മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തെ ‘ചത്തു’ എന്ന് പ്രയോഗിച്ചതിന് കേസെടുത്ത് പൊലീസ് കോമഡികാണിക്കുകയും വിനായകനെതിരെ കേസ് വേണ്ടെന്ന പ്രതികരണവുമായി മകൻ ചാണ്ടി ഉമ്മൻ രംഗത്ത് വരികയും മാധ്യമങ്ങൾ വലിയ ഔദാര്യമായി അത് കൊട്ടിഘോഷിക്കുകയും ചെയ്ത സംഭവത്തിൽ മറുപടിയുമായി വിനായകൻ. തനിക്കെതിരെ കേസ് എടുക്കൂ എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വിനായകൻ പ്രതികരിച്ചത്. ‘വിനായകനെതിരെ കേസ് വേണ്ട’ എന്ന ചാണ്ടി ഉമ്മന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു വിനായകൻറെ പ്രതികരണം.
മൂന്ന് ദിവസമായി ഒരു മരണം മാർക്കറ്റ് ചെയ്ത മാധ്യമങ്ങളോട് “എന്റെ അഛൻ ചത്തു, നിങ്ങളുടെ അച്ഛനും ചത്തു, ഉമ്മൻ ചാണ്ടിയും ചത്തു, മനുഷ്യരായാൽ എല്ലാവരും ചാകും….” എന്ന പ്രതികരണം നടത്തിയതിനാണ് പോലീസ് കേസ് എടുക്കുകയും വിനായകൻറെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തത്. ഈ സ്റ്റേറ്റ്മെന്റിന് കേസെടുത്താൽ കോടതിയിൽ നിലനിൽക്കില്ല എന്നറിയാമെങ്കിലും കേസ് വേണ്ടെന്ന ചാണ്ടിപുത്രന്റെ പ്രസ്താവനയേയും എന്തോവലിയ മഹാമനസ്കതയും ഔദാര്യവുമായി കൊട്ടിഘോഷിച്ചു പിആർ വർക്കിനിറങ്ങിയ മാധ്യമങ്ങൾക്കുള്ള മറുപടികൂടിയാണ് വിനായകൻറെ ‘എനിക്കെതിരെ കേസ് വേണം’ എന്ന പ്രസ്താവന.
എന്നാൽ രാജാവ് നാടുനീങ്ങിയതിനെ ചത്തെന്ന് പ്രയോഗിച്ചതിനെതിരെ ഗാന്ധിശിഷ്യന്മാരയ രാജഭക്തർ നടന്റെ കൊച്ചിയിലെ ഫ്ളാറ്റിന് നേരെയുള്‍പ്പെടെ ശവമടക്ക് ദിവസം തന്നെ കല്ലെറിയുകയുണ്ടായി. സംഭവ സ്ഥലത്ത് എത്തിയ പൊലീസും ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് അക്രമികളെ പിടിച്ചുനീക്കിയത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വിനായകന് ആദ്യം പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.


