ന്യൂഡല്‍ഹി: ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന് തയ്യാറെടുക്കുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ സാധ്യയമായതായി ഐഎസ്ആര്‍ഒ. 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും പ്രദാന്‍ എന്ന് പേരിട്ട ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ട്. അതിനാല്‍ ചന്ദ്രയാന്‍ 3 യില്‍ പ്രത്യേകം ഓര്‍ബിറ്റര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
വിക്രം ലാന്ററുമായുള്ള ഐഎസ്ആര്‍ഒയുടെ മിഷന്‍ ഓപ്പറേറ്റര്‍ കോംപ്ലക്സിന്റെ ആശയവനിമിയങ്ങള്‍ ഈ ഓര്‍ബിറ്റര്‍ വഴിയായിരിക്കും. ആശയവിനിമയ ബന്ധം സ്ഥാപിച്ച വിക്രം ലാന്ററിന് ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ സ്വാഗത സന്ദേശം അയച്ചതായി ഐഎസ്ആര്‍ഒ എക്സ് പോസ്റ്റില്‍ പറഞ്ഞു. ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിങ് ഓഗസ്റ്റ് 23 ബുധനാഴ്ച 5.20 ന് ആരംഭിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.ലാന്റിങിന് മുമ്പ് വിക്രം ലാന്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ ഇന്ന് പുറത്തുവിട്ടിരുന്നു.
Chandrayaan-3 Mission:
‘Welcome, buddy!’
Ch-2 orbiter formally welcomed Ch-3 LM.Two-way communication between the two is established.
MOX has now more routes to reach the LM.
Update: Live telecast of Landing event begins at 17:20 Hrs. IST.#Chandrayaan_3 #Ch3
— ISRO (@isro) August 21, 2023
‘ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ ചന്ദ്രയാന്‍ ലാൻഡിങ് തല്‍സമയം കാണാം’; മന്ത്രി ആർ.ബിന്ദു
തിരുവനന്തപുരം : ചന്ദ്രയാന്‍ 3 ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ തത്സമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ആർ.ബിന്ദു അറിയിച്ചു. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ഓഗസ്റ്റ് 23ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്തു വരെയാണ് പരിപാടി. 6.04ന് ലൂണാര്‍ ലാന്‍ഡിങ്ങിന്റെ ദൃശ്യങ്ങള്‍ വലിയ സ്ക്രീനില്‍ കാണാൻ ഇത് അസുലഭാവസരമായിരിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും മ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന് ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടത്തുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ കര്‍ട്ടന്‍ റെയ്സര്‍ പരിപാടിയായി മൂണ്‍ സെല്‍ഫി പോയിന്റും ഇതോടനുബന്ധിച്ച് സജ്ജമാക്കും. ‘നൈറ്റ് അറ്റ് ദി മ്യൂസിയം’ പരിപാടിയുടെ ഭാഗമായി രാത്രി പത്തു വരെ വാനനിരീക്ഷണ സൗകര്യം ബുധനാഴ്ചയുണ്ടാവും.
മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് ഡോ.എം.സി.ദത്തന്‍, ഗവേഷകരായ ഡോ.അശ്വിന്‍ ശേഖര്‍, ഡോ.വൈശാഖന്‍ തമ്പി എന്നിവര്‍ ചാന്ദ്രദൗത്യത്തെപ്പറ്റി സംസാരിക്കും. പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് അവർ മറുപടി നല്‍കുകയും ചെയ്യുമെന്നും മന്ത്രി ബിന്ദു അറിയിച്ചു.


