തിരുവനന്തപുരം: മൂന്നാംവട്ടവും കേരളത്തിൽ സി.പി.എം അധികാരത്തിൽ വന്നാൽ ബംഗാളിലെ പോലെ പാർട്ടി നശിക്കുമെന്ന് കവിയും കേരള സാഹിത്യ അക്കാഡമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ പറഞ്ഞു. തുടർച്ചയായി രണ്ടു തവണ അധികാരത്തിലേറുമ്പോൾ പാർട്ടിക്ക് ധാർഷ്ട്യമേറും. മൂന്നാംതവണയും അധികാരത്തിൽ വന്നാൽ അത് നാശത്തിലേക്ക് നയിക്കും. ബംഗാളിൽ അത് കണ്ടതാണെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പാർട്ടിയെ നാശത്തിൽ നിന്ന് തടയാനായി മൂന്നാംതവണയും അധികാരത്തിൽ വരാതിരിക്കാൻ സഖാക്കൾ പ്രാർത്ഥിക്കണമെന്നും സച്ചിദാനന്ദൻ ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളിൽ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മൂന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ എന്റെ സഖാക്കളോട് പറഞ്ഞു കൊണ്ടിരിക്കുന്നു. അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക, കാരണം അത് പാർട്ടിയുടെ അവസാനമായിരിക്കും. സച്ചിദാനന്ദൻ പറഞ്ഞു.
യു,എ,പി.എ ചുമത്തൽ, മാവോയിസ്റ്റ് വേട്ട ഉൾപ്പെടെയുള്ള കേരളത്തിലെ പൊലീസ് സംവിധാനത്തോട് വിയോജിപ്പുണ്ട്. ഗ്രോ വാസുവിനോടുള്ള പൊലീസ് സമീപനം ഒരിക്കലും ഒരു ഇടതുപക്ഷ സർക്കാർ സ്വീകരിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേബം ചൂണ്ടിക്കാട്ടി. പൊലീസിലെ ആർ.എസ്.എസ് പക്ഷമാണ് ഇതിന് പിന്നിലെന്നാണ് ഇടതുപക്ഷത്തിന്റെ ന്യായീകരണം. അത് എന്തു തന്നെയായാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


