വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് എം പി അംഗത്വം റദ്ദാക്കിയത്. ഹൈക്കോടതിയുടെ പുതിയ ഉത്തരവനുസരിച്ച് മുഹമ്മദ് ഫൈസല്‍ അടക്കമുളള പ്രതികള്‍ തത്കാലം ജയിലില്‍ പോകേണ്ടതില്ലെങ്കിലും കുറ്റക്കാരായി തുടരും. ഇത് രണ്ടാം പ്രാവശ്യമാണ് മുഹമ്മദ് ഫൈസലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്.


വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചതോടെയാണ് ഫൈസലിനെ ആദ്യം അയോഗ്യനാക്കിയിരുന്നത്. പിന്നീട് സുപ്രീം കോടതിയെ സമീപിച്ച ഫൈസല്‍ വിധിക്ക് സ്റ്റേ നേടി. ഇതേ തുടര്‍ന്ന് എം പി സ്ഥാനം പുനഃസ്ഥാപിച്ചു. കേസ് പിന്നീട് പരിഗണിച്ച ഹൈക്കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്യാന്‍ തയ്യാറായില്ല. ഇതോടെയാണ് ഉത്തരവുമായി ലോക്‌സഭാ സെക്രട്ടേറിയറ്റ് രംഗത്തെത്തിയത്.