Tue. Nov 24th, 2026

✍️ ലിബി. സിഎസ്

ഉദയനിധി സ്റ്റാലിൻ ഉയർത്തിവിട്ട സനാതന ചർച്ചയുടെ ഭാഗമായി സണ്ണി എം കപിക്കാട് ഉന്നയിച്ച ‘കർമ്മം കൊണ്ട് ബ്രാഹ്മണൻ ആയ ഒരാളെ ഇന്ത്യയ്ക്കകത്ത് കാണിച്ചു തരാമോ?’ എന്ന വളരെ പ്രസക്തമായ ഒരു ചോദ്യത്തിന് ചില സംഘികളും അവരെക്കൂടാതെ കഴിഞ്ഞ നൂറ്റാണ്ടിലോ മറ്റോ ജനിക്കേണ്ടിയിരുന്ന ചില നിഷ്‌കളങ്ക ശ്ലോകാഭിമാനികളും കർമ്മം കൊണ്ട് ബ്രാഹ്മണരായ ചിലരുടെയെല്ലാം പേരെഴുതിയും ശ്ലോകം ചൊല്ലിയും വ്യാഖ്യാനിച്ചുമൊക്കെ ചില പോസ്റ്റുകൾ ഇട്ടിരിക്കുന്നത് കണ്ടു. അതിലെല്ലാത്തിലും ഉള്ള ഒരു പേര് ശ്രീനാരായണ ഗുരുവിന്റേതാണ്.

ഈ തിരിച്ചും മറിച്ചും ശ്ലോകം ചൊല്ലുന്നതും റബ്ബർ പോലെ അർത്ഥം വലിച്ചുനീട്ടുന്നതുമൊക്കെ മുൻപ് പാണ്ഡിത്യത്തിൻറെ അളവുകോലായി കരുതിയിരുന്നു. അത്തരം ശ്ലോകാഭിമാനികളുടെ ഒരു രാജ്യമായിരുന്നു ഇൻഡ്യ. അത്തരത്തിലെ ഒരു വലിയ ശ്ലോകാഭിമാനിയായിരുന്നു ഗാന്ധിജിയും. അതുകൊണ്ടണ് നാരായണഗുരുവിന് ‘ജാതി പ്രകൃതി സുഷ്ടിയാണെന്ന്’ പറഞ്ഞ ഗാന്ധിജിയോട് ‘ജാതി മനുഷ്യനിർമ്മിതമാണ്’ എന്ന വളരെ സിംപിൾ ആയ ഒരു കാര്യം പറഞ്ഞു മനസിലാക്കാൻ രാവിലെ മുതൽ വൈകുന്നേരം വരെ ശ്ലോകം ചൊല്ലി തർക്കിക്കേണ്ടി വന്നത്. എന്നിട്ടും അദ്ദേഹത്തിന് അത് മനസിലായില്ല എന്ന് അന്ന് വൈകുന്നേരവും പിന്നീട് കന്യാകുമാരി ക്ഷേത്രത്തിൽ വെച്ചും അതിന് ശേഷം പല സന്ദർഭങ്ങളിലെ അദ്ദേഹത്തിൻറെ പ്രവർത്തികളിൽ നിന്നും നമുക്ക് മനസിലാക്കാവുന്നതാണ്.

പിന്നീട് ഗാന്ധിജി വീണ്ടും വിനോബാ ഭാവേയെ ശിവഗിരിയിലേക്കയക്കുന്നതും വിനോബാ ഭാവേയുമായി ഗുരു തർക്കിച്ചതിൽ ക്ഷുഭിതനായി അദ്ദേഹം ഉച്ചക്ക് തന്നെ പിണങ്ങിപ്പോയെന്നും താനാണ് വർക്കല റെയിൽവേ സ്റ്റേഷനിൽനിന്നും വണ്ടി കയറ്റി വിട്ടതെന്നും നടരാജ ഗുരുവും വിവരിക്കുന്നുണ്ട്.


