Sun. Nov 1st, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടുള്ള കുടിപ്പക തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ കുടുംബാംഗങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അടിസ്ഥാന രഹിതമായ ആരോപണമാണു വീണക്കെതിരെ ഉന്നയിക്കുന്നത്. വീണ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്നു. ആസ്ഥാപനം സേവനം നല്‍കുന്നതിനു പണം വാങ്ങുന്നതില്‍ എന്താണു തെറ്റ്.


എന്തോ പകവച്ചാണു ചിലര്‍ പെരുമാറുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ ഐ ടി മേഖലയില്‍ കണ്‍സള്‍ട്ടന്‍സി സേവനം നല്‍കുന്നതു സാധാരണമാണ്. വാങ്ങിയ കാശിനു ടാക്‌സ് നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം രേഖയുണ്ട്. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ കുടുംബാംഗങ്ങളെ വ്യക്തിഹത്യ ചെയ്യാന്‍പാടില്ല. കണ്‍സള്‍ട്ടന്‍സികള്‍ ഇന്റലക്ച്വല്‍ രംഗത്തു നിരവധി സേവനങ്ങള്‍ ചെയ്യുന്നു. വീണ നികുതി നല്‍കിയതിനു രേഖയുണ്ട്. ഇതിനേക്കാള്‍ വലിയ രേഖ എന്താണ്.

മാധ്യമങ്ങള്‍ തെറ്റായ പ്രവണതകളില്‍ നിന്നു പിന്‍വാങ്ങണം. മുഖ്യമന്ത്രിയെ എതിര്‍ക്കാന്‍ തെറ്റായ വഴി സ്വീകരിക്കരുത്. 2017 ലെ കരാര്‍ ഉയര്‍ത്തിയാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. രാഷ്ട്രീയ വിരോധം കുടുംബത്തെ തകര്‍ക്കാന്‍ ഉപയോഗിച്ചാല്‍ ജനങ്ങള്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിയും. കുടിപ്പക തീര്‍ക്കാന്‍ തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതു മാധ്യമപ്രവര്‍ത്തന രംഗത്തു നല്ല പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു.