Mon. Nov 23rd, 2026

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭാഷാ വിവര്‍ത്തന പ്ലാറ്റ്ഫോമായ ഭാഷിണി എല്ലാ ഭാഷകളിലും ലഭ്യമാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യ വികസിപ്പിച്ച ഭാഷാ വിവര്‍ത്തന ഉപകരണമാണ് ഭാഷിണി. ജി20 ഡിജിറ്റല്‍ ഇക്കോണമി യോഗത്തിലാണ് ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ചയെ പറ്റി പ്രധാനമന്ത്രി പരാമര്‍ശിച്ചത്.

ഈ ഭാഷാ വിവര്‍ത്തന ഉപകരണം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന എല്ലാ ഭാഷകളിലേക്കും ഭാഷിണി എത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ ഡിജിറ്റല്‍ പുരോഗതിയെയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇന്ത്യയുടെ ഭാഷിണി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഡിജിറ്റല്‍ മേഖലയില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് മോദി പറഞ്ഞു.

ഏത് കാര്യത്തിനുമുള്ള പരിഹാരത്തിന് ഇന്ത്യ നല്ലൊരു പരീക്ഷണ ശാലയാണെന്ന് മോദി പറഞ്ഞു. ഇന്ത്യയില്‍ വിജയിക്കുന്ന ഏതൊരു കാര്യവും ലോകത്തെവിടെയും വിജയിക്കുമെന്നും മോദി പറഞ്ഞു. ഡിജിറ്റല്‍ ഇക്കോണമി വര്‍ക്കിംഗ് ഗ്രൂപ്പ് മിനിസ്റ്റേഴ്സ് മീറ്റിനെ വിര്‍ച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ ഡാറ്റാ നിരക്കുകളാണ് ഇന്ത്യയിലുള്ളത്. ഇന്ന് രാജ്യത്ത് 85 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്. അവര്‍ക്കെല്ലാം കുറഞ്ഞ നിരക്കിലാണ് ഡാറ്റ ലഭ്യമാവുന്നതെന്നും മോദി പറഞ്ഞു.


രാജ്യത്തെ എല്ലാ വിഭാഗം ആളുകള്‍ക്കും സാമ്പത്തിക പുരോഗതി ഉണ്ടാക്കാനായി ഇന്ത്യ സാങ്കേതികവിദ്യയെ എങ്ങനെ ആശ്രയിച്ചു എന്നും മോദി വ്യക്തമാക്കി. രാജ്യത്തെ 130 കോടി ജനങ്ങളെയും ആധാറുമായി ബന്ധിപ്പിച്ചു. ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ ബന്ധിപ്പിക്കല്‍ എന്നിവയിലൂടെ ഇന്ത്യയില്‍ എല്ലാ വിഭാഗം ആളുകളുടെയും പുരോഗതിയെ പുതിയൊരു പാതയിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം.

മാനവികത നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഒരു പരിസ്ഥിതിയെ രൂപപ്പെടുത്തിയെടുക്കണമെന്നും മോദി നിര്‍ദേശിച്ചു. സഹകരണവും, നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ അത് സാധ്യമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.