എന്തായാലും ജാതിയില്ലാത്തയാളോ അല്ലെങ്കിൽ ഇവരുടെ ഭാഷയിൽ കർമ്മ ബ്രാഹ്മണനോ ആയ നാരായണഗുരു ചരിത്രത്തിൽ സമുദായ പരിഷ്കർത്താവും ഇത്രയും വലിയ വിവരദോഷം പറഞ്ഞയാൾ ചരിത്രത്തിൽ ‘മഹാത്മാ ഗാന്ധി’യും ആയിത്തീർന്നത് ഗുരു ബ്രാഹ്മണൻ ആയതുകൊണ്ടായിരിക്കുമെന്ന് വിചാരിക്കാം. അത് ഗാന്ധിജിയുടെ കുഴപ്പമല്ല. അങ്ങനെ പറയുന്ന ശ്ലോകങ്ങളാണ് സംസ്കൃത സാഹിത്യം മുഴുവൻ.
ഇത്തരം ശ്ലോകാഭിമാനികൾക്കിടയിൽ ചില ശ്ലോകങ്ങൾ ചൊല്ലി തർക്കിച്ചും സ്വന്തമായി ചില സംസ്കൃത ശ്ലോകങ്ങളൊക്കെ സൃഷ്ടിച്ചുമൊക്കെയാണ് നാരായണ ഗുരുവും പിടിച്ചുനിന്നത്. ചരിത്രം പരിശോദിച്ചാൽ ഇത്തരം ശ്ലോകാഭിമാനികൾ ഈ നാടിന് ഉണ്ടാക്കിവെച്ചിട്ടുള്ള കെടുതികൾ ചില്ലറയല്ല.
എന്നാൽ ഇന്ന് വിവരസാങ്കേതികവിദ്യ ഇത്രയും വളർന്ന ഈ ശാസ്ത്രയുഗത്തിൽ ശ്ലോകവും ചൊല്ലി വേദാന്തവും പറഞ്ഞിരിക്കുന്നതിൽ പരം വിവരക്കേട് വേറൊന്നുമില്ല.

ഇന്ന് നാം പഠിച്ചാൽ നാരായണ ഗുരുവിൽപ്പോലും ഒരുപാട് ശാസ്ത്രവിരുദ്ധതയും സ്ത്രീവിരുദ്ധതയുമൊക്കെ കണ്ടെത്താനാവും. അതെല്ലാം അദ്ദേഹം ജീവിച്ച കാലഘട്ടവും അദ്ദേഹം ഇടപെട്ട മേഖലകളുമായി മാത്രം ബന്ധപ്പെടുത്തിയേ കാണേണ്ടതുള്ളൂ (മാത്രവുമല്ല ഇതെല്ലം എഴുതിയിട്ടുള്ളതും അദ്ദേഹം ജാതിയും മതവും എല്ലാം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുന്ന 1916 ന് ശേഷമല്ല താനും) എന്നതിനാൽ ശ്ലോക ചർച്ചയ്ക്ക് ഞാൻ മുതിരുന്നില്ല. നാരായണഗുരുവിനെ എപ്പോഴായിരുന്നു സനാതനികൾ ബ്രാഹ്മണനായി അംഗീകരിച്ചത് എന്ന് മാത്രം പറഞ്ഞാൽ മതി.

നാരായണ ഗുരു 1856, ഓഗസ്റ്റ് 20 മുതൽ 1928 സെപ്റ്റംബർ 20 വരെയാണ് ജീവിച്ചത്. 1888 മുതലാണ് അദ്ദേഹം അറിയപ്പെട്ടു തുടങ്ങിയത്. ഈ കാലഘട്ടത്തിൽ എപ്പോഴാണിവർ അദ്ദേഹത്തെ ബ്രാഹ്മണനാക്കിയത്? 1888ലെ നാരായണന്റെ ധിക്കാര പ്രതിഷ്ഠയെക്കുറിച്ചുള്ള വാർത്ത വളരെ വേഗത്തില്‍ തന്നെ അന്നത്തെ കന്യാകുമാരി മുതല്‍ ഗോകര്‍ണംവരെയുള്ള മലയാള നാട്ടില്‍ വാമൊഴി വാര്‍ത്താ വിതരണം നടക്കുകയുണ്ടായി. കാതങ്ങളും മൈലുകളും അപ്പുറത്തുള്ള തുളുനാട്ടിലെ ബ്രാഹ്മണര്‍ക്കിടയിലേക്ക് പോലും ‘അരുവിപ്പുറത്തെ നാരായണന്റെ ധിക്കാരപ്രതിഷ്ഠ’യെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും ചേര്‍ന്ന വാര്‍ത്ത എത്തിയത് വിവരവിതരണ ഉപാധികള്‍ ഒട്ടുമില്ലാത്ത അക്കാലത്ത് കേവലം രണ്ടാഴ്ച മാത്രം കൊണ്ടായിരുന്നു എന്നതില്‍ നിന്നുതന്നെ അതെത്രമാത്രം തീവ്രവേഗതയില്‍ സഞ്ചരിച്ച ഒരു വാര്‍ത്തയായിരുന്നു എന്ന് നമുക്ക് ഊഹിക്കാവുന്നതാണ്.


അന്ന് അരുവിപ്പുറത്ത് നാരായണഗുരു നടത്തിയ പ്രതിഷ്ഠ ‘ശിവന്റേതല്ല’ എന്നും, അബ്രാഹ്മണനും അവര്‍ണനുമായ അദ്ദേഹത്തിന് ശിവപ്രതിഷ്ഠ നടത്തുവാന്‍ അധികാരവും അവകാശവും ഇല്ലെന്നുമുള്ള വാദഗതികള്‍ ഉന്നയിച്ചുകൊണ്ടാണ് അന്ന് സവര്‍ണര്‍ രംഗത്തുവന്നത് അല്ലാതെ ബ്രഹ്മാനായി അംഗീകരിക്കുക ആയിരുന്നില്ല. ഈഴവന് എന്താണ് പ്രതിഷ്ഠിക്കാൻ അധികാരം എന്നാണവർ ചോദിച്ചത്. ഇവരുടെ ലിസ്റ്റിലുള്ള മറ്റൊരു കർമ്മ ബ്രാഹ്മണൻ ചട്ടമ്പി സ്വാമി ഉൾപ്പെടെ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് എതിരായിരുന്നു.

പിന്നീട് കുറേക്കാലം കഴിഞ്ഞു നാരായണ ഗുരുവിനെ കർമ്മം കൊണ്ട് ബ്രാഹ്മണനായി അംഗീകരിച്ചത് കൊണ്ടായിരിക്കും അദ്ദേഹത്തെ വൈക്കത്ത് വെച്ച് ഈഴവനാണ് എന്ന ഒറ്റക്കാരണത്താൽ റിക്ഷാ വണ്ടിയിൽ നിന്നും ഇറക്കി നടത്തിച്ചത് അല്ലേ?

1916 ൽ പത്ര പ്രസ്താവന ഇറക്കി ജാതിയും മതവും എല്ലാം അദ്ദേഹം സ്വയം ഉപേക്ഷിച്ചിട്ടും 1925 ലും അതായത്‌ മരിക്കുന്നതിന് മൂന്ന് വർഷം മുൻപും അദ്ദേഹത്തിൻറെ ജാതിപോയില്ല എന്നതിൻറെയും ബ്രാഹ്മണൻ ആയില്ല എന്നതിന്റെയും തെളിവാണ് പുന്നശ്ശേരി നീലകണ്‌ഠ ശര്മ്മാവ് എന്ന പുന്നശ്ശേരി നമ്പി അധ്യക്ഷനായ വൈക്കം ക്ഷേത്രപ്രവേശന കമ്മറ്റി റിപ്പോർട്ട്.
അതിൽ നാരായണഗുരുവിന് കൊടുത്തിരിക്കുന്ന പേരാണ് “ചണ്ഡാള പ്രമുഖൻ”


1888 ൽ ശിവനെ പ്രതിഷ്ഠിച്ച 1916 ൽ ജാതിയും മതവും എല്ലാം ഉപേക്ഷിച്ച നാരായണഗുരു 1925 ലും സനാതനികൾക്ക് ചണ്ഡാളൻ തന്നെയായിരുന്നു എന്ന് സാരം. പിന്നീട് മൂന്ന് വർഷം കൂടിയേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ, ആ മൂന്നു വർഷത്തിനിടെയിലും സവർണ്ണ സനാതനികളും ഈഴവ സനാതനികളും കൂടി അദ്ദേഹത്തെ നിർത്തിപ്പൊരിക്കുകയായിരുന്നു, ബ്രാഹ്മണൻ ആക്കുക ആയിരുന്നില്ല, അതല്ല ഇനി വല്ല മരണാനന്തര ബഹുമതിയുമാണോ നാരായണഗുരുവിന്റെ ബ്രാഹ്മണ പട്ടം?

അങ്ങനെയാണല്ലോ ഗീത ഉൾപ്പെടെയുള്ള സകല സ്മൃതികളും പറയുന്നത്?
കഴിഞ്ഞ ജന്മത്തെ സദ്പ്രവർത്തികളുടെ ഫലമാണ് ഈ ജന്മത്തെ ബ്രാഹ്‌മണ ജനനം എന്ന്? അതും അങ്ങോട്ട് ശരിയാവില്ല, കഴിഞ്ഞ ജന്മത്ത് ദുഷ്പ്രവർത്തികൾ ചെയ്ത് നമ്മുടെകൂടെ വന്ന് നാരായണനായി ജനിച്ച അദ്ദേഹം സുരേഷ് ഗോപിയെ പോലെ അടുത്ത ജന്മത്ത് ബ്രാഹ്മണൻ ആകാൻ ഈഴവന്റെ സ്വധർമ്മം അനുഷ്ഠിച്ച് ജീവിച്ചയാളുമല്ല.